Connect with us

NEWS

എസ് എസ് എല്‍ സി- പ്ലസ്ടു ചോദ്യഘടന ഉടച്ച് വാര്‍ക്കണമെന്ന് കെ എ ടി എഫ്

Published

on


കോഴിക്കോട്: കോവിഡ് അതിരൂക്ഷമായി പടരുകയും പൊതു പരീക്ഷയെ അഭിമുഖീകരിക്കേണ്ട ധാരാളം വിദ്യാര്‍ഥികള്‍ കോവിഡിന്റെ പിടിയില്‍ അകപ്പെടുകയും ചെയ്ത് പഠനം താറുമാറായ സന്ദര്‍ഭത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന അശാസ്ത്രീയമായ രീതിയില്‍ തയ്യാറാക്കിയ ചോദ്യഘടനയും ഫോക്കസ് ഏരിയ നിര്‍ണ്ണയ രീതികളും പൊതുവിദ്യാഭ്യാസ വകുപ്പ് ഉടന്‍ ഉടച്ച് വാര്‍ക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

പാഠപുസ്തകങ്ങളിലെ നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നും 30 ശതമാനം മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള നീക്കം പ്രതികൂല സാഹചര്യത്തില്‍ ആത്മഹത്യാപരമാണെന്നും മുഴുവന്‍ ചോദ്യങ്ങളും ഫോക്കസ് ഏരിയ കേന്ദ്രീകരിച്ച് കൊണ്ട് മാത്രമാകണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നവംബര്‍ മാസത്തില്‍ തുടങ്ങിയ ഓഫ് ലൈന്‍ ക്ലാസുവഴി ഒമിക്രോണ്‍ ഭീതിയില്‍ ഫോക്കസ് ഏരിയ പോലും വിദ്യാര്‍ഥികള്‍ക്ക് സംശയലേശമന്യേ പഠിപ്പിച്ച് തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പാഠപുസ്തകം മുഴുവനായി പൂര്‍ത്തീകരിക്കുകയെന്നത് ഏറെ പ്രയാസകരമാണ്. ഇത് കുട്ടികളെ അതി സമ്മര്‍ദ്ധത്തിലേക്ക് വലിച്ചിഴക്കുമെന്നും ഉത്തരവാദപ്പെട്ടവര്‍ ഇത് കണ്ടില്ലെന്ന് നടിക്കരുതെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

പ്രസിഡന്റ് എം പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി പി അബ്ദുല്‍ ഹഖ്, മാഹിന്‍ ബാഖവി, എം എ ലത്തീഫ്, എം ടി സൈനുല്‍ ആബിദീന്‍, എം എ റഷീദ് മദനി എന്നിവര്‍ പ്രസംഗിച്ചു.


error: Content is protected !!