

കൊച്ചി: മുതിര്‍ന്ന സി പി എം നേതാവ് എം എം ലോറന്‍സ് (95) അന്തരിച്ചു. സി പി എം കേന്ദ്ര കമ്മിറ്റി അംഗം, ഇടതുമുന്നണി കണ്‍വീനര്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980- 1984 കാലയലവില്‍ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗം എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടപ്പള്ളി പൊലീസ് സ്റ്റേഷന് ആക്രമണക്കേസില്‍ 22 മാസം തടവിലായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ഉള്‍പ്പെടെ വ്യത്യസ്ത കാലങ്ങളിലായി ആറുവര്‍ഷം കൂടി ജയില്‍വാസമനുഷ്ഠിച്ചു. നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായിരുന്നു. എറണാകുളം മുളവുകാട് മാടമാക്കല്‍ അവിരാ മാത്തുവിന്റെയും മംഗലത്ത് മറിയത്തിന്റെയും മകനായി 1929 ജൂണ്‍ 15നാണ് അദ്ദേഹം ജനിച്ചത്. സ്വാതന്ത്രസമരം നടക്കുന്ന കാലത്ത് ത്രിവര്‍ണപതാക ഷര്‍ട്ടിന്റെ പോക്കറ്റില്‍ കുത്തി സ്കൂളില്‍ പോയതിന് സെന്റ് ആല്‍ബര്‍ട്ട്സ് സ്കൂളില്‍ നിന്ന് പുറത്താക്കി. പിന്നീട് എറണാകുളം മുനവിറുല്‍ ഇസ്ലാം സ്കൂളിലാണ് പഠനം തുടര്‍ന്നത്. പത്താം ക്ലാസില്‍ ഔപചാരിക വിദ്യാഭ്യാസം നിര്‍ത്തി അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായി.

കൊച്ചി സ്റ്റേറ്റ് വിദ്യാര്‍ഥി ഫെഡറേഷന് സെക്രട്ടറിയായിരുന്നു. 1946ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി.
ഭാര്യ: പരേതയായ ബേബി. മക്കള്‍: അഡ്വ. എം എല്‍ സജീവന്, സുജാത, അഡ്വ. എം എല്‍ അബി, ആശ.

