

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഹിലാല്‍, വക്‌റ, അബൂ ഹമൂര്‍ മേഖല ദഅവ വിംഗിന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു.

അടുത്ത കാലത്തായി തത്പരകക്ഷികള്‍ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളില്‍ നിന്നും സമാധാന ജീവിതത്തില്‍ ഭയം വിതയ്ക്കുന്ന വികലമായ വിശ്വാസങ്ങളില്‍ നിന്നും മുസ്ലിം കുടുംബങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്.

ഏകദൈവ വിശ്വാസം മനുഷ്യന് പ്രദാനം ചെയ്യുന്നതും ചെയ്യേണ്ടതും നിര്‍ഭയത്വവും സമാധാനവുമാണ് എന്ന് മുജീബ് റഹ്മാന്‍ മദനി പറഞ്ഞു. പരിപാടിയില്‍ ‘നിര്‍ഭയത്വം നല്കുന്ന വിശ്വാസം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ പ്രാര്‍ഥിക്കേണ്ടത് ദൈവത്തോട് മാത്രമാണ്. മനുഷ്യ കഴിവിന് അതീതമായ വിഷയങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കേണ്ടതും ദൈവത്തിലാണ്. എന്നിരിക്കെ അഭൗതിക സൃഷ്ടികളായ ജിന്നുകളെ സഹായത്തിന് വേണ്ടി വിളിക്കാമെന്നു പറയുന്നത് ഇസ്ലാം നിരോധിച്ച ബഹുദൈവ വിശ്വാസമാണ്. മനുഷ്യ ശരീരത്തില്‍ ജിന്നുകള്‍ പ്രവേശിച്ചു രോഗങ്ങള്‍ ഉണ്ടാക്കുമെന്ന വാദം ഖുര്‍ആനിനും പ്രവാചക ചര്യക്കുമെതിരാണ്. നവയാഥാസ്ഥിതിക പണ്ഡിതന്മാര്‍ ജനങ്ങളെ ശിര്‍ക്കിലേക്കാണ് നയിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
കേരളീയ മുസ്ലിം സമൂഹത്തെ അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിപ്പിച്ചു സാമൂഹ്യ പുരോഗതി സാധ്യമാക്കിയത് ഇസ്ലാഹി പ്രസ്ഥാനമാണ് എന്ന് തുടര്‍ന്നു സംസാരിച്ച കെ എന്‍ സുലൈമാന്‍ മദനി പറഞ്ഞു. ഇസ്ലാഹ് പുതിയ ആശയമോ ചിന്തയോ അല്ല. ഇസ്ലാമിനോളം പഴക്കമുള്ളതാണ്. പ്രവാചകന്‍മാരുടെ പ്രബോധന പ്രവര്‍ത്തനങ്ങളെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് ഇസ്ലാഹ് എന്നാണ്. പ്രവാചകന്റെ കാലശേഷം സഹാബികളും താബിഉകളും ഇമാമുമാരും പണ്ഡിതരും ഈ ദൗത്യം ഏറ്റെടുത്തതിന്റെ ഫലമാണ് നാം ഇന്നനുഭവിക്കുന്നത്. ഇസ്ലാഹിന്റെ നൈരന്തര്യം ലോകാവസാനം വരെ നില നില്‍ക്കേണ്ടതുണ്ട്. ഇസ്ലാം കാലാതിവര്‍ത്തിയായ ജീവിത ദര്‍ശനമാണ്. ജീവിക്കുന്ന നാടും ചുറ്റുപാടും സാഹചര്യവുമുള്‍കൊണ്ടു ഇസ്ലാമിനെ മനസ്സിലാക്കുക എന്നതും ഇസ്ലാഹിന്റെ ഭാഗമാണ്. പുരോഗതിയും വളര്‍ച്ചയും നവോത്ഥാനവും മുസ്ലിം സമുദായത്തിന് അന്യമാവരുത്. പൂര്‍വ്വ കാലങ്ങളില്‍ അവ സാധ്യമാക്കിയത് ഇസ്ലാമിന്റെയും ഇസ്ലാഹിന്റെയും പാരസ്പര്യം മനസ്സിലാക്കിയ ദീര്‍ഘ ദൃഷ്ടിയുള്ള നമ്മുടെ പണ്ഡിതരും നേതാക്കളുമാണ്.
പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നവയാഥാസ്ഥിതിക വാദങ്ങള്‍ക്കെതിരെ ചരിത്രപരമായ ദൗത്യമേറ്റെടുത്ത് പ്രവര്‍ത്തനം കുടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടു പോകാന്‍ ഇസ്ലാഹി സെന്റെര്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മൊയ്തീന്‍ ഷാ പരിപാടി നിയന്ത്രിച്ചു. ഷാഹുല്‍ നന്മണ്ട സ്വാഗതവും അബ്ദുറഹീം ഫാറുഖി നന്ദിയും പറഞ്ഞു.

