NEWS
ദുരന്ത മേഖലയില്‍ താങ്ങും തണലുമായി മേപ്പാടിയിലെ മസ്ജിദുറഹ്മാനും ടീം യൂണിറ്റിയും
മേപ്പാടി: ചൂരല്‍മല ദുരന്തം നടന്നതിന്റെ പിറ്റേദിവസം മുതല്‍ ദുരന്ത നിവാരണത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മസ്ജിദുറഹ്മാന്‍.
വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനാണ് കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിറ്റി സോഷ്യല്‍ സര്‍വ്വീസ് മൂവ്‌മെന്റ് ‘യൂണിറ്റി ഹബ്ബ്’ എന്ന പേരില്‍
ആശ്വാസ കേന്ദ്രം തുറന്നതെങ്കിലും ദുരന്തവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളുടെയും ആസ്ഥാനമാണിന്ന് മസ്ജിദുറഹ്മാനും അതിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എം സി എഫ് പബ്ലിക് സ്‌കൂളും.
മസ്ജിദിന്റെ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ഡെഡ് ബോഡി തിരിച്ചറിയല്‍ കേന്ദ്രവും താല്‍ക്കാലിക മോര്‍ച്ചറി മറ്റ് മെഡിക്കല്‍ എയ്ഡ് സെന്ററുകള്‍ എന്നിവയിലൊക്കെ പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങളില്‍ പെടുന്ന വളണ്ടിയര്‍മാര്‍, പൊലീസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഒഫീഷ്യലുകള്‍ എന്നിവര്‍ക്കെല്ലാം മൂന്ന് നേരവും ഭക്ഷണം നല്‍കുന്നത് യൂണിറ്റി ഹബ്ബില്‍ വെച്ചാണ്.
ബോഡി തിരിച്ചറിയുന്നതിന് ഡി എന്‍ എ ടെസ്റ്റ് നടത്താനുള്ള ലാബ് കൂടി പ്രവര്‍ത്തിക്കുന്നതും ഇവിടെ വെച്ച് തന്നെ.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സേവനത്തിനായി എത്തിച്ചേരുകയും
ദുരന്ത ഭൂമിയില്‍ തെരച്ചിലടക്കം വിവിധ ജോലികളില്‍ ഏര്‍പ്പെട്ടു കൊണ്ട് രാപകലില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ത്രീ വളണ്ടിയര്‍മാരുള്‍പ്പെടെ നൂറ് കണക്കിന് യൂണിറ്റി പ്രവര്‍ത്തകരുടെ ആശ്വാസ കേന്ദ്രം കൂടിയാണ് മസ്ജിദുറഹ്മാനില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റി ഹബ്ബ്.
കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എം സൈദലവി എഞ്ചിനീയര്‍, ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍, ജലീല്‍ മദനി, ജാബിര്‍ വാഴക്കാട്, മഷ്ഹൂദ് കെ, ബശീര്‍ സ്വലാഹി തുടങ്ങിയവര്‍ക്ക് പുറമെ പള്ളി ഭാരവാഹികളായ ടി കെ അബ്ദുറഹ്മാന്‍, സലീം മാസ്റ്റര്‍, ശരീഫ് സ്വലാഹി, അസീസ് കാവുംപാടം തുടങ്ങിയവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃതം നല്‍കുന്നു.
ഡെഡ് ബോഡി തെരച്ചിലും അനുബന്ധ പ്രവര്‍ത്തനങ്ങളുമെല്ലാം അവസാനിച്ചാലും ദുരന്തത്തിന്റെ ഇരകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാനായി മേപ്പാടി ടൗണില്‍ കോഴിക്കോട് ഹെല്‍പ്പിംഗ് ഹാന്റസിന്റെ കൂടി പങ്കാളിത്തത്തോടെ വിശാലമായ ഒരു കലക്ഷന്‍ സെന്റര്‍ കൂടി തുറന്നിട്ടുണ്ട്.