ആധുനിക മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരം നിര്‍ദ്ദേശിക്കാനാകണം

Web Desk
1 Min Read

ദോഹ: ആധുനിക മനുഷ്യന്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇസ്ലാമിന് കൃത്യമായ പരിഹാരം നിര്‍ദ്ദേശിക്കാനാകുമെന്നും ഇസ്ലാം പഠിപ്പിച്ച ധാര്‍മിക മൂല്യങ്ങളെകുറിച്ച് അറിയാന്‍ ശ്രമിച്ചാല്‍ പരിഹാരം സാധ്യമാണെന്നും ഖത്തര്‍ മതകാര്യ വകുപ്പിന് കീഴില്‍ ശൈഖ് അബ്ദുല്ലാഹ് ബിന്‍ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച കേരള കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു.

city exchange

ഏത് സാമൂഹിക സാഹചര്യങ്ങളിലും ഒരു വിശ്വാസി ജീവിക്കേണ്ടത് അഭിമാനപൂര്‍വമായിരിക്കണം. ഒരിക്കലും നിരാശനായി ജീവിക്കേണ്ടവരല്ല.

ആത്മാഭിമാനം കാത്തുസൂക്ഷിക്കാനും പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നവരാവാനും സാധിക്കണം. നിരന്തരമായ പഠനങ്ങള്‍ വഴി പുതിയ ജീവിത വെളിച്ചം തേടാന്‍ തയ്യാറാവുന്നതിലൂടെ മാറ്റങ്ങള്‍ സാധ്യമാകണം. വ്യക്തിജീവിതത്തിലും സാമ്പത്തിക ജീവിതത്തിലും നാം ശുദ്ധരാകണം. സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ പരിഗണിക്കുകയും ചേര്‍ത്ത് നിര്‍ത്തുകയും വേണം. ജീവിത പ്രശ്‌നങ്ങളില്‍ സമചിത്തത കൈവിടാതെ ക്ഷമിക്കാന്‍ നാം പരിശീലനം നേടണം. കുടുംബജീവിതത്തില്‍ ഇതാണ് പ്രവാചകരും അനുയായികളും നമ്മെ പഠിപ്പിച്ച ഇസ്ലാമെന്നും കോണ്‍ഫറന്‍സ് സദസ്യരെ ഉണര്‍ത്തി.

ഇസ്ലാം വിമര്‍ശനങ്ങളെ ഇസ്ലാം പഠിപ്പിച്ച സാമൂഹിക നന്മകള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിലൂടെ നേരിടാന്‍ നാം പരിശീലിക്കണം. ഇസ്ലാമിക ഭരണം നിലനിന്നിരുന്ന രാജ്യങ്ങളില്‍ വിവിധ സമൂഹങ്ങള്‍ സഹവര്‍ത്തിത്വത്തോടെ ജീവിച്ച നിരവധി ചരിത്രങ്ങള്‍ നമ്മുടെ മുന്‍പില്‍ ഉണ്ട്. ഇന്ന് ഇസ്ലാമിനെ വികൃതമാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളെ ചരിത്ര പഠനത്തിലൂടെ പ്രതിരോധിക്കാന്‍ സാധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

- Advertisement -
Ad image

വ്യക്തിജീവിതവും കുടുംബ- സാമൂഹിക ജീവിതവും സന്തുലിതമായി മുന്നോട്ടു കൊണ്ടുപോവാന്‍ പുലര്‍ത്തേണ്ട ജീവിത മൂല്യങ്ങളെ സംബന്ധിച്ചും പ്രവാസികള്‍ നേരിടുന്ന പുതിയകാലത്തിന്റെ വെല്ലുവിളികളെയും അവക്കുള്ള പരിഹാരങ്ങളും സമ്മേളനം ചര്‍ച്ച ചെയ്തു.

ഇസ്ലാമിക് കള്‍ച്ചറല്‍ ഡിപ്പാര്‍ട്‌മെന്റ് മേധാവി ഡോ. അഹ്മദ് അബ്ദുറഹീം അത്തഹാന്‍ കേരള കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സില്‍ താജുദ്ദീന്‍ സ്വലാഹി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അബ്ദുല്‍ റഷീദ് അല്‍കൗസരി, മുജീബ് റഹ്മാന്‍ മിശ്കാത്തി, കെ ടി ഫൈസല്‍ സലഫി, മുഹമ്മദലി മൂടാടി എന്നിവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!