

കോഴിക്കോട്: പൊലീസ് സ്റ്റേഷനുകളില്‍ പരാതിയുമായോ സഹായമന്വേഷിച്ചോ എതിര്‍ കക്ഷിയായോ എത്തിപ്പെടുന്ന ഭിന്നശേഷിക്കാരായ സംസാരിക്കാന്‍ കഴിവില്ലാത്തവരെ സഹായിക്കാന്‍ കോഴിക്കോട് ജില്ലയിലെ പൊലീസുകാര്‍ ഒരുങ്ങുന്നു.

സംസ്ഥാനത്തെ പല പൊലീസ് സ്റ്റേഷനുകളും ഭിന്നശേഷി സൗഹൃദമായ രീതിയില്‍ ഇരിപ്പിടങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടെങ്കിലും ഇതാദ്യമായാണ് ഒരു ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനികളിലെയും നാലോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ ആംഗ്യ ഭാഷയില്‍ പ്രാഥമിക പരിശീലനം നല്‍കുന്ന മാതൃകe പദ്ധതിക്ക് രാജ്യത്തു തന്നെ തുടക്കമാകുന്നത്.

രണ്ടു ദിവസങ്ങളിലായി നൂറോളം പേര്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് കോഴിക്കോട് ജില്ലാ പൊലീസും കോമ്പോസിറ്റ് റീജിനല്‍ സെന്റററിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പരിശീലന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ അക്ബര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
സി ആര്‍ സി കേരള ഡയരക്ടര്‍ ഡോ. റോഷന്‍ ബിജ്ലി, കോഴിക്കോട് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസി കമ്മീഷണര്‍ കെ എല്‍ ഉമേഷ്, എബിലിറ്റി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഫോര്‍ ഹിയറിങ് ഇമ്പയേര്‍ഡ് പ്രിന്‍സിപ്പല്‍ എ നസീം, ലക്ഷ്മി ദേവി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
സംസാര ശേഷി ഇല്ലാത്തവരുടെ മൊഴികളും നിയമപരമായി കോടതിയില്‍ തെളിവായി സ്വീകരിക്കുമെന്നിരിക്കെ അവരുടെ മൊഴികള്‍ രേഖപ്പെടുത്തുവാന്‍ നിലവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബാധ്യസ്ഥനാണ്. അവര്‍ ഈ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ പലപ്പോഴും ഈ രംഗത്തെ വിദഗ്ധരുടെ സേവനം തേടുകയാണ് പതിവ്. എന്നാല്‍ ഈ ഉത്തരവാദിത്വം ശരിയായ രീതിയില്‍ നിര്‍വഹിക്കുവാനും അവരുമായി സംവദിക്കാനും അവരുടെ കാര്യങ്ങള്‍ മനസ്സിലാക്കാനും കൂടുതല്‍ കഴിയേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് ഈ പദ്ധതിയെന്നും കേരളത്തില്‍ തന്നെ ആദ്യമായാണ് ഒരു ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലെയും തെരഞ്ഞെടുക്കപ്പെട്ട ഉദോഗസ്ഥര്‍ക്ക് ഇത്തരം പരിശീലനം കൊടുക്കുന്നതെന്നും ഇത്തരമൊരു പരിപാടി ഭിന്നശേഷി സൗഹൃദമായ പൊലീസിങ്ങിനോടൊപ്പം പൊലീസും തങ്ങളോടെപ്പം ഉണ്ട് എന്ന സന്ദേശം നല്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
പൊലീസ് വകുപ്പില്‍ നിന്ന് കോഴിക്കോട് രൂപം കൊണ്ട അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍, സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, ജാഗ്രത സമിതി തുടങ്ങിയ പദ്ധതികളെല്ലാം മാതൃകാ പരമായ വിജയം കൈവരിക്കുകയും ജനപ്രീതിനേടുകയും ചെയ്തിട്ടുള്ളതും പിന്നീട് സംസ്ഥാന പ്രൊജക്റ്റ് ആയി മാറിയിട്ടുള്ളത് പോലെ ഈ പദ്ധതിയും കേരളത്തിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലേക്കും വ്യാപിച്ച് കേരളത്തിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളും ഭിന്നശേഷി സൗഹൃദമാവുക എന്ന സ്വപ്നമാണ് പൊലീസും സി ആര്‍ സിയും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയുടെ ലക്ഷ്യമെന്ന് പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ എ സി എ ഉമേഷ് പറഞ്ഞു.
പൊലീസുകാരുടെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഒരു സമീപനം ഉണ്ടായതില്‍ അതിയായ ആഹ്ലാദമുണ്ടെന്നും കേരളം മുഴുവന്‍ വ്യാപിച്ച് ഇന്ത്യയിലാകെ വ്യാപിക്കുന്ന രീതിയിലേക്ക് ഇതിനെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും സി ആര്‍ സി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി പറഞ്ഞു. എബിലിറ്റി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഫാല്‍ക്കറ്റികളും വിദ്യാര്‍ഥികളുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

