

മുംബൈ: ഏതാനും വര്‍ഷങ്ങളായി സര്‍വീസ് നിര്‍ത്തിവെച്ച ജെറ്റ് എയര്‍വെയ്സിന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മേധാവി അരുണ്‍ കുമാര്‍ പറഞ്ഞു. ഇതോടെ വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ ജെറ്റ് എയര്‍വെയ്സിന് സാധിക്കും.

മെയ് 17നാണ് ജെറ്റ് എയര്‍വെയ്സ് എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കുകയും ഡി ജി സി എ എയര്‍ ഓപറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് കാത്തിരിക്കുകയാണെന്ന് ജെറ്റ് എയര്‍വെയ്സ് ഉടമ ജലന്‍ കാല്‍റോക്ക് കണ്‍സോര്‍ഷ്യം അറിയിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 31 പേരുമായി രണ്ടാമത്തേയും അവസാനത്തേയും പരിശോധനകള്‍ ജെറ്റ് എയര്‍വെയ്സ് പൂര്‍ത്തിയാക്കി.

മെയ് 15നാണ് ഡി ജി സി എ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 18 പേരുമായി ജെറ്റ് എയര്‍വെയ്സ് ആദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്.
ഡല്‍ഹി- ഹൈദരബാദ്, ഹൈദരബാദ്- ഡല്‍ഹി റൂട്ടുകളിലാണ് ബോയിംഗ് 737 വിമാനം ഉപയോഗിച്ച് ചൊവ്വാഴ്ച ജെറ്റ് എയര്‍വെയ്സ് സര്‍വീസ് പരിശോധനകള്‍ പൂര്‍ത്തിയാക്കയിത്.
ഡല്‍ഹി- മുംബൈ, മുംബൈ- അഹമ്മദാബാദ്, അഹമ്മദാബാദ്- ഡല്‍ഹി റൂട്ടുകളിലും പരിശോധനപ്പറക്കല്‍ നടത്തിയിരുന്നു.
നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലായിരുന്ന ജെറ്റ് എയര്‍വെയ്സ് 2019 ഏപ്രില്‍ 17നാണ് അവസാന വിമാന സര്‍വീസ് നടത്തിയത്. നിലവില്‍ ജെറ്റ് എയര്‍വെയ്സിന്റെ പ്രമോട്ടറാണ് ജലാന്‍ കാല്‍റോക്ക് കണ്‍സോര്‍ഷ്യം.
2022 ജൂലൈ- സെപ്തംബര്‍ പാദത്തില്‍ വാണിജ്യ വിമാന സര്‍വീസ് പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കാനാണ് എയര്‍ലൈന്‍ പദ്ധതിയിടുന്നത്.

