

റബാത്: ബ്രിട്ടീഷ് ചിത്രം ലേഡി ഓഫ് ഹെവന്റെ പ്രദര്‍ശനം മൊറോക്കോയിലും നിരോധിച്ചു. മൊറോക്കോയ്ക്ക് മുമ്പ് ഈജിപ്ത്, പാകിസ്ഥാന്‍, ഇറാഖ്, ഇറാന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സിനിമ നിരോധിച്ചിട്ടുണ്ട്. മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയെക്കുറിച്ചുള്ള സിനിമയ്‌ക്കെതിരെ കനത്ത പ്രതിഷേധമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്നത്.

ബ്രിട്ടനിലെ മുസ്ലിങ്ങള്‍ സിനിമയുടെ പ്രദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രാജ്യത്തെ ഒരു യു.കെ സിനിമാ ചെയ്ന്‍ ചിത്രത്തിന്റെ എല്ലാ പ്രദര്‍ശനവും റദ്ദാക്കിയിരുന്നു. സിനിമയുടെ നിരോധനങ്ങളെയും സിനിമക്കെതിരായ പ്രതിഷേധങ്ങളെയും പിന്തുണച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്നു ഒരു ഇമാമിനെ ബ്രിട്ടിഷ് ഗവണ്‍മെന്റ് പിരിച്ചുവിട്ടിരുന്നു.

ഇസ്‌ലാമിക് സ്‌റ്റേറ്റ് ഇറാഖില്‍ അധിനിവേശം നടത്തിയത് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന സിനിമ ജൂണ്‍ മൂന്നിനാണ് ബ്രിട്ടനില്‍ റിലീസ് ചെയ്തത്. അനാഥയായ ഒരു ഇറാഖി പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെ മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയുടെ ജീവിത കഥയാണ് ചിത്രത്തില്‍ പറയുന്നത്. ഫാത്തിമയുടെ ജീവിതത്തില്‍ നടന്നതെന്ന് പറയപ്പെടുന്ന സംഭവങ്ങളാണ് സിനിമയില്‍ കാണിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.
ഇസ്‌ലാമിക ചരിത്രത്തില്‍ പറഞ്ഞിട്ടുള്ള വസ്തുതകള്‍ കൃത്രിമമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും ചിത്രീകരിക്കുന്നതാണ് ലേഡി ഓഫ് ഹെവനെന്ന് നിരോധനത്തില്‍ മൊറോക്കോ ചൂണ്ടിക്കാട്ടി. മുസ്‌ലിംകള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത ഹീനമായ പ്രവര്‍ത്തിയാണിതെന്നായിരുന്നു മുസ്ലിം ഭൂരിപക്ഷ, വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ ഉയര്‍ന്ന മത അതോറിറ്റിയായ സുപ്രിം ഉലമ കൗണ്‍സില്‍ സിനിമയെക്കുറിച്ച് പ്രതികരിച്ചത്.
പ്രവാചകന്റെ അടുത്ത പിന്‍ഗാമിയും ഇസ്‌ലാമിലെ പ്രഥമ ഖലീഫയുമായ അബൂബക്കറിനെക്കുറിച്ച് അപകീര്‍ത്തികരമായ കാര്യങ്ങള്‍ സിനിമയില്‍ പറയുന്നതായും സുപ്രിം ഉലമ കൗണ്‍സില്‍ പറഞ്ഞു. സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ക്ക് പ്രശസ്തിയും സെന്‍സേഷനലിസവും അവരുടെ സിനിമയുടെ പ്രൊമോഷനും കൂടുതല്‍ കാഴ്ചക്കാരെയുമാണ് വേണ്ടതെന്നും അത് മുസ്ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയും മതപരമായ സെന്‍സിറ്റിവിറ്റി ഉണര്‍ത്തിയുമാണ് അവര്‍ ചെയ്യുന്നതെന്നും ഉലമ കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു. 99 ശതമാനവും സുന്നി മുസ്‌ലിംകളുള്ള രാജ്യമാണ് മൊറോക്കോ.

