
ദോഹ: ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു എം ഡി) 2026 ജനുവരി മാസത്തെ കാലാവസ്ഥാ വിവരങ്ങള്‍ പ്രതിമാസ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പുറത്തുവിട്ടു.

രാജ്യത്തെ ശീതകാലത്തിന്റെ രണ്ടാം മാസമായ ജനുവരി, കാലാവസ്ഥാ രേഖകള്‍ പ്രകാരം വര്‍ഷത്തിലെ ഏറ്റവും തണുപ്പേറിയ മാസമായാണ് കണക്കാക്കുന്നത്.
ഈ കാലയളവില്‍ തണുത്ത കാറ്റ് കൂടുതല്‍ സജീവമാകുമെന്നും ഇടിമിന്നലോടുകൂടിയ കുറഞ്ഞ മര്‍ദ്ദ വ്യവസ്ഥകള്‍ പതിവായി അനുഭവപ്പെടുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ, മാസത്തിന്റെ രണ്ടാം ആഴ്ചയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.

കാലാവസ്ഥാ രേഖകള്‍ പ്രകാരം പ്രത്യേകിച്ച് മാസത്തിന്റെ ആദ്യ പകുതിയില്‍ മൂടല്‍മഞ്ഞ് പതിവായി അനുഭവപ്പെടാറുണ്ടെന്നും വകുപ്പ് അറിയിച്ചു. 2026 ജനുവരി മാസത്തിലെ ശരാശരി ദൈനംദിന താപനില 17.7 ഡിഗ്രി സെല്‍ഷ്യസായി കണക്കാക്കപ്പെടുന്നു.
ജനുവരി മാസത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1964ല്‍ 3.8 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും ഉയര്‍ന്ന താപനില 2015ല്‍ 32.4 ഡിഗ്രി സെല്‍ഷ്യസുമാണ്.

