

നെയ്‌റോബി: കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് മലയാളികളാണ് മരിച്ചത്. ആറാമതൊരാള്‍ കൂടി മരിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല.

പാലക്കാട് മണ്ണൂര്‍ സ്വദേശി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗ്‌സ് (7), മൂവാറ്റുപുഴ സ്വദേശി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന് (ഒന്നര), മാവേലിക്കര ചെറുകോല്‍ സ്വദേശി ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞത്.


അപകടത്തില്‍ പലരുടേയും യാത്രാ രേഖകള്‍ നഷ്ടമായിട്ടുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാല്‍ മാത്രമേ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സാധിക്കുകയുള്ളു.
കനത്ത മഴയെ തുടര്‍ന്നാണ് മലയാളികള്‍ ഉള്‍പ്പെടെ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പലവട്ടം മറിഞ്ഞ ബസ് മരത്തിലിടിച്ച് താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കെനിയയിലെ മസായിമാരാ നാഷണല്‍ പാര്‍ക്കില്‍ നിന്ന് നാകുരുവിലേക്കുള്ള യാത്രക്കിടെയാണ് നാകുരു റോഡില്‍ പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെ സംഘം അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ച റിയയുടെ ഭര്‍ത്താവ് ജോയല്‍ ജോസഫ് റോഡ്രിഗസ് ഉള്‍പ്പെടെ മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍ പരിക്കേറ്റവരെ കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ദ് നെയ്‌റോബി ആശുപത്രിയിലെത്തിച്ചു.
റിയയുടേയും ജോയലിന്റേയും മകന്‍ ട്രാവിസ്, മരിച്ച ജസ്‌നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫ, മരിച്ച ഗീതയുടെ ഭര്‍ത്താവ് ഷോജി, മകന്‍ ഏബല്‍ തുടങ്ങിയവര്‍ക്കെല്ലാം പരിക്കുണ്ട്.
സംഘത്തില്‍ 14 പേരായിരുന്നു മലയാളികള്‍. മറ്റുള്ളവര്‍ കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു. സംഘം ഇന്നലെ ഖത്തറിലേക്ക് തിരികെ മടങ്ങേണ്ടതായിരുന്നു.
മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെന്നാണ് ലഭ്യമാകുന്ന വിവരം. കെനിയയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും വേള്‍ഡ് മലയാളഇ അസോസിയേഷന്‍ പ്രവര്‍ത്തകരും സഹായങ്ങളും നിയമനടപടികള്‍ക്കാവശ്യമായ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്.

