
ദോഹ: ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ യു എസ്- ഇസ്രായേല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തറിലെ സ്ഥിതി സ്ഥിരവും സുരക്ഷിതവുമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ആഭ്യന്തര സുരക്ഷാ നിലയില്‍ ആശങ്കയ്ക്ക് ഇടയാക്കുന്ന യാതൊരു സൂചനയും നിലവിലില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ട എല്ലാ ഏജന്‍സികളുമായി ഏകോപനം നടത്തി ഏകീകൃത പ്രവര്‍ത്തന സംവിധാനത്തിലൂടെ ഇരുപത്തിനാലു മണിക്കൂറും സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരുന്നതായി മന്ത്രാലയം വ്യക്തമാക്കി. പൊതുസുരക്ഷ സംരക്ഷിക്കുക, പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കുക, സേവനങ്ങള്‍ തടസമില്ലാതെ തുടരുക എന്നിവയാണ് ഈ നടപടികളുടെ ലക്ഷ്യം.

ഔദ്യോഗികമായി അംഗീകൃത ഉറവിടങ്ങളില്‍ നിന്നുമാത്രം വിവരങ്ങള്‍ ശേഖരിക്കുകയും അഭ്യൂഹങ്ങളെയും അജ്ഞാത സന്ദേശങ്ങളെയും അവഗണിക്കുകയും ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
സ്ഥിരീകരിക്കാത്ത വാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കുകയും പുതിയ വിവരങ്ങള്‍ ലഭ്യമായപ്പോള്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകള്‍ വഴി അറിയിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

