ആത്മീയ നിലാവ് പെയ്തിറങ്ങട്ടെ

Web Desk
2 Min Read

പുണ്യ റമദാന്‍ വ്രതം നമുക്ക് ഓര്‍മ്മകള്‍ മാത്രമല്ല ഓര്‍മ്മിപ്പിക്കല്‍ കൂടിയാണ്. വിശപ്പിലൂടെ ആത്മാവിനു ചൈതന്യം ആര്‍ജ്ജിയ്‌ക്കേണ്ട ദിനരാത്രികള്‍. ഇന്ന്, പകലിലെ പട്ടിണിക്കും ശേഷം രാത്രി, ഭക്ഷണങ്ങള്‍ കൊണ്ട് ഫുഡ് ഫെസ്റ്റിവല്‍ ആക്കി മാറ്റുന്നു. അതുമൂലം നോമ്പിന്റെ മഹത്വം നഷ്ടമാവുകയാണ്.

city exchange

നമ്മുടെ മുന്നില്‍ രോഗം കൊണ്ടും മറ്റും പ്രയാസം അനുഭവിക്കുന്ന ഒട്ടേറെ ആളുകള്‍ ഉണ്ട്. കിടന്നുറങ്ങാന്‍ ഒരു കൂര പോലും ഇല്ലാത്തവരും മറ്റു പലതരത്തിലുള്ള പ്രയാസം അനുഭവിക്കുന്നവരുമുണ്ട്. അവരുടെ കാര്യത്തില്‍ നിരന്തരം ഇടപെടലുകള്‍ നടത്താന്‍ നമുക്ക് കഴിയണം. പകല്‍ കഠിന വ്രതത്തില്‍ ഏര്‍പ്പെടുകയും രാവുകളെ പ്രാര്‍ഥനാ നിര്‍ഭാരമാക്കുകയും ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കുകയും ചെയ്തു സൃഷ്ടാവിനോട് പാപമോചനത്തിനായി പ്രാര്‍ഥിക്കുവാന്‍ റമദാന്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നു. അതിലൂടെ അവന്‍ സൂക്ഷ്മത പാലിക്കുന്നവന്‍ ആയിത്തീരാന്‍ വേണ്ടി.

വളരെ പുണ്യകരമാണെന്ന് ഇസ്‌ലാം നിര്‍ദ്ദേശിച്ച കര്‍മമാണ് ദാനധര്‍മങ്ങള്‍. രോഗികളെ സാന്ത്വനിപ്പിക്കുക, അനാഥകളെ സംരക്ഷിക്കുക, വിധവകളെ സഹായിക്കുക, നിരാലംബര്‍ക്കു ആശ്വാസമെത്തിക്കുക- ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പങ്കാളികളാവാന്‍ വ്രതം അനുഷ്ഠിക്കുന്നതോടൊപ്പം തന്നെ നമുക്കും കഴിയണം. ദൈവ പ്രീതിക്കുവേണ്ടിയുള്ള ദാനധര്‍മ്മങ്ങള്‍ക്കു ലഭിക്കുന്ന പുണ്യം അളവറ്റതാണ്. ദൈവം തനിക്ക് നല്കിയ അനുഗ്രഹമായ സമ്പത്ത് പാവപ്പെട്ടവര്‍ക്കു വേണ്ടി ചെലവഴിക്കാനുള്ള സന്മനസ്സാണ് ദാനധര്‍മങ്ങളിലൂടെ ഉണ്ടാവുന്നത്.

- Advertisement -
Ad image

പ്രവാചകന്‍ ജനങ്ങളില്‍ ഏറ്റവും ഔദാര്യവാനായിരുന്നു. റമദാന്‍ മാസമായിക്കഴിഞ്ഞാല്‍ പ്രവാചകന്റെ ഔദാര്യശീലം ഇരട്ടിയാകുമായിരുന്നു. പാവപ്പെട്ടവരുടെ വിശപ്പ് അനുഭവത്തിലൂടെ അറിയാന്‍ സമ്പന്നര്‍ക്ക് അവസരം ലഭിക്കുന്നതിലൂടെ ദീനാനുകമ്പയും സഹാനുഭൂതിയും കൈവരിക്കാന്‍ വ്രതം നിമിത്തം സാധിക്കേണ്ടതുണ്ട്. അത് കൊണ്ടാണ് മറ്റുമാസങ്ങളേക്കാള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ റമദാനില്‍ സജീവമാകുന്നത്.

സഹായം സമ്പത്തുകൊണ്ട് മാത്രമല്ല, മറ്റു നല്ല സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാവാം. രോഗത്താല്‍ വേദനിക്കുന്നവര്‍ക്കും അശരണരും ആലംബഹീനരുമായി നിത്യദുരിതം അനുഭവിക്കുന്നവരിലേക്കും സാന്ത്വനവുമായി കടന്നു ചെല്ലുന്നത് റമദാന്‍ മാസത്തിലെ വ്രതനാളുകളില്‍ ആവുമ്പോള്‍ അത് ഏറെ പുണ്യകരവും ഇരട്ടി പ്രതിഫലവുമുള്ളതുമായിത്തീരുന്നു.

വലതുകൈ നല്‍കിയത് ഇടതുകൈ അറിയാത്തവിധം പരമ രഹസ്യമായി ചെയ്യുന്ന ദാനത്തിന് വലിയ പ്രതിഫലമുണ്ടന്നും ഏറ്റവും പ്രിയപ്പെട്ടത് കൊടുക്കലാണ് ഏറ്റവും വലിയ പുണ്യമെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു.

വിശുദ്ധ മാസത്തിന്റെ പവിത്രത ഉള്‍ക്കൊണ്ട് ആത്മ വിശുദ്ധി കൈവരിക്കുവാനും ആത്മസംസ്‌ക്കരണത്തിലൂടെ ജീവിത വിജയം നേടാനും എല്ലാവര്‍ക്കും സാധിക്കട്ടെ.

ധൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും വാര്‍ഷികാഘോഷമായി പുണ്യ നാളുകളെ മാറ്റാതെ വ്രതത്തിന്റെ ആത്മീയത ചോര്‍ന്നുപോവാതെ നമുക്ക് കഴിയണം. ദൈവ സ്മരണനയില്‍ പ്രാര്‍ഥനകള്‍ക്കായ് കൂടുതല്‍ നേരം ചിലവഴിക്കുന്നതിനു പകരം മുസ്‌ലിം സ്ത്രീകള്‍ക്ക് ഏറ്റവും തിരക്കേറിയതും ഉറക്കം കുറഞ്ഞതുമായ മാസമാണിത്. ഏറിയ പങ്കും അടുക്കളയില്‍ തീര്‍ക്കുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് നമുക്ക് ദൈവം കനിഞ്ഞു നല്‍കിയ പുണ്യദിനങ്ങളെയാണ് നാം ആദരിക്കാതെ, ബഹുമാനിക്കാതെ പോകുന്നതെന്നാണ്. തീന്‍മേശയിലെ ധാരാളിത്തം ഒഴിവാക്കി മിതത്വവും മനോനിയന്ത്രണനവും പ്രാര്‍ഥനനിര്‍ഭരവും ആവട്ടെ നോമ്പ്. പൂര്‍ണമായും ആരാധനയാണ്, അല്ലതെ വിരുന്നു കാലമല്ല. വിശപ്പ് അറിയുന്നവന് മാത്രമേ മറ്റുള്ളവരുടെ വിശപ്പ് അറിയാന്‍ കഴിയൂ. അതുതന്നെയാണ് നോമ്പിന്റെ മാഹാത്മ്യവും.

നോമ്പായാലും അല്ലെങ്കിലും എന്ത് ഭക്ഷിക്കണമെന്നു പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നമ്മള്‍ സ്വയം വിമര്‍ശനാതീതമാകേണ്ടതുണ്ട്. അനുഗ്രഹീതമായ ഈ മാസത്തില്‍ ഖുര്‍ആന്‍ പാരായണം നടത്തിയും ദാനധര്‍മങ്ങള്‍ ചെയ്തും നമസ്‌കാരങ്ങള്‍ നിലനിര്‍ത്തിയും പ്രാര്‍ഥനകള്‍ അധികരിപ്പിച്ചും അനാവശ്യകാര്യങ്ങള്‍ വര്‍ജിച്ചും പാപമോചനത്തിനും കാരുണ്യത്തിനും നരകമോചനത്തിനും പ്രാര്‍ഥിച്ചും ഈ പവിത്രമായ മാസത്തെ ചൈതന്യം നേടിയെടുക്കാനും നമ്മുടെ ഹൃദയത്തില്‍ ആത്മീയതയുടെ നിലാവ് പെയ്യിക്കാനും കഴിയട്ടെ. എല്ലാവര്‍ക്കും റമദാന്‍ ആശംസകള്‍.

Share This Article
Leave a Comment
error: Content is protected !!