ജ്വലിക്കുന്ന ഓര്‍മ്മയില്‍ കെ എം ബഷീര്‍: ഇന്ന് രണ്ടാം ചരമദിനം

Web Desk
2 Min Read

തിരുവനന്തപുരം:കെ എം ബഷീറിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനം ഇന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ യോഗം ഉച്ചക്ക് 12.30 ന് കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് ഹാളില്‍ ചേര്‍ന്നു. മന്ത്രി വി അബ്ദുറഹ്‌മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മീഡിയ അക്കാദമി ചെയര്‍മാന്‍മാന്‍ ആര്‍ എസ് ബാബു സംസാരിച്ചു.
കെ എം ബഷീര്‍ ഓര്‍മ്മയായിട്ട് രണ്ടു വര്‍ഷം തികയുകയാണ്. തെളിഞ്ഞു കത്തുന്നതിനിടെ കാറ്റത്ത് പൊടുന്നനെ പൊലിഞ്ഞ വിളക്കു പോലെ അപ്രതീക്ഷിതമായിരുന്നു ആ മടക്കം. പരിചയപ്പെടുന്ന ഓരോരുത്തര്‍ക്കും അവരുടെ സ്വന്തമെന്ന് തോന്നുന്ന പ്രകൃതം, സൗഹൃദക്കൂട്ടായ്മകളിലെ ഇഴപൊട്ടാത്ത കണ്ണി, ചിരിമാറാത്ത മുഖത്തിനുടമ, അങ്ങനെ വിശേഷണങ്ങള്‍ അനവധിയായിരുന്നു കെ എം ബി എന്ന വിളിപ്പേരുള്ള കെ എം ബഷീറിന്. ഒടുവില്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ് കിടന്നപ്പോഴും അവന്‍ ചുണ്ടില്‍ ഒരു പുഞ്ചിരി കരുതിവെച്ചിരുന്നു തന്റെ പ്രിയപ്പെട്ടവര്‍ക്കായി.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് ബൈക്കില്‍ സഞ്ചരിച്ച ബഷീര്‍ കൊല്ലപ്പെടുന്നത്. പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ കേസ് വിചാരണയുടെ ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. നരഹത്യ കേസില്‍ ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതിയായ വഫാ നജീമും ഈ മാസം ഒന്‍പതിന് ഹാജരാകാന്‍ ഉത്തരവിട്ടിരിക്കുകയാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് കേസ് സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് പ്രതികള്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് യഥാക്രമം ഒന്നും രണ്ടും പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍, വഫ എന്നിവരോട് ഈ മാസം ഒന്‍പതിന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
ഇതിനിടെ മാര്‍ച്ച് 20ന് ആരോഗ്യവകുപ്പില്‍ ശ്രീറാമിനെ തിരിച്ചെടുത്തു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായാണ് ശ്രീറാമിനെ നിയമിച്ചത്. കേസ് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ വിചാരണക്കായി ജില്ലാ സെഷന്‍സ് കോടതിയിലെത്തുകയാണ്. വിചാരണക്കൊടുവില്‍ ബഷീറിന് നീതി ലഭ്യമാകുമെന്നു തന്നെയാണ് ബഷീറിന്റെ കുടുംബത്തിന്റേയും സ്നേഹിതരുടേയും പ്രതീക്ഷ.

city exchange
Share This Article
Leave a Comment
error: Content is protected !!