

കൊച്ചി: കൊച്ചിയില്‍ ആഴക്കടലില്‍ നിന്ന് 15,000 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടിയതായി നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഒരു പാകിസ്താന്‍ പൗരന്‍ പിടിയിലായി. നാവിക സേനയും നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായ നടത്തിയ പരിശോധനയിലാണ് വന്‍ മയക്കു മരുന്ന് കടത്ത് പിടിയിലായത്.

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയും ഏറ്റവും വലിയ മെത്താഫെറ്റമിന്‍ വേട്ടയുമാണിതെന്നു നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ലഹരിക്കടത്ത് തടയുന്നതിനുള്ള ഓപ്പേറഷന്‍ സമുദ്രഗുപ്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. പിടിച്ചെടുത്ത ലഹരി മരുന്ന് നാവിക സേനയുടെ സഹായത്തോടെ കൊച്ചിയിലെത്തിച്ചു.

ഇതുവരെ നടന്ന ഓപ്പറേഷനുകളിലായി 3200 കിലോഗ്രാം മെത്താഫെറ്റമിന്‍, 500 കിലോഗ്രാം ഹെറോയിന്‍, 529 കിലോഗ്രാം ഹഷീഷ് ഓയില്‍ എന്നിവയാണു പിടികൂടിയത്.
ഒരു മദര്‍ഷിപ്പില്‍ നിന്നും ഇത്തരത്തിലുള്ള വലിയ ലഹരിവേട്ട ഇന്ത്യന്‍ ഏജന്‍സികളില്‍ നടത്തുന്നത് ഇതാദ്യമാണ്. ഇന്ത്യന്‍ ഏജന്‍സിയുടെ കപ്പലിലായിരുന്നു ലഹരിക്കടത്ത്.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ കടല്‍ പാതയിലൂടെ ഹെറോയിന്റേയും മറ്റ് മയക്കുമരുന്നുകളുടേയും കടത്തലുകള്‍ നടക്കുന്നതായും ഇത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കണ്ടെത്തിയതോടെ നാര്‍ക്കോട്ടിക് ക്രൈം ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ഷായുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ സമുദ്രഗുപ്ത് ആരംഭിച്ചത്.

