NEWS
കൊച്ചിയില്‍ പൊതു ശൗചാലയങ്ങള്‍ അത്യാവശ്യമെന്ന് കൊച്ചി നഗരസഭ യു ഡി എഫ് പാര്‍ലമെന്ററി കമ്മിറ്റി
കൊച്ചി: മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുവിടങ്ങളിലെ മലമൂത്ര വിമുക്ത മേഖല സംബന്ധിച്ച ഫയല്‍ പാസ്സാക്കാനുള്ള നഗരസഭ പ്രത്യേക കൗണ്‍സില്‍ തീരുമാനം യു ഡി എഫ് അംഗങ്ങള്‍ തടഞ്ഞു. ഒ ഡി എഫ് (Open Defecation Free) സര്ട്ടിഫിക്കേഷന് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്തു മാത്രമെ നടപ്പാക്കാവു എന്ന യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ആവശ്യ പ്രകാരമാണ് പ്രത്യേക കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും കണ്ടിരിക്കേണ്ടതുമായ പട്ടികയിലുള്ള കൊച്ചി നഗരത്തില്‍ ശുചിത്വവും സുരക്ഷിതത്വവും ഇല്ലാത്ത പൊതു ശൗചാലയങ്ങള്‍ ഇല്ലാത്തത് മെട്രൊ നഗരം എന്ന പേരിന് നാണക്കേടാണ്.
സ്ഥിരം സമിതി ചെയര്മാന്മാരും ഉദ്യോഗസ്ഥരും സീ-ഹെഡ് തലവനും നഗരപഠനത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെയും നഗരസഭയുടെയും ചെലവില്‍ പല തവണ നടത്തിയ വിദേശ രാജ്യ സന്ദര്‍ശനം കൊണ്ട് ഇക്കാര്യത്തില്‍ നഗരത്തിന് എന്തെങ്കിലും പ്രയോജനമുണ്ടായതായി അറിവില്ല. ഏറ്റവും അത്യാവശ്യമുള്ള പൊതു ശൗചാലയങ്ങള്‍ ഇല്ലാത്ത ഒരേയൊരു അന്തരാഷ്ട്ര നഗരമാണിതെന്ന് യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളായ അഡ്വ. ആന്റണി കുരീത്തറ, അഡ്വ. വി കെ മിനിമോള്‍, എം ജി അരിസ്റ്റോട്ടില്‍ എന്നിവര്‍ പറഞ്ഞു. കക്കൂസ് അനുവദിക്കാന്‍ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പല കൗണ്‍സിലര്‍മാരില്‍ നിന്നും ഈ ഫയല്‍ ഒപ്പിട്ടു വാങ്ങിയതെന്ന യു ഡി എഫ് കൗണ്‍സിലര്‍ അരിസ്റ്റോട്ടില്‍ ആരോപിച്ചു.
വ്യായാമത്തിനും മറ്റാവശ്യങ്ങള്‍ക്കും
കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ എത്തുന്നവര്‍ പൊതു ശൗചാലയം പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുന്നുവെന്ന് ദീപ്തി മേരി പറഞ്ഞു.
പതിനാലാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കുക എന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ് എന്ന് വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്.
2016 നവംബര്‍ ഒന്നിന് നടന്ന സമ്പൂര്‍ണ്ണ ശുചിത്വ കേരള പ്രഖ്യാപനത്തിന്റെ ഭാഗമായി കൊച്ചി നഗര സഭ ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളും വെളിയിട വിസര്‍ജ്ജന വിമുക്ത പ്രദേശങ്ങളായി സ്വയം പ്രഖ്യാപിക്കയുണ്ടായി.
12 വാഹനങ്ങള്‍ കൊണ്ടുവരുന്ന കക്കുസ് മാലിന്യം ശുചീകരിക്കാന്‍ മാത്രം സൗകര്യമുള്ള നഗരത്തില്‍ അതിനുള്ള പാസ്സ് നല്കുന്ന കാര്യത്തില്‍ പോലും അഴിമതിയുണ്ട്. 42 വാഹനങ്ങള്‍ക്കു മാത്രം കക്കൂസ് മാലിന്യം ശേഖരിക്കാന്‍ മാത്രമെ നഗരസഭ ലൈസന്‍സ് നല്കിയിട്ടുള്ളുവെങ്കിലും നൂറോളം വാഹനങ്ങള്‍ ദിനം പ്രതി മാലിന്യം ശേഖരിക്കുകയും ഓടകളിലും പൊതു വിടങ്ങളിലും നിക്ഷേപിക്കുന്നുണ്ടെന്ന് ടിബിന്‍ ദേവസ്സി പറഞ്ഞു.
തൊഴില്‍, വിദ്യാഭ്യാസം, കച്ചവടം, ചികിത്സ, വിനോദസഞ്ചാരം തുടങ്ങി നിരവധി ദൈനംദിന ആവശ്യങ്ങള്‍ക്കായി നഗരത്തിലും അനുബന്ധ പ്രദേശങ്ങളിലും വന്നു പോകുന്ന ജനസംഖ്യാനുപാതികമായി ആവശ്യമായ പൊതു ശൗചാലയങ്ങള്‍ സ്ഥാപിക്കുന്നതിനു
നഗരസഭ എകകണ്ഠമായി അടിയന്തിര നടപടികള്‍ സ്വീകരിക്കണം.
ശുചിത്വമുള്ള പൊതു ശൗചാലയങ്ങള്‍ നഗരസഭ നേരിട്ടോ അല്ലാതെയോ ഏര്‍പ്പെടുത്തണം. പൊതുമേഖലാ സ്ഥാപനങ്ങളുടെ പിന്തുണയും ഇക്കാര്യത്തില്‍ തേടാവുന്നതാണ്. സ്ത്രീകള്ക്കായുള്ളവ പ്രത്യേക സുരക്ഷിത്വത്തോടെ കൈകാര്യം ചെയ്യണം. നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ നിരന്തര പരിശോധനയും മേല്‍നോട്ടവും ഇവിടങ്ങളില്‍ ഉറപ്പു വരുത്തണമെന്നും പൊതു ശൗചാലയങ്ങളുടെ ലോക്കേഷന്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ ആവശ്യപ്പെട്ടു.


