
ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യം- കാന്തപുരം
കാസര്‍ക്കോട്: കേരളീയ മുസ്ലിംകളുടെ നവോഥാനത്തിന്റെയും നിലനില്പിന്റെയും വളര്‍ച്ചയുടെയും സ്വഭാവം നിര്‍ണ്ണയിച്ചത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കേരളാ യാത്രക്ക് ചെര്‍ക്കളയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കിയതും സംഘടിതസമൂഹമായി അവരെ മുന്നോട്ട് നയിച്ചതും സമസ്തയാണ്. ഇതിന്റെ ഗുണഫലം മറ്റ് സമൂഹങ്ങള്‍ക്ക് കൂടി പല അര്‍ഥത്തില്‍ അനുഭവിക്കാനായെന്ന് അദ്ദേഹം പറഞ്ഞു. ഈ നേട്ടങ്ങളും പുരോഗതിയും വരുംകാലത്തിന് കൈമാറാന്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉണര്‍ത്തി.

സമസ്തയുടെയും അതിന്റെ പൂര്‍വ മാതൃകകളുടെയും തുറന്നതും സുതാര്യവുമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇസ്ലാമിനെ കേരളീയര്‍ മനസ്സിലാക്കിയതും സ്വീകരിച്ചതും. അറേബ്യയില്‍നിന്ന് വന്ന മാലിക് ഇബ്നു ദീനാറും സംഘവും സത്യസത്യസന്ധരും സത്സ്വഭാവികളുമായിരുന്നു. കാസര്‍ഗോഡിന്റെ ചരിത്രം ആ സ്മരണകളെക്കൂടി ഉള്‍വഹിക്കുന്നതാണ്. ഈ ഉത്തരദേശത്തിന് വെളിച്ചം കാട്ടിയ മാലിക് ദിനാര്‍ സഹവര്‍ത്തിത്വത്തിന്റെയും നിര്‍മലമായ ആത്മീയതയുടെയും ആ പൈതൃകമാണ് നമ്മെ ഓര്‍മപ്പെടുത്തുന്നത്. ഇവിടുത്തെ ഭരണാധികാരികള്‍ സ്നേഹാദരങ്ങളോടെയാണ് അവരെ വരവേറ്റത്. ഇസ്ലാം സ്നേഹമാണ്. ലോകത്ത് എല്ലാ മതസ്ഥര്‍ക്കും ജീവിക്കാനും സ്വന്തം ആദര്‍ശം മറ്റുള്ളവരെ മുറിവേല്പിക്കാതെ പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്. എല്ലാവരുമായും നന്മയില്‍ വര്‍ത്തിക്കാനാണ് ഇസ്ലാമിന്റെ അധ്യാപനം.
എല്ലാവരും മനുഷ്യരാണെന്ന പരിഗണന നാം കൈവിട്ടു പോകാന്‍ പാടില്ല. മനുഷ്യര്‍ക്കിടയില്‍ വെറുപ്പും ശത്രുതയും വിതക്കരുത്. ഒരാള്‍ സഹജീവികള്‍ക്ക് വേണ്ടി ചെയ്യുന്ന സദ്കര്‍മങ്ങളെ അയാളുടെ വര്‍ഗം നോക്കി വിലയിരുത്തി അതിനെ നിരുത്സാഹപ്പെടുത്തുന്ന സ്ഥിതിയുമുണ്ടാവരുത്. സ്വസ്ഥ ജീവിതം എല്ലാവരുടെയും അവകാശമാണ്. ഒരു നാടിന് ഏറ്റവും വേണ്ടത് പുരോഗതിയും സമാധാനവുമാണ്. സമാധാന സന്ദേശങ്ങള്‍ പരസ്പരം കൈമാറാനും പട്ടിണി മാറ്റി പാവപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്താനുമാണ് പ്രവാചകര്‍ ഓര്‍മപ്പെടുത്തിയത്. എനിക്കും നിങ്ങളോട് പറയാനുള്ളത് അതാണ്.
നൂറ്റാണ്ടിനെ വരവേല്‍ക്കാന്‍ വലിയ കര്‍മ്മ പദ്ധതികളുമായാണ് സമസ്ത മുന്നോട്ട് വരുന്നത്. ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളെ പ്രചരിപ്പിക്കുന്നതോടൊപ്പം ഇസ്ലാമിക വിജ്ഞാനവും ആധുനിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചു കൊണ്ടുള്ള ഇസ്ലാമിക് യൂണിവേഴ്‌സിറ്റി (ജാമിഅത്തുല്‍ ഹിന്ദ്) അടക്കമുള്ള പദ്ധതികള്‍ സമസ്തക്ക് കീഴില്‍ നടപ്പിലാക്കി കഴിഞ്ഞു. സമസ്ത നേടിയെടുത്ത നേട്ടങ്ങളുടെ ഗുണഫലം എല്ലാവര്‍ക്കും അനുഭവിക്കാന്‍ കഴിയണം. വിദ്യാഭ്യാസ രംഗത്തു മാത്രമല്ല. ജീവകാരുണ്യ രംഗത്തും സമസ്ത ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിപ്പോരുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഇതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാക്കാനും ഇന്നാട്ടിലെ ഓരോ മനുഷ്യ സ്‌നേഹിയുടെയും നിര്‍ലോഭമായ സഹായം അഭ്യര്‍ഥിക്കുകയാണ് കാന്തപുരം പറഞ്ഞു.
പൊതുസമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ചു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എമാരായ എം രാജഗോപാലന്‍, എന്‍ എ നെല്ലിക്കുന്ന്, അഡ്വ. സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്‍ എ കെ എം അഷ്റഫ്, ചിന്മയ മിഷന്‍ കേരള ഘടകം അധ്യക്ഷന്‍ ശ്രീ ശ്രീ പൂജനീയ സ്വാമി വിവേകാനന്ദ സരസ്വതി, ഫാദര്‍ മാത്യു ബേബി മാര്‍ത്തോമ, കല്ലട്ര മാഹിന്‍ ഹാജി സംബന്ധിച്ചു. സി മുഹമ്മദ് ഫൈസി, റഹ്മത്തുല്ല സഖാഫി എളമരം പ്രമേയ പ്രഭാഷണം നടത്തി. പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി സ്വാഗതവും കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി നന്ദിയും പറഞ്ഞു.
മനുഷ്യര്‍ക്കൊപ്പം എന്ന സന്ദേശവുമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരളയാത്രക്ക് ആവേശമാര്‍ന്ന വരവേല്‍പ്പാണ് ഉള്ളാളത്ത് ലഭിച്ചത്. നൂറുക്കണക്കിന് സുന്നീ പ്രവര്‍ത്തകരുടെ തക്ബീര്‍ ധ്വനികള്‍ക്കിടയില്‍ ഉള്ളാള്‍ ദര്‍ഗ്ഗയില്‍നിന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാരും കേരള യാത്ര സമിതി ചെയര്‍മാന്‍ കെ എസ് ആറ്റക്കോയ തങ്ങളും (കുമ്പോല്‍) ജാഥാ നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് പതാക കൈമാറി. ഉപനായകരായ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍, ദര്‍ഗ്ഗ പ്രസിഡന്റ് ഹനീഫ് ഹാജി ഉള്ളാള്‍, ഡോ. മുഹമ്മദ് ഫാസില്‍റസ് വി കാവല്‍ക്കട് തുടങ്ങിയവര്‍ സം ബന്ധിച്ചു. തുടര്‍ന്ന് യാത്രയെ സപ്തഭാഷാ സംഗമ ഭൂമിയിലേക്ക് കാസര്‍കോട് ജില്ലാ സുന്നീ നേതൃത്വവും സെന്റിനറി ഗാര്‍ഡും ആനയിച്ചു.
ചെര്‍ക്കളയില്‍ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ നഗറില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ജനുവരി രണ്ടിന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനം, ജനുവരി 3 നാദാപുരം, നാല് കോഴിക്കോട് മുതലക്കുളം, 5 കല്‍പ്പറ്റ, ആറ് ഗൂഡല്ലൂര്‍, ഏഴിന് അരീക്കോട്, 8 തിരൂര്‍, 9 ഒറ്റപ്പാലം, 10 ചാവക്കാട്, 11 എറണാകുളം മറൈന്‍ ഡ്രൈവ്, 12 തൊടുപുഴ, 13 കോട്ടയം, 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട, അഞ്ചുമണി കായംകുളം, 15ന് കൊല്ലം 16ന് വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ സമാപന സമ്മേളനം; ഇങ്ങനെയാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്.

