
ലുസൈല്‍: വ്യാഴാഴ്ച അര്‍ധരാത്രിയില്‍ ലുസൈല്‍ ബൊളിവാര്‍ഡിന്റെ ആകാശരേഖ വര്‍ണാഭമായ പൈറോടെക്‌നിക് പ്രകടനങ്ങളാലും ഡ്രോണ്‍ സാങ്കേതികവിദ്യയാലും പ്രകാശിതമായി. ഖത്തര്‍ ഔദ്യോഗികമായി 2026നെ വരവേറ്റു.

പതിനായിരക്കണക്കിന് സ്വദേശികളും അന്താരാഷ്ട്ര സന്ദര്‍ശകരും പങ്കെടുത്ത ആഘോഷം ബി ബി സി, ന്യൂയോര്‍ക്ക് പോസ്റ്റ്, ദ സണ്‍, സിഎന്‍ബിസി- ടിവി18 എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ആഗോള മാധ്യമങ്ങളുടെ വ്യാപക ശ്രദ്ധയാണ് നേടിയെടുത്തത്.

ഖത്തറിന്റെ ആധുനിക നഗരവികസനത്തിന്റെ പ്രതീകമായ ലുസൈല്‍ ബൊളിവാര്‍ഡ്, രാജ്യത്തെ പുതുവത്സരാഘോഷങ്ങളുടെ കേന്ദ്രബിന്ദുവായി മാറി.
ആഘോഷത്തിന്റെ വിപുലതയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രധാനമായും എടുത്തുകാട്ടിയത്. ലോകമെമ്പാടുമുള്ള പുതുവത്സരാഘോഷങ്ങള്‍ അവതരിപ്പിച്ച പ്രത്യേക റിപ്പോര്‍ട്ടില്‍ ബി ബി സി ലുസൈല്‍ ബൊളിവാര്‍ഡ് ലൈവ് സ്റ്റേജ് പ്രകടനങ്ങളോടുകൂടിയ സജീവമായ നടപ്പാതാ മേഖലയായി രൂപാന്തരപ്പെട്ടതിനെ പ്രദര്‍ശിപ്പിച്ചു.
അതേസമയം, ന്യൂയോര്‍ക്ക് പോസ്റ്റ്, ദ സണ്‍, സി എന്‍ ബി സി- ടി വി18 എന്നിവ അര്‍ധരാത്രിയിലെ കൗണ്ട്ഡൗണിന്റെ ദൃശ്യവിസ്മയവും ഖത്തറിലെ പൊതുആഘോഷങ്ങളുടെ പ്രത്യേകതയായ കുടുംബസൗഹൃദ അന്തരീക്ഷവും പകര്‍ത്തിയ സമ്പൂര്‍ണ ലൈവ് സ്ട്രീമുകള്‍ അവതരിപ്പിച്ചു.
പ്രേക്ഷകരുടെ വലിയ ഒഴുക്ക് നിയന്ത്രിക്കുന്നതിന് ദോഹ മെട്രോയുടെ ലുസൈല്‍ ക്യു എന്‍ ബി സ്റ്റേഷന്‍ ഉള്‍പ്പെടെ പ്രത്യേക ഷട്ടില്‍ സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി സമഗ്രമായ ഗതാഗത പദ്ധതി പ്രാദേശിക അധികാരികള്‍ നടപ്പിലാക്കി.

