

കോട്ടയം: വിദ്യാഭ്യാസ വിദഗ്ധയും വനിതാ ക്ഷേമ പ്രവര്‍ത്തകയും ബുക്കര്‍ സമ്മാന ജേത്രി അരുന്ധതി റോയിയുടെ മാതാവുമായ മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു. ലളിത് റോയി മകനാണ്.

ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രിം കോടതി വിധിക്കു വഴിയൊരുക്കിയ മേരി റോയിയാണ് കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപക.

കല്‍ക്കത്തയില്‍ ഒരു കമ്പനി സെക്രട്ടറിയായി ജോലി ചെയ്യവേ പരിചയപ്പെട്ട ബംഗാളിയായ രാജീബ് റോയിയെ വിവാഹം ചെയ്ത മേരി കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് കുട്ടികളുമായി നാട്ടില്‍ തിരികെ എത്തുകയായിരുന്നു. പിതാവിന്റെ ഊട്ടിയിലുള്ള വീട്ടില്‍ താമസമാക്കിയ മേരി റോയ് പ്രസ്തുത വീടിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളുമായാണ് കോടതിയിലെത്തിയത്. മേരി റോയിയുടെ നിയമപോരാട്ടത്തിനൊടുവില്‍ 1916ലെ തിരുവിതാംകൂര്‍ ക്രിസ്തീയ പിന്തുടര്‍ച്ചാ അവകാശ നിയമം അസാധുവാണെന്നും വില്‍പത്രമെഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ അവകാശമാണെന്നുമുള്ള സുപ്രധാന വിധി സുപ്രിം കോടതി പുറപ്പെടുവിക്കുകയായിരുന്നു.
കേസിലൂടെ അവകാശം നേടിയ വീട് മേരി റോയ് പില്‍ക്കാലത്തു സഹോദരനുതന്നെ തിരിച്ചുനല്‍കിയിരുന്നു. സഹോദരന് എതിരെയല്ല കോടതിയില്‍ പോയതെന്നും നീതി തേടിയാണെന്നും അവര്‍ പറഞ്ഞിരുന്നു. മക്കള്‍ തുല്യരാണെന്നും പെണ്‍കുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണമെന്നും മാത്രമായിരുന്നു കേസുമായി മുമ്പോട്ടു പോകുമ്പോള്‍ ആഗ്രഹിച്ചിരുന്നതെന്നും അവര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.

