

ആലുവ: ആലുവ നിയോജകമണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പൊതുമരാമത്ത് പദ്ധതികളുടെ അവലോകനത്തിനായി പ്രതിമാസ സി എം ടി യോഗത്തില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിടം, റോഡ്, പാലം, വിഭാഗങ്ങളില്‍ വിവിധ പദ്ധതികളുടെ അവലോകനം നടത്തി പുരോഗതി യോഗത്തില്‍ വിലയിരുത്തി.

ഈ പദ്ധതികളില്‍ തോട്ടുമുഖം മുതല്‍ മണലിമുക്ക് വരെ കിന്‍ഫ്രയിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി പൈപ്പ് ഇടുന്നതിന് വേണ്ടി പി ഡബ്ല്യു ഡി എന്‍ ഒ സി കൊടുത്തതു മൂലം റോഡ് ബി എം ബി സി നിലവാരത്തില്‍ റീ ടാറിങ്ങിന് ഫണ്ട് അനുവദിച്ച് ടെന്‍ഡര്‍ ചെയ്തിട്ടും ഇതുവരെ പണിപൂര്‍ത്തീകരിക്കുവാനോ തുടങ്ങുവാനോ സാധിച്ചിട്ടില്ല. റോഡ് സഞ്ചാരയോഗ്യം അല്ലാത്ത വിധം മാറിയിരിക്കുകയാണ്.
കിന്‍ഫ്രയ്ക്ക് വേണ്ടിയുള്ള പൈപ്പിടല്‍ പദ്ധതി ജനങ്ങള്‍ തിരസ്‌കരിച്ചതാണെന്നും ശക്തമായ പ്രതിഷേധം ഉള്ളതിനാല്‍ ഇത് നടക്കുവാന്‍ സാധ്യതയില്ലെന്നും ആയതിനാല്‍ കിന്‍ഫ്രയ്ക്ക് നല്‍കിയ എന്‍ ഒ സി പിന്‍വലിച്ച് പി ഡബ്ല്യു ഡി ഏറ്റെടുത്ത് കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായ റോഡ് നിലവില്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ബി എം ബി സി നിലവാരത്തില്‍ റീ ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കി ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കണമെന്നും എം എല്‍ എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. റോഡിലെ കുഴികള്‍ മൂലം വാഹനാപകടം ഉണ്ടായി ജനങ്ങളുടെ ജീവനാപത്തുണ്ടായാല്‍ അതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം പി ഡബ്ല്യു ഡിക്കും കിന്‍ഫ്രക്കും മാത്രമായിരിക്കും എന്ന് എം എല്‍ എ യോഗത്തില്‍ അറിയിച്ചു.

ആലുവ ടൗണിലെ മുഴുവന്‍ റോഡുകളില്‍ പുനരുദ്ധാരണം നടത്തി ഫുട്പാത്തുകള്‍ ടൈല്‍ വിരിച്ച് കൈവരികള്‍ സ്ഥാപിച്ച് ബ്യൂട്ടിഫിക്കേഷന്‍ നടത്തുന്നതിനായി ഡിസൈനിങ് നടത്തി, എസ്റ്റിമേറ്റ് എടുത്ത് പ്രൊപ്പോസല്‍ തയ്യാറാക്കുവാന്‍ എം എല്‍ എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സിപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിന്റെ എന്‍ എ ഡി മുതല്‍ മഹിളാലയം പാലം വരെയുള്ള രണ്ടാംഘട്ടത്തിന്റെ ഭൂമി ഏറ്റെടുക്കുന്നത് വൈകുന്നതിലുള്ള പ്രതിഷേധം എം എല്‍ എ യോഗത്തില്‍ രേഖപ്പെടുത്തി. അതുകൊണ്ട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, ദേശം വല്ലംകടവ് റോഡ് ബി എം ബി സി നിലവാരത്തില്‍ റീ ടാറിങ് ചെയ്യല്‍, ആലുങ്കല്‍ കടവ് പാലത്തിന്റെ അപ്രോച്ച് റോഡ്, പാറപ്പുറം- വല്ലംകടവ് പാലം, ചെങ്ങമനാട് പഞ്ചായത്തിലെ അത്താണി വെടിമറ റോഡിലെ ചുങ്കം ഗ്യാസ് ഗോഡൗണ്‍ വളവ് സ്ഥലം ഏറ്റെടുത്ത് നിവര്‍ത്തല്‍, പുറയാറ് റെയില്‍വേ ഓവര്‍ബ്രിഡ്ജ്, കാരക്കാട്ട്കുന്ന് മുതല്‍ പൊയ്ക്കാട്ടുശ്ശേരി വരെയുള്ള റോഡ് ബി എം ബി സി നിലവാരത്തില്‍ റീടാറിങ് ചെയ്യല്‍ എന്നീ പ്രധാന പദ്ധതികളിലെ കാലതാമസം ഒഴിവാക്കി എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ ആക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
ആലുവ പെരുമ്പാവൂര്‍ റോഡ് ബി എം ബി സി നിലവാരത്തില്‍ ഉടന്‍ റീ ടാറിങ് ചെയ്യാമെന്ന് ഗവണ്‍മെന്റ് ഹൈക്കോടതിയിലും ജനങ്ങള്‍ക്കും നല്‍കിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.ഇതിലുള്ള പ്രതിഷേധം എം എല്‍ എ യോഗത്തില്‍ അറിയിച്ചു.
പി ഡബ്ല്യു ഡി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സുജാറാണി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ മുഹമ്മദ് ബഷീര്‍, ബിനു കെ ആര്‍, ശില്പ കെ എം, പീയൂസ് വര്‍ഗീസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ ട്രീസാ സെബാസ്റ്റ്യന്‍, ഗ്രീഷ്മ എ പി, ടെഡി തോമസ്, ആബിദ കെ കെ, ഷൈനി കെ സി, പ്രൊജക്റ്റ് എന്‍ജിനീയര്‍മാരായ നസീം ബാഷ, അതുല്‍ പോള്‍, ഓവര്‍സിയര്‍മാരായ അശ്വതി ജെ, സിയ ജെസ്ലിന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

