

ലഖ്നൗ: ലഖിംപൂരില്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കാറോടിച്ച് കയറ്റി എട്ടുപേര്‍ മരിച്ച സംഭവത്തില്‍ പതിനാലുപേര്‍ക്കെതിരെ കേസ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ മരിച്ച കര്‍ഷകരുടെ മൃതദേഹവുമായി കര്‍ഷകരുടെ റോഡ് ഉപരോധം തുടരുകയാണ്.

പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്ത യു പി പൊലീസ് ബി എസ് പി നേതാക്കളെ സ്ഥലത്തെത്താന്‍ അനുവദിച്ചിരുന്നില്ല. അതോടൊപ്പം പ്രദേശം സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ച വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ തടയുമെന്ന് യു പി പൊലീസ് മുന്നറിയിപ്പ് നല്കി.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി, പഞ്ചാബ് ഉപമുഖ്യമന്ത്രി എന്നിവരെ തടയാനാണ് യു പി സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ലഖ്നൗ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഇവരെ അനുവദിക്കില്ലെന്നാണ് പൊലീസിന്റെ നിലവപാട്. ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് മൊബൈല്‍- ഇന്റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചിട്ടുണ്ട്.

