

കോഴിക്കോട്: പലിശരഹിത സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ സാധ്യതയുണ്ടെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഇന്‍ഫാക് സസ്റ്റയ്‌നബ്ള്‍ ഡവലപ്‌മെന്റ് സൊസൈറ്റി വാഴയൂരിലെ സാഫി ക്യാംപസില്‍ സംഘടിപ്പിച്ച ഇന്ററസ്റ്റ് ഫ്രീ മൈക്രോ ഫിനാന്‍സ് ആന്റ് സസ്റ്റയ്‌നബ്ള്‍ ഡവലപ്‌മെന്റ് ദേശീയ സെമിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാപാര വ്യവസായ മേഖലയില്‍ പണം നിക്ഷേപിച്ച് ലാഭവിഹിതം നല്‍കാന്‍ കഴിയുന്ന നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കും. ഇസ്ലാമിക് ബാങ്കിങ്, ഇസ്‌ലാമിക് ഫിനാന്‍സ് എന്നെല്ലാമുള്ള സാമ്പത്തിക രീതിശാസ്ത്രം ലോകം അംഗീകരിച്ചതാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ അതിനോട് ചിലര്‍ക്ക് അലര്‍ജിയാണ്. അത്തരക്കാര്‍ ആ പദങ്ങള്‍ ഉപയോഗിക്കണമെന്നില്ല. അവര്‍ പലിശരഹിത സാമ്പത്തിക വ്യവസ്ഥ എന്ന് പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.


സി എന്‍ അഹമ്മദ് മൗലവിയുടെ ഇസ്ലാമിലെ ധനവിതരണ പദ്ധതി എന്ന പുസ്തകവും ഡോ. നജാത്തുല്ലാ സിദ്ധീഖിയും ബാങ്കിംഗ് വിത്തൗട്ട് ഇന്ററസ്റ്റ് എന്ന പുസ്തകവും ഈ വിഷയത്തിലെ ആദ്യകാല രചനകളാണ്. ഇന്നിപ്പോള്‍ ഈ രംഗത്ത് ധാരാളം ഗവേഷണങ്ങളും സ്ഥാപനങ്ങളും വന്നു കഴിഞ്ഞു.
വഖഫ് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ മുസ്ലിം ജമാഅത്തും ചേരമാന്‍ ഫിനാന്‍സും ബി ഒ ടി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ജൂബിലി മാള്‍ നല്ലൊരു മാതൃകയാണ്. മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക് പലിശരഹിത നിക്ഷേപ വ്യവസായ സാധ്യത വളരെ വലുതാണെന്ന് പറഞ്ഞിരുന്നു. പലിശ ലഭിക്കും എന്ന വാഗ്ദാനത്തെക്കാള്‍ പലിശ ഉണ്ടാവില്ല, ബിസിനസിലെ യഥാര്‍ഥ ലാഭവിഹിതം ലഭിക്കും എന്ന് ബോധ്യപ്പെടുത്തിയാല്‍ കൂടുതല്‍ നിക്ഷേപകര്‍ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ, പിന്നീട് ഈ രംഗത്ത് കാര്യമായ ശ്രമങ്ങളുണ്ടായില്ല. അതിനാല്‍ പലിശ രഹിത സാമ്പത്തിക ശാസ്ത്രം പഠിച്ച വിദഗ്ധരും പണ്ഡിതന്മാരും വ്യവസായികളും സര്‍ക്കാര്‍ ഏജന്‍സികളും ബാങ്കിംഗ് രംഗത്തെ പ്രമുഖരും ഒന്നിച്ചിരുന്ന് പുതിയ പദ്ധതികളുണ്ടാക്കണമെന്നും ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

ഡല്‍ഹിയിലെ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ സി ഇ ഒയും പലിശ രഹിത സാമ്പത്തിക വിദഗ്ധനുമായ അജയ് മഹാന്‍, ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സ് (ഡല്‍ഹി) സെക്രട്ടരി അബ്ദു റഖീബ്, ഡോ. ശാരിഖ് നിസാര്‍ മുംബൈ, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമ്പത്തിക സ്ഥാപന പ്രതിനിധികളും വിഷയമവതരിപ്പിച്ച് സംസാരിച്ചു.
പി മുജീബുറഹ്മാന്‍, ഒ അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. ഹുസൈന്‍ മടവൂരിന് സെമിനാറിന്റെ ഉപഹാരം സാഫി കേമ്പസ് ഡയരക്ടര്‍ പ്രൊഫസര്‍ ഇമ്പിച്ചിക്കോയ സമര്‍പ്പിച്ചു.

