

ദോഹ: ഉഗാണ്ടയിലേക്ക് പറക്കുകയായിരുന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ താനൊരു കുഞ്ഞിന്റെ ജനനം കൈകളിലേക്കെടുത്തെന്ന സന്തോഷവുമായി കനേഡിയന്‍ ഡോക്ടര്‍. ബി ബി സിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ. ആയിഷ ഖാതിബ് എന്റ്റബ്ബേയിലേക്കുള്ള യാത്രക്കിടയിലാണ് പ്രസവത്തിന് കാര്‍മികത്വം വഹിച്ചത്. ദോഹയില്‍ നിന്നും വിമാനം പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷമായിരുന്നു ഡോക്ടറെ തേടി അന്വേഷണമെത്തിയത്.


സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഉഗാണ്ടക്കാരിയായ യുവതിയാണ് നാട്ടിലേക്ക് പോകുന്നതിനിടയില്‍ തന്റെ ആദ്യ കുഞ്ഞിന് ഖത്തര്‍ എയര്‍വെയ്‌സില്‍ ജന്മം നല്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗര്‍ഭം 35 ആഴ്ചയായപ്പോഴാണ് യുവതി പ്രസവിച്ചതെങ്കിലും കുഞ്ഞ് ആരോഗ്യവതിയായിരുന്നു. കുഞ്ഞിന് ഡോക്ടറുടെ പേരു കൂടി ചേര്‍ത്ത് മിറാക്കിള്‍ ആയിഷ എന്നാണ് പേര് നല്കിയത്.
ഡോ. ആയിഷ ഖാതിബ് കുഞ്ഞുമായും പ്രസവത്തിന് തന്നോടൊപ്പം പ്രവര്‍ത്തിച്ച വിമാന ജീവനക്കാരുടേയും ഫോട്ടോകള്‍ പങ്കുവെച്ചു.
ഏതെങ്കിലുമൊരു ഡോക്ടര്‍ വിമാനത്തിലുണ്ടോ എന്ന ചോദ്യത്തിന് താനൊരു കുഞ്ഞിന്റെ പ്രസവത്തിന് വിമാനത്തില്‍ സാക്ഷിയാകാന്‍ പോവുകയാണെന്ന് കരുതിയതേയില്ലെന്ന് ഡോ. ആയിഷ പറയുന്നു. ആകാശത്തുവെച്ച് അത്ഭുതം പോലൊരു ജനനത്തിന് കൂടെ നിന്ന വിമാന ജീവനക്കാര്‍ക്കും അവര്‍ നന്ദി പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഡോ. ആയിഷ ട്വീറ്റ് ചെയ്തു.
ഒരു കൂട്ടം ആളുകള്‍ പ്രസവിച്ച യുവതിക്കു ചുറ്റും വിമാനത്തില്‍ നില്‍ക്കുന്നത് തനിക്ക് കാണാനായെന്നും ഹൃദ്രോഗം പോലെ അതൊരു ഗുരുതര നിമിഷമാണെന്ന് തിരിച്ചറിഞ്ഞുവെന്നും ഡോ. ആയിഷ ബി ബി സിയോടു പറഞ്ഞു.
സീറ്റില്‍ കിടക്കുകയായിരുന്ന യുവതിയുടെ കാലുകള്‍ വിമാനത്തിന്റെ വിന്റോയുടെ ഭാഗത്തേക്കായിരുന്നു. മാത്രമല്ല കുഞ്ഞ് പുറത്തേക്ക് വന്നുതുടങ്ങിയിരുന്നു.
ഡോ. ആയിഷ ഖാതിബിനെ രണ്ട് യാത്രക്കാര്‍ കൂടി സഹായിക്കാനുണ്ടായിരുന്നു. ഒരു ഓങ്കോളജി നഴ്‌സും ഒരു പീഡിയാട്രീഷനുമായിരുന്നു അവര്‍.
കുഞ്ഞിന്റെ കരച്ചില്‍ വളരെ ആരോഗ്യകരമായ രീതിയിലായിരുന്നുവെന്നും ഉടന്‍തന്നെ പീഡിയാട്രീഷന്‍ കുഞ്ഞിന്റെ പരിശോധന നിര്‍വഹിച്ചതായും അവര്‍ പറഞ്ഞു. അഭിനന്ദനങ്ങള്‍ ഇതൊരു പെണ്‍കുഞ്ഞാണെന്ന് താന്‍ പറഞ്ഞയുടന്‍ വിമാനത്തിലെ യാത്രക്കാരെല്ലാം കൈയ്യടിക്കുകയും ചെയ്തപ്പോഴാണ് താന്‍ വിമാനത്തിലാണെന്നും യാത്രക്കാര്‍ മുഴുവന്‍ തന്റെ നീക്കങ്ങള്‍ ശ്രദ്ധിച്ചിരിക്കുകയാണെന്നും തിരിച്ചറിഞ്ഞതെന്നും ഡോ. ആയിഷ ഖാതിബ് പറഞ്ഞു.
കുഞ്ഞിന് തന്റെ പേര് നല്കാന്‍ തീരുമാനിച്ചത് കഥയുടെ രസമുള്ള ഭാഗമാണെന്നും ഡോ. ആയിഷ വിശദീകരിക്കുന്നു. കുഞ്ഞിന് ആയിഷയെന്ന് പേര് നല്കിയതോടെ ഡോക്ടര്‍ തന്റെ കഴുത്തില്‍ കിടന്ന അറബിയില്‍ ആയിഷയെന്ന് എഴുതിയ മാല കുഞ്ഞിന് സമ്മാനിച്ചു. മുപ്പത്തി അയ്യായിരം അടി ഉയരത്തില്‍ നൈല്‍ നദിക്കു മുകളിലൂടെ പറക്കുന്ന വിമാനത്തില്‍ ഡോക്ടര്‍ തന്റെ കുഞ്ഞുപെണ്ണിന് നല്കിയ സമ്മാനമാണതെന്നും അവര്‍ വിശദീകരിച്ചു.
ഡിസംബര്‍ അഞ്ചിനാണ് സംഭവം നടന്നതെങ്കിലും ടൊറന്റോയിലെ കോവിഡ് രോഗബാധയുടെ വര്‍ധനയെ തുടര്‍ന്ന് തന്റെ ചികിത്സയില്‍ വലിയ തിരക്കിലായ ഡോക്ടര്‍ ഇപ്പോഴാണ് ഇക്കാര്യം അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

