
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന് 2026- 27 വര്‍ഷത്തെ 69-ാം വാര്‍ഷിക പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം താജ് വിവാന്തയില്‍ നടന്നു. തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായ് മുഖ്യാതിഥിയും രാജ്യസഭാംഗം അഡ്വ. ജെബി മേത്തര്‍ ഹിഷാം വിശിഷ്ടാതിഥിയുമായിരുന്നു.

മാറ്റങ്ങള്‍ വളരെ വേഗത്തിലാണ് സംഭവിക്കുന്നതെന്നും മാനേജ്മെന്റ് രംഗത്തും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും മുഖ്യാതിഥിയായി ഓണ്‍ലൈനിലൂടെ പങ്കെടുത്ത പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായ് പറഞ്ഞു. എല്ലാവര്ക്കും അവരവരുടേതായ വ്യക്തിത്വങ്ങളുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരേയും ചേര്‍ത്തു പിടിച്ചുകൊണ്ടാണ് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കേണ്ടതെന്നും അവര്‍ വിശദമാക്കി. കേരള മാനേജ്മെന്റ് അസോസിയേഷനില്‍ ഉള്‍പ്പെടെ വനിതകള്‍ അവരുടെ കഴിവുകളിലൂടെ സ്ഥാനം നേടിയെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഇനിയും പങ്കാളിത്തം വര്ധിപ്പിക്കേണ്ടതുന്നെന്നും ഗൗരി പാര്‍വ്വതി ഭായ് ചൂണ്ടിക്കാട്ടി.

കേരള മാനേജ്മെന്റ് അസോസിയേഷന്റെ പദ്ധതികളില്‍ വികസനവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കേരള സര്‍ക്കാറിനും കൈമാറണമെന്നും പുതിയ സംസ്ഥാന ഭരണകൂടം ബിസിനസ് സൗഹൃദമാണെന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത അഡ്വ. ജെബി മേത്തര്‍ ഹിഷാം എം പി പറഞ്ഞു. കൂടുതല്‍ പുരോഗമനമെന്ന് പറയുന്ന യു എസില്‍ പോലും വനിതകള്‍ക്ക് തലപ്പത്തേക്കെത്താന്‍ വലിയ ബുദ്ധിമുട്ടുകളുണ്ടെന്നാണ് യു എസ് വൈസ് പ്രസിഡന്റായിരുന്ന കമലാ ഹാരിസ് പറഞ്ഞതെന്ന് ജെബി മേത്തര്‍ പരാമര്‍ശിച്ചു. അങ്ങനെ നോക്കുമ്പോള്‍ കെ എം എയില്‍ വനിതകളുടെ സാന്നിധ്യം അഭിനന്ദനാര്‍ഹമാണെന്നും അഡ്വ. ജെബി മേത്തര്‍ പറഞ്ഞു.
കേരള മാനേജ്മെന്റ് അസോസിയേഷന്റെ പുതിയ പ്രസിഡന്റായി അല്‍ജിയേഴ്സ് ഖാലിദും ഹോണററി സെക്രട്ടറിയായി ലേഖ ബാലചന്ദ്രനും ഹോണററി ട്രഷററായി കെ അനില്‍ വര്‍മയും ചുമതലയേറ്റു.
ചടങ്ങില്‍ വേണുഗോപാല്‍ സി ഗോവിന്ദ്, ടി ടി തോമസ്, എ എസ് നാരായണ മൂര്‍ത്തി, കെ എം എ മു്ന്‍ പ്രസിഡന്റ് കെ ഹരികുമാര്‍, പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ്, ഹോണററി സെക്രട്ടറി ലേഖ ബാലചന്ദ്രന്, ഹോണററി ട്രഷറര്‍ കെ അനില്‍ വര്‍മ, സീനിയര്‍ വൈസ് പ്രസിഡന്റ് ദിലീപ് നാരായണന് എന്നിവര്‍ പ്രസംഗിച്ചു.
കെ എം എ വൈസ് പ്രസിഡന്റ് ഡോ. അനില്‍ ജോസഫ് സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലഫ്. ജോജോ ജേക്കബ് നന്ദിയും പറഞ്ഞു.

