Featured
ദക്ഷിണ ചൈന കടലില്‍ ഇന്ത്യ ഉള്‍പ്പെടെ നാലു രാജ്യങ്ങളുടെ സൈനിക അഭ്യാസം
ന്യൂഡല്‍ഹി: രണ്ട് മാസത്തെ സംയുക്ത സൈനിക അഭ്യാസങ്ങള്‍ക്ക് നാല് യുദ്ധക്കപ്പലുകള്‍ അടങ്ങുന്ന ടാസ്‌ക് ഫോഴ്സിനെ ദക്ഷിണ ചൈന കടലിലേക്ക് അയയ്ക്കുമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ക്വാഡ് പങ്കാളികളായ അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളാണ് സംയുക്ത സൈനിക അഭ്യാസം നടത്തുന്നത്.
ഗൈഡഡ്- മിസൈല്‍ ഡിസ്ട്രോയര്‍, ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റ്, ആന്റി- സബ്മറൈന്‍ കൊര്‍വെറ്റ്, ഗൈഡഡ്- മിസൈല്‍ കോര്‍വെറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ നാവികസേനയുടെ ടാസ്‌ക് ഫോഴ്സ്.
വിന്യാസത്തിനിടെയുള്ള മറ്റ് ഉഭയകക്ഷി രാജ്യങ്ങളുടെ നാവിക സേനാ അഭ്യാസങ്ങളുടെ ഭാഗമായി ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ദക്ഷിണ ചൈന കടല്‍ തീരത്തുള്ള സിംഗപ്പൂര്‍, വിയറ്റ്നാം, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള നാവിക യൂണിറ്റുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നാവിക സംരംഭങ്ങളിലൂടെ ഇന്ത്യന്‍ നാവികസേനയും സൗഹൃദ രാജ്യങ്ങളും തമ്മില്‍ സമുദ്രത്തിലെ പൊതുഗതാഗത താത്പര്യങ്ങളും കടലിലെ നാവിഗേഷന്‍ സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധതയും അടിസ്ഥാനമാക്കിയുള്ള സമന്വയവും ഏകോപനവും മെച്ചപ്പെടുത്തുമെന്ന് ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു.
ദക്ഷിണ ചൈനാ കടലിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളും തങ്ങളുടെ പരമാധികാര പ്രദേശമാണെന്ന് ബീജിംഗ് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ ഭാഗത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ വലിയ സൈനിക നീക്കങ്ങള്‍ വ്യത്യസ്ത രാജ്യങ്ങള്‍ നടത്തിയിട്ടുണ്ട്. ജലപാതയിലുള്ള നിരവധി പാറക്കെട്ടുകളും മണല്‍ത്തിട്ടകളും ആയുധങ്ങളുമായി ചൈന മനുഷ്യ നിര്‍മിത ദ്വീപുകളാക്കി ചൈന മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ കപ്പലുകള്‍ ഉള്‍പ്പെടെ ഇത്തരം ദ്വീപുകള്‍ക്ക് സമീപം നാവിക പരിശീലനങ്ങള്‍ നടത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ദക്ഷിണ ചൈനാ കടലില്‍ വിദേശ നാവിക സേനകളുടെ സാന്നിധ്യത്തെ ചൈന ശക്തമായി എതിര്‍ക്കുന്നുണ്ട്. ഈയിടെ ബ്രിട്ടന്റെ കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പിനെ വിന്യസിക്കുന്നതിന് മുമ്പ് യു കെ ‘ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രതാപകാലത്തെ’ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ചൈനീസ് ഭരണകൂട- മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു.
അധികാരമേറ്റതിനു ശേഷം, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഏഷ്യയില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് തന്റെ വിദേശ നയ അജണ്ടയുടെ അടിസ്ഥാനമായി സ്ഥാപിക്കുകയും ചെയ്തു. ബീജിംഗിനെ നേരിടാനുള്ള ശ്രമങ്ങള്‍ക്കിടെ മേഖലയിലെ ജനാധിപത്യ സഖ്യകക്ഷികളുടെയും പങ്കാളികളുടെയും സാന്നിധ്യം ബൈഡന്‍ ഭരണകൂടം സ്വാഗതം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ മാസം സിംഗപ്പൂര്‍ സന്ദര്‍ശനത്തിനിടെ യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ സഹകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും അമേരിക്കയുടെ സുഹൃത്തുക്കള്‍ പരസ്പരം ശക്തമായ സുരക്ഷാ ബന്ധം കെട്ടിപ്പടുക്കാന്‍ പ്രത്യേക പ്രോത്സാഹനം നല്‍കുമെന്ന് അറിയിക്കുയും ചെയ്തിരുന്നു.
ചൈനയുമായി അതിര്‍ത്തിയില്‍ വലിയ സംഘര്‍ഷം നടന്നതിന് പിന്നാലെയാണ് സംഭവത്തിനുശേഷമാണ് യു എസ്, ജപ്പാന്‍, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവ തമ്മിലുള്ള അനൗപചാരിക സുരക്ഷാ ബന്ധമായ ക്വാഡുമായി ബന്ധം പുന:സ്ഥാപിക്കാനും ശക്തിപ്പെടുത്താനും ഇന്ത്യ ശ്രമിച്ചത്.


