

ദോഹ: ലോകകപ്പ് ഫുട്ബാളിന്റെ ഖത്തര്‍ പതിപ്പ് സവിശേഷമായ ഒന്നായിരിക്കുമെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. ദാവോസില്‍ ലോക ഇക്കണോമിക് ഫോറത്തിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തര്‍ നിങ്ങളുടെ രാജ്യം പോലെയാണെന്നും എല്ലാം തികഞ്ഞതാണെന്ന് തങ്ങള്‍ അവകാശപ്പെടുന്നില്ലെന്നും നിരന്തരം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അമീര്‍ പറഞ്ഞു. ശോഭനമായ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളാണ് തങ്ങള്‍ക്കുള്ളത്. ഖത്തറില്‍ നടത്തിയ വികസനത്തിലും പരിഷ്‌ക്കാരങ്ങളിലും പുരോഗതിയിലും തങ്ങള്‍ അഭിമാനിക്കുന്നുവെന്നും മിന്നല്‍ വേഗത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ പ്രചോദിപ്പിച്ച ലോകകപ്പ് ശ്രദ്ധയോട് തങ്ങള്‍ നന്ദിയുള്ളവരാണെന്നും അമീര്‍ ചൂണ്ടിക്കാട്ടി.

അറബ് മുസ്‌ലിം രാജ്യം ലോകകപ്പ് പോലുള്ള ഒരു ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുമെന്ന ആശയം അംഗീകരിക്കാന്‍ കഴിയാത്ത ആളുകള്‍ ഇന്നുമുണ്ട്. ഈ രാജ്യങ്ങളില്‍ ഓരോന്നിനും അതിന്റേതായ പ്രശ്‌നങ്ങളും വെല്ലുവിളികളും ഉണ്ടായിട്ടും അവര്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വേഗത്തില്‍ ആക്രമണം നടത്താനാണ് ശ്രമിച്ചതെന്നും ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു.
യൂറോപ്പിലെ യുദ്ധം മുതല്‍ ഊര്‍ജ്ജ സുരക്ഷ വരെ ലോകം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ കുറിച്ച് അമീര്‍ സംസാരിച്ചു. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങളെ കുറിച്ച് സംസാരിച്ച അദ്ദേഹം മധ്യസ്ഥത വഹിക്കാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ തുടരുമെന്നും പറഞ്ഞു.
യൂറോപ്യന്‍ യുദ്ധത്തിന്റെ ഇരകളായ ദശലക്ഷക്കണക്കിന് നിരപരാധികളായ അഭയാര്‍ഥികളോടും മറ്റെല്ലാ യുദ്ധങ്ങളുടെ ഇരകളോടും ഐക്യംദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും അമീര്‍ പറഞ്ഞു. ജാതിയുടേയും മതത്തിന്റേയും ദേശീയതയുടേയും ഇരകളെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്നതായും അമീര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
ഇസ്രായേല്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ട അല്‍ ജസീറ മാധ്യമ പ്രവര്‍ത്തക ഷെറീന്‍ അബു അഖ്‌ലയെ പരാമര്‍ശിച്ച അമീര്‍ അവരെ കൊലപ്പെടുത്തുകയും മാന്യമായ സംസ്‌ക്കാരം പോലും നിഷേധിക്കുകയും ചെയ്ത ഇസ്രായേല്‍ ശ്രമങ്ങളെ അപലപിച്ചു. പതിറ്റാണ്ടുകളായി ഫലസ്തീന്‍ ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകളാണ് ഷെറീനിലൂടെ പുറത്തു വന്നത്. ഇരുപത്തിയൊന്നും നൂറ്റാണ്ടില്‍ ഇത്തരം ആക്രമണങ്ങളെ വെച്ചുപൊറുപ്പിക്കരുതെന്നും മതത്തിന്റെയോ പ്രദേശത്തിന്റേയോ വംശത്തിന്റെയോ അടിസ്ഥാനത്തില്‍ ആളുകളുടെ മൂല്യത്തെ കുറിച്ച് സര്‍ക്കാരുകള്‍ ഇരട്ടത്താപ്പ് കാണിക്കുന്ന ലോകത്തെ അംഗീകരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

