ആബിദ്ക്കാന്റെ ‘സഫാരി’കള്‍

Web Desk
5 Min Read

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഖത്തര്‍ കെ എം സി സി ഉപദേശക സമിതി അംഗവും സഫാരി ജനറല്‍ മാനേജരുമായ സൈനുല്‍ ആബീദിന്റെ ജീവിതത്തിലൂടെ ഒരോട്ട പ്രദക്ഷിണം

city exchange

സഫാരിയെന്നാല്‍ യാത്രയെന്നര്‍ഥം. ഖത്തറിലുള്ളവര്‍ക്ക് സഫാരിയെന്നാല്‍ യാത്ര മാത്രമല്ല, തങ്ങളുടെ നിരവധി ആഗ്രഹങ്ങള്‍ സഫലമാകുന്നിടം എന്ന അര്‍ഥം കൂടിയുണ്ട്. ഖത്തറിലെ മലയാളികള്‍ സഫാരിയെന്ന പേരിനൊപ്പം ചേര്‍ത്തു പറയുന്ന മറ്റൊരു നാമം കൂടിയുണ്ട്- സൈനുല്‍ ആബിദീന്‍, ആബിദ്ക്ക!

സഫാരിയുടെ വിജയത്തിന് പിന്നില്‍ രണ്ടുപേരുടെ സൗഹൃദ ബന്ധത്തിന്റെ കഥ കൂടി പറയാനുണ്ട്- പൊന്നാനി മാറഞ്ചേരി സ്വദേശി അബൂബക്കര്‍ മാടപ്പാട്ടിന്റേയും തലശ്ശേരി പാനൂര്‍ മേക്കുന്ന് മത്തിപ്പറമ്പ് സൈനുല്‍ ആബിദീന്റേയും സ്‌നേഹ സൗഹൃദങ്ങളുടേയും കഠിന പ്രയത്‌നത്തിന്റേയും പുതിയ രീതികളിലുടെ ബിസിനസ് കെട്ടിപ്പടുത്തതിന്റേയും വിജയ കഥ!

ദീര്‍ഘവീക്ഷണത്തിന്റേയും കഠിന പ്രയത്‌നത്തിന്റേയും പര്യായ പദം കൂടിയാണ് സഫാരി. സൗഹൃദവും അതിലൂന്നിയുള്ള കച്ചവടവും സഫാരിയെ വിജയമന്ത്രമാക്കി മാറ്റി. സഫാരിയോടൊപ്പം തന്റെയുള്ളിലെ രാഷ്ട്രീയപ്പച്ചപ്പിന് കൂടി വെള്ളവും വളവും നല്‍കി സൈനുല്‍ ആബീദിന്‍ ഹരിതാഭ പേറുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ഉന്നത പദവികളിലേക്ക് കൂടി ഏണി കയറി. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പുതിയ കമ്മിറ്റിയില്‍ ദേശീയ വൈസ് പ്രസിഡന്റായാണ് ആബിദ്ക്ക തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

- Advertisement -
Ad image


പറയുന്നതിനേക്കാളേറെ പ്രവര്‍ത്തിക്കാനിഷ്ടപ്പെടുന്ന വ്യക്തിത്വമാണ് സൈനുല്‍ ആബീദിന്റേത്. താന്‍ കാണുന്ന സ്വപ്‌നങ്ങളിലേക്ക് ‘സഫാരി’ നടത്തുന്നയാള്‍ എന്നുകൂടി ആബിദ്ക്കയെ വിശേഷിപ്പിക്കാം.

ചൊക്ലി സബ് ജില്ലയിലെ മതിയാമ്പത്ത് എല്‍ പി സ്‌കൂളിലും രാമവിലാസം ഹൈസ്‌കൂളിലും പ്രാഥമിക പഠനവും പ്രീഡിഗ്രി വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയാണ് പ്രിയപ്പെട്ടവരുടെ ആബിദ്ക്ക എന്ന സൈനുല്‍ ആബിദീന്‍ ഖത്തറിലെത്തിയത്. മൂത്ത സഹോദരന്‍ അബ്ദുല്‍ ഹമീദായിരുന്നു ആബിദെന്ന ‘പയ്യനെ’ കൈപിടിച്ച് വിമാനം കയറ്റിക്കൊണ്ടുവന്നത്. കാലം 1978. ഏതൊരു മലബാരിയേയും പോലെ സര്‍ക്കാര്‍ സര്‍വീസുകളേക്കാള്‍ ആബിദും ഇഷ്ടപ്പെട്ടത് ബിസിനസിന്റെ വഴികളായിരുന്നു. പക്ഷേ, സൈനുല്‍ ആബിദിന്റെ ബിസിനസ് വഴികള്‍ക്ക് ചെറിയൊരു വ്യത്യാസമുണ്ടായിരുന്നു. പരമ്പരാഗത ബിസിനസ് രീതികളേക്കാള്‍ അദ്ദേഹം ഇഷ്ടപ്പെട്ടത് സ്വന്തം സ്വപ്‌നങ്ങളിലൂടെയുള്ള ബിസിനസ് വളര്‍ച്ചയും ഉയരങ്ങളുമായിരുന്നു. അതുകൊണ്ടുതന്നെ ജീവിതത്തില്‍ കേവലം മൂന്നു ദിവസം മാത്രമായിരുന്നു ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ മറ്റാരുടേയെങ്കിലും താഴെ ജീവനക്കാരനായി ജോലി ചെയ്തത്. പഴയ ന്യൂ വേള്‍ഡ് സെന്ററില്‍ നിന്നും മൂന്ന് ദിവസത്തെ ശമ്പളമായ 150 ഖത്തര്‍ റിയാലും വാങ്ങി പുറത്തിറങ്ങിയത് വിമാനം കയറിവന്ന ‘പയ്യന്‍ ആബിദ്’ ആയിരുന്നില്ല. തലയില്‍ നിറയെ ബിസിനസ് സ്വപ്‌നങ്ങള്‍ നിറച്ചുവെച്ച കൗമാരക്കാരനായിരുന്നു.
ബിസിനസ് രംഗത്ത് ചുവടുറപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാഠപുസ്തകമാണ് ആബിദ്ക്കയുടെ വിജയമന്ത്രങ്ങള്‍.

1978ല്‍ ആബിദ് ഖത്തറിലെത്തിയപ്പോള്‍ കഹറാമയിലും മറ്റുമായി നിരവധി അവസരങ്ങളുണ്ടായിരുന്നു. പക്ഷേ, സര്‍ക്കാര്‍ സര്‍വീസ് വേണ്ട ബിസിനസ് മതിയെന്ന ജ്യേഷ്ഠന്റെ ഉപദേശം അദ്ദേഹം സ്വീകരിച്ചു. അദ്ദേഹത്തിന്റെ താത്പര്യവും അതുതന്നെയായിരുന്നു. അങ്ങനെയാണ് ന്യൂ വേള്‍ഡ് സെന്ററില്‍ ജീവനക്കാരനായി ചേര്‍ന്നത്. മൂന്ന് ദിവസത്തിന് ശേഷം പി അലീക്കയുമായി ചേര്‍ന്ന് ഓഡിയോ സെന്റര്‍ ആരംഭിച്ചു. ഹിജാസ് ഓഡിയോ എന്നായിരുന്നു അതിന്റെ പേര്. വീഡിയോ പ്രചാരത്തിലായപ്പോള്‍ ഹിജാസ് ഓഡിയോ ആന്റ് വീഡിയോ ആയി ഷോപ്പ് മാറി.

ഖത്തറിലെ ആദ്യത്തെ മലയാളി വീഡിയോ ഷോപ്പായിരുന്നു ഹിജാസ്. പൊന്നി, കടല്‍പ്പാലം, മിടുമിടുക്കി, പ്രഭു തുടങ്ങിയവയായിരുന്നു ഹിജാസിലെ ആദ്യത്തെ വീഡിയോ കാസറ്റുകള്‍.
ഷാരാ ബഹര്‍ണയിലെ സൂഖ് ഫലഖിലായിരുന്നു ഹിജാസ് ഓഡിയോ ആന്റ് വീഡിയോ. അക്കാലത്ത് ഒരു വീഡിയോ കാസറ്റ് വില കൊടുത്തു വാങ്ങണമെങ്കില്‍ 150 റിയാല്‍ വേണമായിരുന്നു. വീഡിയോ പ്ലെയറും കാസറ്റും വാടകയ്‌ക്കെടുത്താണ് അക്കാലത്ത് ബാച്ചിലര്‍ മുറികള്‍ അവധി ദിനങ്ങള്‍ ആഘോഷിച്ചിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം വീഡിയോ വാടകയ്‌ക്കെടുത്ത് രാവും പകലും സിനികള്‍ കണ്ട് തീര്‍ക്കലായിരുന്നു വിനോദം.

1988 ആയപ്പോഴേക്കും വീഡിയോ ഷോപ്പ് ഒഴിവാക്കി. പിന്നീട് ഷാരെ കഹ്‌റുബയില്‍ ബേക്കറി, ടെക്‌സ്റ്റൈല്‍ ഫീല്‍ഡിലേക്ക് കടന്നു. അല്‍ സഹ്‌റ എന്നായിരുന്നു ടെക്സ്റ്റയില്‍സിന്റെ പേര്. ലാഭം നേടല്‍ മാത്രമാണ് ബിസിനസെന്ന് അന്നേ അദ്ദേഹം കരുതിയിരുന്നില്ല. നല്ല രീതിയില്‍ ബിസിനസ് ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.

1990കളിലാണ് വെസ്റ്റ് ബേ കോംപ്ലക്‌സില്‍ ഫുഡ് ഫീല്‍ഡിലേക്ക് തിരിഞ്ഞത്. അന്നത്തെ ഖത്തറിന്റെ അവസ്ഥയില്‍ നോക്കുമ്പോള്‍ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ഷോപ്പായിരുന്നു അത്. സുഹൃത്തുക്കളുമായി ചേര്‍ന്ന് മൈദറിലെ ഫാമിലി ഷോപ്പിംഗ് കോംപ്ലക്‌സില്‍ ബിസിനസ് തുടങ്ങിയെങ്കിലും പങ്കാളികളുമായി ചേര്‍ന്നു പോകാനാവാതിരുന്നതിനെ തുടര്‍ന്ന് അതില്‍ നിന്നും പിന്‍വാങ്ങി.

കഠിനാധ്വാനം, സത്യസന്ധത, ആത്മസമര്‍പ്പണം- ഇവ മൂന്നുമുണ്ടെങ്കില്‍ ബിസിനസില്‍ പരാജയപ്പെടില്ലെന്നാണ് ആബിദ്ക്കയുടെ പക്ഷം. ബിസിനസില്‍ മാത്രമല്ല, ഏതു തൊഴിലിലും ഇതുതന്നെയാണ് വിജയ മന്ത്രം. ബിസിനസിലൂടെ സാമൂഹ്യ സേവനവും ചെയ്യാമെന്ന് ആബിദ്ക്ക തിരിച്ചറിഞ്ഞിടത്താണ് അദ്ദേഹത്തിന്റെ വിജയ വഴികളില്‍ ദൈവം അവസരങ്ങള്‍ നിറച്ചുവെച്ചത്. ഓരോ ബിസിനസ് സ്ഥാപനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ എന്നാല്‍ അവരുമായി ബന്ധപ്പെട്ട കുടുംബങ്ങള്‍ എന്നുകൂടിയാണ് അര്‍ഥം.
സമൂഹവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക എന്നത് മനുഷ്യരെല്ലാം ചെയ്യേണ്ട കടമയാണെന്നും സമൂഹം നമുക്ക് പലതും തരുന്നതിനാല്‍ നമ്മള്‍ തിരിച്ചു കൊടുക്കാന്‍ ബാധ്യതയുള്ളവരാണെന്നും ആബിദ്ക്ക വിശ്വസിക്കുന്നു. ഓരോരുത്തര്‍ക്കും ദൈവം നല്‍കിയ കഴിവുകള്‍ക്കനുസരിച്ച് സമൂഹത്തിന് തിരിച്ചു കൊടുക്കുന്നതിലും വ്യത്യാസമുണ്ടാകുമെന്ന് മാത്രം.

ജാതിമത വിഭാഗീയതയ്ക്ക് അതീതമായ കൂട്ടായ്മയെന്ന ആഗ്രഹത്തില്‍ അദ്ദേഹം ഖത്തര്‍ മലയാളി സമാജം രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. മലയാളി സമാജത്തിന്റെ സ്ഥാപക വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമാണ് സൈനുല്‍ ആബിദീന്‍. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. പിന്നീട് ഉപദേശക സമിതി അംഗമായി. ഖത്തറിലെ ഏറ്റവും വലിയ കാരുണ്യ- സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന സംഘടനയായ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്ററില്‍ (കെ എം സി സി) വിവിധ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ബിസിനസിലും സേവനത്തിലും മാത്രമല്ല വിദ്യാഭ്യാസ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് ഈ മനുഷ്യന്‍. പാനൂരിന്റെ കിഴക്കന്‍ മേഖലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ആശ്രയമായ കല്ലിക്കണ്ടിയിലെ എന്‍ എ എം കോളെജ്, പെരിങ്ങത്തൂര്‍ ടൗണിന് സമീപം തലയുയര്‍ത്തി നില്‍ക്കുന്ന എന്‍ എ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ലോകോത്തര മാതൃകയില്‍ കല്ലിക്കണ്ടിയില്‍ സ്ഥാപിച്ച ഇന്റര്‍ നാഷണല്‍ സ്‌കൂള്‍, ന്യൂമാഹിയിലെ ഇന്ത്യന്‍ പബ്ലിക്ക് സ്‌കൂള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിലും വളര്‍ത്തുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്.

മേക്കുന്ന് കാവുള്ളതില്‍ മമ്മു സാഹിബിന്റേയും ഫാത്തിമ ഹജ്ജുമ്മയുടേയും എട്ടു മക്കളില്‍ ആറാമത്തെയാണ് സൈനുല്‍ ആബിദീന്‍. പിതാവ് മമ്മു സാഹിബ് സജീവ രാഷ്ട്രീയക്കാരനല്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് നാട്ടുകാര്‍ വലിയ വില കല്‍പ്പിച്ചിരുന്നു. 1974ല്‍ അദ്ദേഹത്തിന് നേരെ രാഷ്ട്രീയ ആക്രമണം നടന്നിരുന്നു.

പാനൂര്‍ മൊകേരിയിലെ നെച്ചോളി പോക്കു സാഹിബിന്റെ മകളും പൂത്തങ്കണ്ടി പുല്ലാഞ്ഞോട്ട് കുടുംബാംഗവുമായ നെച്ചോളി സീനത്താണ് ഭാര്യ. സഹല ആബിദ്, സബ്‌ല ആബിദ്, ശഫീദ ആബിദ് എന്നിങ്ങനെ മൂന്ന് പെണ്‍മക്കളാണ് ആബിദ്ക്കയ്ക്കുള്ളത്.
മുസ്‌ലിം ലീഗ് നേതാവും ചന്ദ്രിക എഡിറ്ററുമായിരുന്ന കെ കെ മുഹമ്മദ് സൈനുല്‍ ആബീദിന്റെ സഹോദരീ ഭര്‍ത്താവും ഗുരുതുല്യനുമാണ്.

Share This Article
Leave a Comment
error: Content is protected !!