

ദോഹ: ഗതാഗത മന്ത്രാലയം ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ലുസൈല്‍ ട്രാമിന്റെ സേവനം വിപുലീകരിക്കുന്നു. പിങ്ക് ലൈന്‍ സര്‍വീസും എല്ലാ ഓറഞ്ച് ലൈന്‍ സ്റ്റേഷനുകളും പ്രവര്‍ത്തിപ്പിക്കും.

പത്ത് പുതിയ ഓറഞ്ച് ലൈന്‍ സ്റ്റേഷനുകളാണ് സേവനത്തിന് തയ്യാറായത്. നൈഫ, ഫോക്‌സ് ഹില്‍സ് സൗത്ത്, ഡൗണ്‍ടൗണ്‍ ലുസൈല്‍, അല്‍ ഖൈല്‍ സ്ട്രീറ്റ്, ഫോക്‌സ് ഹില്‍സ്- നോര്‍ത്ത്, ക്രസന്റ് പാര്‍ക്ക്- നോര്‍ത്ത്, റൗദത്ത് ലുസൈല്‍, എര്‍ക്കിയ, ലുസൈല്‍ സ്റ്റേഡിയം, അല്‍ യാസ്മീന്‍.


ഈ ഘട്ടത്തില്‍ ലെഗ്‌തൈഫിയ മുതല്‍ സീഫ് ലുസൈല്‍- നോര്‍ത്ത് വരെ അല്‍ സദ്ദ് പ്ലാസ ഒഴികെയുള്ള എല്ലാ പിങ്ക് ലൈന്‍ സ്റ്റേഷനുകളും പ്രവര്‍ത്തിക്കും. 10 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നതാണ് പിങ്ക് ലൈന്‍ സര്‍വീസ്. ഇതോടെ പുതിയ സ്റ്റേഷനുകളുടെ എണ്ണം 14 ആയി ഉയര്‍ന്നു, ലുസൈല്‍ ട്രാമിലെ മൊത്തം പ്രവര്‍ത്തന സ്റ്റേഷനുകളുടെ എണ്ണം 21 ആയി.
ദോഹ മെട്രോയുടെ അതേ സേവന സമയങ്ങളില്‍ ആഴ്ചയില്‍ ഏഴു ദിവസവും ലുസൈല്‍ ട്രാം സര്‍വീസ് പ്രവര്‍ത്തിക്കുന്നു: ശനി മുതല്‍ ബുധന്‍ വരെ രാവിലെ 5:30 മുതല്‍ അര്‍ധരാത്രി 12 വരെ. വ്യാഴാഴ്ചകളില്‍ രാവിലെ 5.30 മുതല്‍ പുലര്‍ച്ചെ 1 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2 മുതല്‍ പുലര്‍ച്ചെ 1 വരെയും സര്‍വീസ് നടത്തും.
പിങ്ക് ലൈന്‍ സേവനവും ഓറഞ്ച് ലൈന്‍ സ്റ്റേഷനുകളും സര്‍വീസ് ആരംഭിക്കുന്നതോടെ അല്‍ സീഫ്, ക്രസന്റ് പാര്‍ക്ക്, ലുസൈല്‍ ബൊളിവാര്‍ഡ്, അല്‍ മഹാ ദ്വീപ് എന്നിവയുള്‍പ്പെടെ ലുസൈലിലെ നിരവധി പ്രദേശങ്ങളിലേക്കും ലക്ഷ്യസ്ഥാനങ്ങളിലേക്കും നേരിട്ട് യാത്ര ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് ട്രാം ഉപയോഗിക്കാനാകും. അതുപോലെ ലെഗ്തിഫിയ സ്റ്റേഷന്‍ വഴി മെട്രോ നെറ്റ്വര്‍ക്കിലേക്ക് കണക്റ്റു ചെയ്യാം.

