
റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് കീഴില്‍ നടക്കുന്ന ‘ലേണ്‍ ദ ഖുര്‍ആന്‍’ പദ്ധതി നാലാം ഘട്ടത്തിലെ ഫൈനല്‍ പരീക്ഷ വെള്ളിയാഴ്ച (നവംബര്‍ 12) ന് നടക്കും.
അന്താരാഷ്ട്ര തലത്തില്‍ ഓണ്‍ലൈനായായാണ് പരീക്ഷ. സൗദി സമയം വൈകീട്ട് നാല് മുതല്‍ രാത്രി എട്ട് വരെ (ഇന്ത്യന്‍ സമയം വൈകീട്ട് 6.30 മുതല്‍ 10.30 വരെ) നാല് മണിക്കൂര്‍ സമയമാണ് പരീക്ഷ. പരീക്ഷയുടെ ലിങ്ക് www.learnthequran.org എന്ന വെബ്‌സൈറ്റിലൂടെ പരീക്ഷാര്‍ഥികള്‍ക്ക് ലഭിക്കും.
രണ്ട് മണിക്കൂര്‍ സമയം കൊണ്ട് പരീക്ഷ പൂര്‍ത്തിയാക്കണം. ഏറ്റവും എളുപ്പത്തില്‍ ഏത് ഡിജിറ്റല്‍ ഉപകരണത്തിലും ഉപയോഗിക്കാവുന്ന എക്‌സാം സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പരീക്ഷാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പരീക്ഷ സുഗമമായി എഴുതാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യാത്ത പഠിതാക്കള്‍ക്ക് ലേണ്‍ ദ ഖുര്‍ആന്‍ വെബ്‌സൈറ്റില്‍ പരീക്ഷാ ദിവസം വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
സൗദി ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്വ ആന്‍ഡ് അവയര്‍നെസ് സൊസൈറ്റിയുടെ അംഗീകാരത്തോടെയും മേല്‍നോട്ടത്തിലുമാണ് പഠനപദ്ധതിയും പരീക്ഷയും നടക്കുന്നത്. മുഹമ്മദ് അമാനി മൗലവി രചിച്ച ഖുര്‍ആന്‍ വിവരണത്തിലെ സൂറത്തുല്‍ ദാരിയാത് മുതല്‍ സൂറത്തുല്‍ ഹദീദ് വരെയാണ് (ജുസ്അ് 27) ഈ പരീക്ഷയുടെ പാഠഭാഗം.
ഒന്നാം സ്ഥാനത്ത് എത്തുന്നയാള്‍ക്ക് ഒരു ലക്ഷം രൂപയും ആദ്യ 10 സ്ഥാനക്കാര്‍ക്ക് പ്രത്യേക കാഷ് അവാര്‍ഡും ലേണ്‍ ദ ഖുര്‍ആന്‍ ഗ്ലോബല്‍ സംഗമത്തില്‍ സമ്മാനിക്കും.
ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ പങ്കെടുക്കുന്ന പരീക്ഷയുടെ സൗകര്യപ്രദമായ നടത്തിപ്പിനായി ഹെല്‍പ്പ് സെന്ററുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. +9665 5052 4242, +9195 6764 9624, +9665 3629 1683, +9665 562508011 എന്നീ വാട്ട്‌സ്ആപ് നമ്ബറുകളാണ് ഹെല്‍പ് ലൈന്‍.
കെ.എന്‍.എം ഓണ്‍ലൈന്‍ ചാനല്‍ ‘റിനൈ ടിവി’യുടെ സൗദി വിഭാഗമാണ് പരീക്ഷയുടെ പ്രചരണ പ്രവര്‍ത്തനം നടത്തുന്നത്. ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ദഅ്വ, കാള്‍ ആന്‍ഡ് അവയര്‍നെസ് സെന്ററുകളുടെ മലയാളവിഭാഗം അതത് സൗദിയിലെ പ്രദേശങ്ങളിലെ പഠിതാക്കള്‍ക്കും പരീക്ഷാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ ചോദ്യാവാലി ഉള്‍ക്കൊള്ളുന്ന വര്‍ക്ക് ഷീറ്റിനെ ആധാരമാക്കിയാണ് ഫൈനല്‍ പരീക്ഷ. വര്‍ക്ക് ഷീറ്റ് ആവശ്യമുള്ളവര്‍ക്ക് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷില്‍ മാത്രമായിരിക്കും പരീക്ഷ. അടുത്ത വര്‍ഷത്തെ അഞ്ചാംഘട്ട പരീക്ഷയുടെ സൂറത്തുല്‍ ഖാഫ് മുതല്‍ സൂറത്തുല്‍ ജാസിയ വരെയുള്ള പാഠപുസ്തകവും ക്ലാസുകളും ഫൈനല്‍ പരീക്ഷക്കു ശേഷം പഠിതാക്കള്‍ക്ക് ലഭ്യമാകും.
ഫൈനല്‍ പരീക്ഷക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും ലോകത്താകമാനമുള്ള മലയാളികളും പരീക്ഷയില്‍ പങ്കാളികളാകുമെന്നും റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. അബ്ദുല്‍ ഖയ്യൂം ബുസ്താനി, മുഹമ്മദ് സുല്‍ഫിക്കര്‍, അഡ്വ. അബ്ദുല്‍ ജലീല്‍, മുഹമ്മദ്കുട്ടി കടന്നമണ്ണ, ഫൈസല്‍ ബുഹാരി, നൗഷാദ് മടവൂര്‍, സാജിദ് കൊച്ചി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


