Connect with us

Community

കെ സുധാകരന്റെ ആര്‍ എസ് എസ് പരാമര്‍ശം; വിശദീകരിക്കേണ്ടത് കോണ്‍ഗ്രസെന്ന് പി എം എ സലാം

Published

on


ദോഹ: വിദേശത്തായതിനാല്‍ കെ സുധാകരന്‍ പറഞ്ഞ കാര്യങ്ങളില്‍ തനിക്ക് കൂടുതല്‍ മനസ്സിലാക്കാനായിട്ടില്ലെന്നും കോണ്‍ഗ്രസാണ് അക്കാര്യത്തില്‍ വിശദീകരിക്കേണ്ടതെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലീം. കെ എം സി സി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഖത്തറിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു.

കെ പി സി സി പ്രസിഡന്റാണ് കെ സുധാകരന്‍. അതുകൊണ്ടുതന്നെ ആര്‍ എസ് എസ് ശാഖയുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ടെന്നും യു ഡി എഫിലെ പാര്‍ട്ടികളോട് ഇക്കാര്യം കോണ്‍ഗ്രസ് പറയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറുടെ നിലപാടിനെ കുറിച്ച് യു ഡി എഫിനോ മുസ്‌ലിം ലീഗിനോ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. തമിഴ്‌നാട് ഗവര്‍ണറെ കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ രാഷ്ട്രപതിക്ക് പരാതികൊടുത്തല്ലോ. പശ്ചിതബംഗാളിലെ ഗവര്‍ണര്‍ക്കെതിരെ മമതാ ബാനര്‍ജി ശക്തമായി പ്രതികരിച്ചു കൊണ്ടിരിക്കുകയാണ്. ഇതൊക്കെ ബി ജെ പിക്കാരായ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ബി ജെ പിക്ക് ഭരണം കിട്ടാത്ത സംസ്ഥാനങ്ങളിലേക്ക് പറഞ്ഞയക്കുന്നുണ്ടെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്. അത്തരമൊരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഇത്തരം നിലപാടുകളെ അംഗീകരിക്കാന്‍ മുസ്‌ലിം ലീഗിന് നിവൃത്തിയില്ല. ഗവര്‍ണര്‍ അദ്ദേഹത്തിനില്ലാത്ത അധികാരങ്ങളിലേക്ക് കൈകടത്തുകയാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ ഇടതുമുന്നണിയുടെ ചില നടപടികളെ അംഗീകരിക്കരുതെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ അത് തട്ടിക്കളഞ്ഞയാളാണ് ഗവര്‍ണര്‍. യു ഡി എഫ് പ്രതിനിധികള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് ലോകായുക്ത ബില്ല്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ തുടങ്ങിയ കാര്യങ്ങളില്‍ യു ഡി എഫ് അറിയിച്ചപ്പോള്‍ അത് അംഗീകരിക്കാതിരുന്ന ഗവര്‍ണര്‍ ഇപ്പോള്‍ അതിന്റെ പേരില്‍ കുഴപ്പമുണ്ടാക്കുമ്പോള്‍ അതില്‍ ദുരുദ്ദേശമുണ്ടെന്നാണ് അര്‍ഥം. എല്‍ ഡി എഫിനെ മുസ്‌ലിം ലീഗ് പൂര്‍ണമായും പിന്തുണക്കുന്നു എന്നല്ല ഗവര്‍ണറെ എതിര്‍ക്കുന്നതിന്റെ അര്‍ഥം. ഇത്തരം കാര്യങ്ങളിലേക്ക് എത്തിച്ചത് എല്‍ ഡി എഫാണെന്നും പി എം എ സലാം പറഞ്ഞു.

ഇടതുമുന്നണിയിലേക്ക് പോകുമെന്ന ചര്‍ച്ചയോ ചിന്തയോ മുസ്‌ലിം ലീഗിന് ഇല്ല. മുസ്‌ലിം ലീഗ് ഒരു കരാര്‍ വാഗ്ദാനം ചെയ്താല്‍ അത് പരിപൂര്‍ണ്ണമായും പാലിക്കും. ഇപ്പോള്‍ യു ഡി എഫിലെ പ്രധാനപ്പെട്ട ഘടകകക്ഷിയാണ് മുസ്‌ലിം ലീഗ്. അതുകൊണ്ടുതന്നെ യു ഡി എഫിനെ ശക്തമായി നിലനിര്‍ത്തുകയെന്നതാണ് മുസ്‌ലിം ലീഗിന്റെ മുമ്പിലുള്ള ചിന്ത. രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അതാത് കാലത്ത് തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ മുസ്‌ലിം ലീഗിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


error: Content is protected !!