
ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുകയും ഖത്തറിന്റെ സുസംസ്‌കൃതമായ പ്രതിഛായ അവതരിപ്പിക്കുകയും ചെയ്യുന്ന രീതിയിലായിരിക്കണം എല്ലാ ആഘോഷങ്ങളും നടത്തേണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.

ദേശീയ ദിനാഘോഷങ്ങള്‍ വിശ്വസ്തതയും ദേശീയ ഐക്യബോധവും ഉള്‍ക്കൊള്ളുന്നതോടൊപ്പം എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

നിയമങ്ങളും ചട്ടങ്ങളും പാലിച്ച്, പൊതു ശാന്തിയും മര്യാദയും കാത്തുസൂക്ഷിക്കുന്നതിനൊപ്പം ഉത്തരവാദിത്വത്തോടെയും സാമൂഹിക ബോധത്തോടെയും ദേശീയ അഭിമാനവും സന്തോഷവും പ്രകടിപ്പിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം അഭ്യര്‍ഥിച്ചു.
പൊതു സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുകയോ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ വ്യക്തിഗത സ്വകാര്യത ലംഘിക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഏതു തരത്തിലുള്ള സ്പ്രേ കാനുകള്‍ ഉപയോഗിക്കല്‍, കാഴ്ച തടസ്സപ്പെടുത്തുന്ന വസ്തുക്കള്‍ പ്രയോഗിക്കല്‍, ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയില്‍ വാഹനം നിര്‍ത്തല്‍ അല്ലെങ്കില്‍ കൂട്ടം ചേരല്‍, സഞ്ചരിക്കുന്ന വാഹനങ്ങളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുകയോ ഇരിക്കുകയോ ചെയ്യല്‍, പൊതുശാന്തി ലംഘിക്കുന്നതും പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നതുമായ പെരുമാറ്റങ്ങള്‍ എന്നിവ ഒഴിവാക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ ദേശീയ ദിനാഘോഷം വിജയകരമാക്കുന്നതിനായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും നല്‍കുന്ന സഹകരണത്തിനും നിയമപാലനത്തിനുമുള്ള നന്ദിയും മന്ത്രാലയം രേഖപ്പെടുത്തി.
അതേസമയം, ഗതാഗത നിയന്ത്രണം, ആഘോഷ കേന്ദ്രങ്ങളുടെ സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് നടപടികള്‍ തുടരുമെന്നും നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായും നിയമാനുസൃതമായും നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കി ക്രമബദ്ധവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ ആഘോഷങ്ങള്‍ സുഗമമായി നടക്കുന്നതിനായാണ് ഈ നടപടികളെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

