

ദോഹ: ലോകത്തിലെ ഏറ്റവും മികച്ച 100 ബീച്ചുകളില്‍ ഖത്തറിലെ ഖോര്‍ അല്‍ ഉദൈദും സ്ഥാനം പിടിച്ചു. ആഗോള ബീച്ചുകളില്‍ സ്‌പെഷ്യലൈസ് ചെയ്ത ലണ്ടന്‍ ആസ്ഥാനമായുള്ള ബീച്ച് അറ്റ്ലസ് വെബ്സൈറ്റാണ് മികച്ച ബീച്ചുകളെ തെരഞ്ഞെടുത്തത്. ഖോര്‍ അല്‍ ഉദൈദിന് 89-ാം സ്ഥാനമാണ് പട്ടികയിലുള്ളത്.

ക്ലാസിക് സൗന്ദര്യത്തിനപ്പുറം പ്രകൃതി വൈവിധ്യം, പ്രാദേശിക സമൂഹ മൂല്യം, സാംസ്‌കാരിക പ്രാധാന്യം, പശ്ചാത്തലം, ഐഡന്റിറ്റി, സന്ദര്‍ശകര്‍ക്ക് പ്രാതിനിധ്യവും സൗകര്യപ്രദവുമായവ തുടങ്ങിയ ഘടകങ്ങളാണ് പട്ടികയിലേക്ക് ബീച്ചുകളെ തിട്ടപ്പെടുത്താന്‍ ഉപയോഗിച്ചത്.

ലോകമെമ്പാടുമുള്ള യാത്രാ വിദഗ്ധര്‍, സ്വാധീനം ചെലുത്തുന്നവര്‍, ഫോട്ടോഗ്രാഫര്‍മാര്‍, ബ്ലോഗര്‍മാര്‍, പത്രപ്രവര്‍ത്തകരുടെ വോട്ടും പട്ടികയിലേക്ക് പരിഗണിച്ചിരുന്നു.
ഖത്തറിന്റെ തെക്ക് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഖോര്‍ അല്‍ ഉദൈദ് മരുഭൂമിയിലെ മണ്‍കൂനകള്‍ക്കും കടല്‍ തിരമാലകള്‍ക്കും ഇടയില്‍ അദ്വിതീയമായാണ് സ്ഥിതി ചെയ്യുന്നത്. വെറുമൊരു കടല്‍ത്തീരം എന്നതിനപ്പുറം പ്രകൃതിദത്ത അത്ഭുതങ്ങളുടെ സംയോജനവും ഭൂതകാലത്തിലേക്ക് ഒരു എത്തി നോട്ടവുമാണ് ഈ ബീച്ച് നല്‍കുന്നത്.
ഖോര്‍ അല്‍ ഉദൈദ് പ്രകൃതി സൗന്ദര്യത്തിന്റെയും ചരിത്രാതീതമായ കാലത്തിന്റേയും സമന്വയമാണെന്ന് പട്ടിക സൂചിപ്പിക്കുന്നു.
പട്ടികയില്‍ ഇടം പിടിച്ച മിഡില്‍ ഈസ്റ്റിലേയും അറബ് മേഖലയിലേയും ബീച്ചുകളില്‍ മൂന്നാം സ്ഥാനമാണ് ഖോര്‍ അല്‍ ഉദൈദിനുള്ളത്. യു എ ഇയുടെ ജെ ബി ആര്‍ ബീച്ച് എട്ടാം സ്ഥാനത്തും സൗദി അറേബ്യയിലെ ഉംലുജ് ബീച്ച് 41-ാം സ്ഥാനത്തുമുണ്ട്.
ഫ്രഞ്ച് പോളിനേഷ്യയിലെ ബോറ ബോറയാണ് പട്ടികയില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്കയിലെ ബോള്‍ഡേഴ്‌സ്, യു എസ് എയിലെ വൈക്കിക്കി, ബ്രസീലിലെ കോപകബാന എന്നിവയാണ് ആദ്യ സ്ഥാനങ്ങളിലുള്ള മറ്റു ബീച്ചുകള്‍.

