റമദാനില്‍ 700,000 ഇഫ്താര്‍ ഭക്ഷണം നല്‍കുമെന്ന് ഔഖാഫ് മന്ത്രാലയം

Web Desk
2 Min Read

ദോഹ: വിശുദ്ധ റമദാനില്‍ ഖത്തറിലെ 20 സ്ഥലങ്ങളില്‍ നോമ്പെടുക്കുന്നവര്‍ക്ക് 700,000 ഇഫ്താര്‍ വിരുന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍ഡോവ്മെന്റ് നല്‍കും. അല്‍ വാബിലെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഡിപ്പാര്‍ട്ട്മെന്റ് 2024 റമദാന്‍ ‘ഇഫ്താര്‍ സയിം’ കാമ്പയിന്‍ പ്രഖ്യാപിച്ചത്.

city exchange

നോമ്പെടുക്കുന്ന 24,000 പേര്‍ക്ക് ഒരു ദിവസം ഡിപ്പാര്‍ട്ട്മെന്റിന്റെ ഇഫ്താര്‍ പരിപാടിയുടെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍ഡോവ്മെന്റ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഗാനേം അല്‍താനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജനസാന്ദ്രതയും തൊഴില്‍ മേഖലയും അനുസരിച്ചാണ് ഇഫ്താര്‍ പരിപാടിക്കുള്ള 20 സ്ഥലങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഡോ. ശൈഖ് ഖാലിദ് പറഞ്ഞു.

ഐന്‍ ഖാലിദ് (വ്യാഴം, വെള്ളി മാര്‍ക്കറ്റ്), അല്‍ സൈലിയ (പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റ്), ഇന്‍ഡസ്ട്രിയല്‍ ഏരിയ (ഈദ് പ്രയര്‍ ഗ്രൗണ്ട്, സ്ട്രീറ്റ് 23 അല്‍ അത്തിയ), ഇന്‍ഡസ്ട്രിയല്‍ ഏരിയ (സ്ട്രീറ്റ് 38- എംപിരിക് ഹോസ്പിറ്റല്‍), അല്‍-റയ്യാന്‍ (ഈദ് പ്രാര്‍ഥന ഗ്രൗണ്ട്), അല്‍ മുന്‍തസ, ഉംസലാല്‍ മുഹമ്മദ്, അല്‍ വക്ര (പഴയ അല്‍ വക്ര മാര്‍ക്കറ്റിന് എതിര്‍വശത്ത്), അല്‍ ഖോര്‍ (ഒത്മാന്‍ മസ്ജിദ്), ഫിരീജ് ബിന്‍ ഒമ്രാന്‍ (ഈദ് പ്രാര്‍ഥന ഗ്രൗണ്ട്), അല്‍ അസീസിയ (ഈദ് പ്രാര്‍ത്ഥന ഗ്രൗണ്ട്), സൂഖ് അല്‍ അലി, അല്‍ സുലൈമി (നോര്‍ത്ത് ഫാംസ് ഏരിയ), മുറൈഖ്, മസ്ജിദ് നമ്പര്‍ 879ന് സമീപം, അല്‍ തുമാമ എന്നീ സ്ഥലങ്ങളില്‍ റമദാന്‍ ടെന്റുകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ഓള്‍ഡ് എയര്‍പോര്‍ട്ട് (ഫാമിലി ഷോപ്പിംഗ് കോംപ്ലക്സിന് പിന്നില്‍), ഉമ്മു ഗുവൈലിന (മജ്ലിസ് അല്‍ തവോണ്‍ ട്രാഫിക് സിഗ്‌നലുകള്‍), ഫിരീജ് ബിന്‍ മഹ്‌മൂദ് (ജൈദ പാലം), അല്‍ ഖുബാബ് മസ്ജിദിന് സമീപമുള്ള സൂഖ് ഫലേഹ്, സല്‍വ റോഡ് (അസാബ് അബു നഖ്ല കോംപ്ലക്‌സ്) എന്നിവിടങ്ങളില്‍ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുമെന്നും ഡോ. ശൈഖ് ഖാലിദ് പറഞ്ഞു.

വിശുദ്ധ റമദാന്‍ മാസത്തില്‍ പൊതു എന്‍ഡോവ്മെന്റ് വകുപ്പിന്റെ സാമൂഹിക സംരംഭങ്ങളിലൊന്നാണ് നോമ്പുകാരന് വേണ്ടിയുള്ള ഇഫ്താര്‍ പദ്ധതിയെന്നും ഇത് സമൂഹത്തിലെ അംഗങ്ങള്‍ക്കിടയില്‍ ഐക്യദാര്‍ഢ്യം പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും നോമ്പിന് മഹത്തായ പ്രതിഫലമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു നോമ്പുകാരന് ഇഫ്താര്‍ ഭക്ഷണം നല്‍കുന്നത് വളരെ പ്രധാനപ്പെട്ടതും മഹത്തായതുമായ പ്രവര്‍ത്തിയാണെന്ന് പ്രവാചക പാരമ്പര്യത്തെ ഉദ്ധരിച്ച് ഡോ. ശൈഖ് ഖാലിദ് പറഞ്ഞു.

ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍ഡോവ്മെന്റിന്റെ വെബ്സൈറ്റിലൂടെ നോമ്പുകാര്‍ക്ക് ഇഫ്താര്‍ ഭക്ഷണം നല്‍കുന്നതിനുള്ള എന്‍ഡോവ്മെന്റില്‍ പങ്കാളികളാകാന്‍ എന്‍ഡോവ്‌മെന്റ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ബിന്‍ യാക്കൂബ് അല്‍ അലി ആഹ്വാനം ചെയ്തു.

https://www.awqaf.gov.qa/fasting-breakfast എന്ന ലിങ്ക് വഴി ദാതാക്കള്‍ക്ക് എന്‍ഡോവ്മെന്റില്‍ പങ്കെടുക്കാനും ഇഫ്താര്‍ ലൊക്കേഷന്‍ തെരഞ്ഞെടുക്കാനും കഴിയും.

Share This Article
Leave a Comment
error: Content is protected !!