

ഹാട്രിക്കുള്‍പ്പെടെ അഞ്ചടിച്ച് ജെസിന്റെ ഗോള്‍വേട്ട
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഒന്നാം സെമിയില്‍ മൂന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് കര്‍ണാടകയെ തകര്‍ത്ത് കേരളം ഫൈനലില്‍. പകരക്കാരനായി കളത്തിലിറങ്ങി അഞ്ച് ഗോളുകള്‍ നേടിയ ടി കെ ജെസിനാണ് കേരളത്തെ വിജയത്തിലെത്തിച്ചത്. ഷിഖില്‍, അര്‍ജുന്‍ ജയരാജ് എന്നിവരും കേരളത്തിനായി ഗോള്‍ നേടി.

കളിയുടെ മുപ്പതാം മിനുട്ടിലാണ് പകരക്കാരനായി ജെസിനെത്തിയത്. ആദ്യപകുതിയില്‍ തന്നെ പത്തുമിനുട്ടിനിടയില്‍ ഹാട്രിക്ക് നേടിയാണ് ജെസിന്‍ തന്റെ വരവറിയിച്ചത്.

ഇരുപത്തിനാലാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി കൡയില്‍ ആധിപത്യമുറപ്പിക്കാന്‍ ശ്രമിച്ച കര്‍ണാടകയെ വിറപ്പിച്ചുകൊണ്ടാണ് തുടരെ മൂന്നു ഗോളുകളുമായി ജെസിനെത്തിയത്. അതോടെ ഒന്നിനെതിരെ നാലെന്ന ഗോള്‍ നിലയിലാണ് ആദ്യ പകുതി പിരിഞ്ഞത്.
പഞ്ചാബിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നിന്ന് കെ സല്‍മാന് പകരം നിജോ ഗില്‍ബര്‍ട്ടുമായാണ് കേരള ടീം കളത്തിലിറങ്ങിയത്. ടൂര്‍ണമെന്റില്‍ ആറു ഗോളുമായി ജെസിന്‍ ഒന്നാമതും അഞ്ചു ഗോളുകളുമായി കേരള ക്യാപ്റ്റന്‍ ജിജോ ജോസഫാണ് രണ്ടാമതുമാണുള്ളത്.

