

ദോഹ: ഇസ്ലാമിക സാമ്പത്തിക വീക്ഷണം സമ്പത്തിന്റെ വികേന്ദ്രീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതും ചൂഷണ മുക്തവുമാണെന്ന് ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥ രചയിതാവുമായ കോടമ്പുഴ അബ്ദുറഹ്മാന്‍ ബാവ മുസ്ലിയാര്‍. ‘ബിസിനസ്സ് രംഗത്തെ ധാര്‍മികത’ എന്ന വിഷയത്തെ ആസ്പദമാക്കി ദാറുല്‍ മആരിഫ് ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച സാമ്പത്തിക സെമിനാറില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്‌ലാം കൃഷി, കച്ചവടം, വ്യവസായം തുടങ്ങിയവയെ പ്രേത്സാഹിപ്പിക്കുന്നുണ്ടെന്നും വ്യക്തികള്‍ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സമ്പത്ത് പൂഴ്ത്തി വെക്കുന്നതിനെയും കൊള്ള ലാഭം കൊയ്യുന്നതിനെയും ഇസ്‌ലാം നിഷിദ്ധമാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബര്‍വ കമേഴ്‌സ്യല്‍ അവന്യൂ പൂനെ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ഖത്തറിലെ പ്രമുഖ വ്യവസായിയും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡണ്ടുമായ ഡോ. ഹസ്സന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു. ‘ധാര്‍മികതയും വ്യക്തിത്വുവും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ പണ്ഡിതനും കോടമ്പുഴ ദാറുല്‍ മആരിഫ് കോളേജ് പ്രിന്‍സിപ്പലുമായ മാടവന മൊയ്തു ബാഖവി സംസാരിച്ചു.
ഡോ. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ച സെമിനാറില്‍ ജലീല്‍ ശാമില്‍ ഇര്‍ഫാനി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു.
കോടമ്പുഴ ബാവ മുസ്ലിയാര്‍ രചിച്ച മുപ്പത് വാല്യങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ‘തഫ്‌സീറുല്‍ ജലാലൈനി’യുടെ വ്യഖ്യാന ഗ്രന്ഥമായ ‘തൈസീറുല്‍ ജലാലൈനി’യുടെ ലോഗോ പ്രകാശനം അക്ബര്‍ അലി, ശഫീഖ് ഡ്രീംസ് പ്രോപ്പര്‍ട്ടി, നൗഷാദ് അതിരുമട, അസീസ് സഖാഫി പാലോളി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ ഹബീബ് മാട്ടൂല്‍ സ്വാഗതവും ഉബൈദ് പേരാമ്പ്ര നന്ദിയും പറഞ്ഞു.

