Connect with us

Featured

എം ടി; കാലത്തിന് മുമ്പെ നടന്ന മഹാകഥാകാരന്‍

Published

on


എം ടിയോടൊപ്പം ജോണ്‍ ഗില്‍ബര്‍ട്ട്. പ്രവാസി ദോഹയുടെ രക്ഷാധികാരിയായ എം ടി 1992ല്‍ ഒന്നാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയപ്പോള്‍ ഫാല്‍ക്കന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തിനിടെ എടുത്ത ചിത്രം

കാലത്തിന് മുമ്പെ നടന്ന് ജ്ഞാനപീഠം കയറിയ മലയാളത്തിന്റെ മഹാകഥാകാരന്‍ എം ടി യാത്രയായി. ‘മരണത്തിന് ഒരിക്കലും കൈത്തെറ്റ് പറ്റില്ല. ജീവിതം ആസ്വദിക്കാന്‍ വെമ്പുന്നവരെയാണ് അത് പിടികൂടുക. മരണം ഒരു നേട്ടമായി മനുഷ്യന്‍ കണക്കാക്കാന്‍ തുടങ്ങിയാല്‍ അവനെ ഒരിക്കലും അതാശ്വസിപ്പിക്കില്ല.’

എം ടി യുടെ കഥകള്‍ എന്ന പുസ്തകത്തില്‍ എട്ടാമത്തെ കഥയായ ‘മരണത്തിന്റ കൈത്തെറ്റ്’ എന്ന കഥയില്‍ എം ടിയുടെ കഥാപാത്രം കണ്ട ദു:സ്വപ്‌നത്തിന് വ്യാഖാനം നല്‍കുന്ന ചങ്ങാതിയോട് കഥാകാരന്റെ വ്യാഖ്യാനമാണ് മുകളിലെഴുതിയത്.

മലയാളത്തിന്റെ നികത്താനാവാത്ത പകരം വെക്കാനില്ലാത്ത അക്ഷരകുലപതി വിട ചൊല്ലിയത് മരണത്തിന് പറ്റിയ കൈത്തെറ്റ്. തന്റെ സവിശേഷവും ഹൃദയസ്പര്‍ശിയുമായ സൃഷ്ടികള്‍കൊണ്ട്
മലയാള സാഹിത്യലോകത്തേയും ഇന്ത്യന്‍ സാഹിത്യ ലോകത്തേയും ധന്യമാക്കിയ എം ടി അനുവാചകന്റെ ഹൃദയത്തെ തൊട്ടെഴുതുന്ന എഴുത്തുകാരനാണ്.

സാധാരണ ജീവിതവുമായി ബന്ധപ്പെട്ട എം ടിയുടെ
കഥകളും ചെറുകഥകളും നോവലുകളും മാനുഷിക വികാരങ്ങളുടെ എല്ലാ തലങ്ങളൊടും സംസ്‌കാരത്തോടും സംവദിക്കുന്ന അമൂല്യ സൃഷ്ടികളാണ്.
മലയാള സാഹിത്യത്തിന്റെ സമസ്ത മേഖലകളിലും മുദ്ര പതിപ്പിച്ച് കടന്നു പോയ കഥാകാരന്റെ കാലവും മഞ്ഞും നാലുകെട്ടും അസുരവിത്തും രണ്ടാമൂഴവും മലയാളത്തിന്റെ അക്ഷര നിധികളായി കാലത്തിനപ്പുറവും കാത്തുവയ്ക്കും.

മലയാളത്തിലെ ഹിറ്റുകളായ അനേകം സിനിമകള്‍ക്ക് കഥയും തിരക്കഥയും സംഭാഷണവും രചിച്ച എം ടി 1974ല്‍ ആദ്യമായി സംവിധാനം ചെയ്ത നിര്‍മ്മാല്യം അദ്ദേഹം എഴുതിയ കഥയുടെ ചലച്ചിത്രാവിഷ്‌കാരം കൂടിയായിരുന്നു. സാമൂഹ്യവും രാഷ്ട്രീയവുമായ പ്രമേയത്തിന്റെ കാലിക പ്രസക്തികൊണ്ട് ഏറെ ചര്‍ച്ചെയ്യപ്പെട്ട നിര്‍മ്മാല്യം ഏറ്റവു നല്ല ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും നേടുകയുണ്ടായി. നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടിന്റെ വേഷം അഭിനയിച്ച പി ജെ ആന്റണിക്ക് നല്ല നടനുള്ള ദേശീയ അവാര്‍ഡും എം ടി യുടെ നിര്‍മ്മാല്യം നേടികൊടുത്തു.

നിരവധി കേന്ദ്ര- സംസ്ഥാന അവാര്‍ഡുകളും ദേശീയ അവാര്‍ഡുകളും ലഭിച്ച എം ടി
പത്മാ പുരസ്‌കാരങ്ങളും കരസ്ഥമാക്കി 1995ല്‍ ജ്ഞാനപീഠവും കയറി.

വിശ്വസാഹിത്യ സിനിമാ മേഖലകളിലേക്ക് മലയാളത്തെ കൈപിടിച്ചുയര്‍ത്തിയ എം ടിയുടെ സൃഷ്ടികള്‍ കാലങ്ങള്‍ കടന്നും തലമുറകള്‍ കടന്നും വായിക്കപ്പെടുന്നു.

‘ദുഃഖത്തിന്റെ താഴ്‌വരകള്‍’ എന്ന തന്റെ കഥയില്‍ എം ടിയുടെ കഥാപാത്രം ഓര്‍ക്കുന്നു, ‘ദൂരെ വയലിനു മുകളില്‍ നീല പുകപോലെ മഞ്ഞു പരന്നു. തണുത്ത വായുവിന് ചലനമില്ല. കവുങ്ങിന്‍ തലപ്പുകള്‍ നരച്ച ആകാശത്തിന്റെ പാശ്ചാത്തലത്തില്‍ തലകുനിച്ച് യുവ വിധവകളെപ്പോലെ നില്‍ക്കുന്നു.
അന്തരീക്ഷത്തിന്റെ മുഖം കണ്ണീര്‍വീണ് നനഞ്ഞ് കുതിര്‍ന്നിരിക്കുകയാണെന്ന് തോന്നി.
അന്തിയുടെ നിറം മങ്ങുന്തോറും ചുറ്റും വിഷാദത്തിന്റെ നിഴലുകള്‍ക്ക്
വനവും കറുപ്പും കൂടിവരികയായിരുന്നു. ചലനവും വെളിച്ചവുമില്ലാത്ത ഒരു ലോകത്തിന്റെ മധ്യത്തില്‍ ഒരു നരച്ച ബിന്ദുവായി താന്‍ ഇരിക്കുന്നു. പാടാത്ത ഒരു ഗാനത്തിന്റെ സ്പന്ദനങ്ങള്‍ പോലെ അവ്യക്തമായ വികാരങ്ങള്‍ ചുറ്റും പരന്നു പടര്‍ന്നു. ആ സ്പന്ദനങ്ങളുടെ കേന്ദ്രം നഷ്ടപ്പെട്ട ഒരു ലോകത്തിന്റെ കറുത്ത പാറക്കെട്ടിന്റെ നെറുകയിലെ ഒരു നരച്ച ബിന്ദുവാണ്.’

മരണത്തിന്റെ കൈത്തറ്റിന് അക്ഷര ലോകത്തിന്റെ സ്പന്ദനങ്ങളുടെ കേന്ദ്രം നഷ്ടപ്പെട്ട ഒരു ലോകത്ത് മലയാള സാഹിത്യത്തെയും മലയാള ഭൂമികയേയും ദുഃഖത്തിന്റെ താഴ്‌വരയിലാക്കി അനന്ത വിഹായസ്സില്‍ നിത്യവിശ്രമത്തിനായ് ഒരുങ്ങുന്ന എം ടി ഒരു ‘രണ്ടാമൂഴവുമായ് ‘ നമുക്കായി ഇനി വരുമോ.


error: Content is protected !!