ഇറാന്റെ നടപടികള്‍ ഗള്‍ഫ് മേഖലയുടെ സുരക്ഷാ ആശങ്കകള്‍ വര്‍ധിപ്പിച്ചു: അല്‍ അന്‍സാരി

Web Desk
2 Min Read

ദോഹ: ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിടാനുള്ള ഇറാന്റെ തീരുമാനം മേഖലയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുകയും അയല്‍രാജ്യമായ ഇറാനെ ഗള്‍ഫ് രാജ്യങ്ങള്‍ വീക്ഷിക്കുന്ന രീതിയില്‍ മാറ്റമുണ്ടാക്കുകയും ചെയ്തതായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. അല്‍ അറബിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

city exchange

ഫെബ്രുവരി 28ന് ശേഷം ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിടാനുള്ള തീരുമാനം ഇറാന്‍ ഭരണകൂടം രാഷ്ട്രീയമായി ബോധപൂര്‍വം കൈക്കൊണ്ടതാണെന്നും ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനത്തിന്റെ ഭാഗമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളുമായി സാധാരണ ബന്ധം നിലനിര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്ന അയല്‍രാജ്യമായ ഇറാന്‍, ഇപ്പോള്‍ ഭീഷണിയുടെ ഉറവിടമായി മാറിയിരിക്കുകയാണെന്ന് അല്‍ അന്‍സാരി ചൂണ്ടിക്കാട്ടി. ഇറാന്റെ വിവേകരഹിതമായ നടപടികള്‍ക്കെതിരെ നിലപാടെടുക്കേണ്ട സാഹചര്യം ഇതിലൂടെ ഉണ്ടായതായും അദ്ദേഹം പറഞ്ഞു.

മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളുടെ പ്രഥമ പരിഗണന നയതന്ത്രത്തിനാണെന്ന് അല്‍ അന്‍സാരി വ്യക്തമാക്കി. യുദ്ധം തുടരുന്ന സാഹചര്യത്തിലും ഖത്തറും മറ്റു ഗള്‍ഫ് രാജ്യങ്ങളും നയതന്ത്ര ചര്‍ച്ചകള്‍ക്കും സമാധാന ശ്രമങ്ങള്‍ക്കും സജീവമായി നേതൃത്വം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

അന്താരാഷ്ട്ര മധ്യസ്ഥ ശ്രമങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വഹിക്കുന്ന പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. റഷ്യ- യുക്രെയ്ന്‍ യുദ്ധം ഉള്‍പ്പെടെയുള്ള പ്രതിസന്ധികളിലും ലാറ്റിനമേരിക്കയിലെയും ഏഷ്യയിലെയും സംഘര്‍ഷങ്ങളിലും സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനുള്ള നയതന്ത്ര ഇടപെടലുകളില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പങ്ക് പ്രകടമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാതെ നീട്ടിക്കൊണ്ടുപോകുന്നതിന്റെ പ്രത്യാഘാതങ്ങളാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നതെന്നും അല്‍ അന്‍സാരി പറഞ്ഞു.

പ്രാദേശിക സുരക്ഷാ സംവിധാനം പുനര്‍നിര്‍മിക്കുക, ഗള്‍ഫ് രാജ്യങ്ങളുടെ നേതൃത്വപരമായ പങ്ക് ശക്തിപ്പെടുത്തുക, വിശാലമായ മേഖലയിലെയും അതിനപ്പുറത്തെയും രാജ്യങ്ങളുമായി ആശയവിനിമയം തുടരുക എന്നിവയ്ക്കാണ് ഗള്‍ഫ് രാജ്യങ്ങളുടെ സമീപകാല പ്രസ്താവനകളും നിലപാടുകളും ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സാഹചര്യം താത്ക്കാലിക പ്രതിസന്ധി മാത്രമായി കണ്ട് കാലക്രമേണ ചരിത്രത്തിലെ ഒരു ചെറിയ അധ്യായമായി മാറുമെന്ന് കരുതാനാവില്ലെന്ന് അല്‍ അന്‍സാരി പറഞ്ഞു. മേഖലയുടെയും അന്താരാഷ്ട്ര സുരക്ഷയുടെയും സമാധാനത്തിന്റെയും ഭാവിയെ സ്വാധീനിക്കുന്ന സംഭവവികാസമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാധാനം കൈവരിക്കുന്നതിനുള്ള ചെലവിനെക്കുറിച്ച് പരാമര്‍ശിക്കവേ, സമാധാനം സ്ഥാപിക്കുക എന്നത് വലിയ ചെലവ് ആവശ്യപ്പെടുന്ന പ്രക്രിയയാണെന്നും അതിന്റെ ബാധ്യത ആരെങ്കിലും ഏറ്റെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വിഷയങ്ങളില്‍ സമാധാന ശ്രമങ്ങള്‍ക്കായി ഖത്തര്‍ തുടക്കം മുതല്‍ തന്നെ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അല്‍ അന്‍സാരി വ്യക്തമാക്കി. എന്നാല്‍, നയതന്ത്രത്തോടുള്ള ഖത്തറിന്റെ പ്രതിബദ്ധത രാജ്യത്തിനെതിരായ ആക്രമണം അംഗീകരിക്കുന്നുവെന്നര്‍ഥമാക്കരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!