
ദുബൈ: ദുബൈ ആസ്ഥാനമായി വന്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ കമ്പനി ഉടമ ഇന്ത്യയില്‍ പിടിയില്‍. ഒന്നര വര്‍ഷമായി അന്തര്‍ദേശീയമായി നടക്കുന്ന തെരച്ചിലാണ് അറസ്റ്റിലേക്ക് നയിച്ചത്.

ദുബൈ ആസ്ഥാനമായ ബ്ലൂചിപ്പ് ഗ്രൂപ്പിന്റെ ഉടമയും യു എ ഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പുകളില്‍ ഒന്നിലെ പ്രധാന പ്രതിയുമായ ഇന്ത്യന്‍ വംശജനായ രവീന്ദ്ര നാഥ് സോണിയാണ് ഇന്ത്യയില്‍ അറസ്റ്റിലായത്. ഇയാള്‍ ഒളിവിലായിരുന്നു.

കാണ്‍പൂര്‍ പൊലീസാണ് രവീന്ദ്രനാഥ് സോണിയെ അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ ഡെരാഡൂണില്‍ നിന്നാണ് 44കാരനായ സോണി പിടിയിലായത്. അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ക്ക് 10,000 രൂപയുടെ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിരുന്നു.
സോണിയെ ടെക്‌നിക്കല്‍, ഹ്യൂമന്‍ സര്‍വേയിലന്‍സ് മാര്‍ഗം പിന്തുടര്‍ന്നാണ് ഡെറാഡൂണിലെ ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടിയതെന്ന് കാണ്‍പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കാണ്‍പൂര്‍ ലോ ആന്റ്ഓര്‍ഡര്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് അഞ്ജലി വിശ്വകര്‍മ്മ അറിയിച്ചു.
ദുബൈയിലെ തന്റെ കമ്പനിയായ ബ്ലൂചിപ്പ് വഴി പ്രതിമാസം ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്താണ് സോണി തട്ടിപ്പ് നടത്തിയത്. നേരത്തേയും ഇയാള്‍ക്കെതിരെ മൂന്ന് തട്ടിപ്പ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രവീന്ദ്രനാഥിന്റെ പണമിടപാട് ശൃംഖല പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും എല്ലാ ബാങ്ക് അക്കൗണ്ടുകളും ആസ്തികളും പിടിച്ചെടുക്കുമെന്നും വിശ്വകര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.
2024 ജൂണില്‍ ഖലീജ് ടൈംസ് ആരംഭിച്ച അന്വേഷണ റിപ്പോര്‍ട്ടുകളുടെ ഭാഗമായാണ് ബ്ലൂചിപ്പ് തട്ടിപ്പിനെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്. അതേ സമയത്താണ് ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി സോണിക്കെതിരെ 10.05 ദശലക്ഷം ദിര്‍ഹം തിരിച്ചടച്ചില്ലെന്ന കാരണത്താല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ബര്‍ ദുബായിലെ അല്‍ ജൗഹറ ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്ലൂചിപ്പ് കുറഞ്ഞത് 10,000 ഡോളര്‍ നിക്ഷേപത്തില്‍ 3 ശതമാനം പ്രതിമാസ വരുമാനം (പ്രതിവര്‍ഷം 36 ശതമാനം) വാഗ്ദാനം ചെയ്തിരുന്നു. 2024 മാര്‍ച്ചില്‍ പണമടയ്ക്കല്‍ പെട്ടെന്ന് നിര്‍ത്തിയതോടെയാണ് പദ്ധതി തകര്‍ന്നത്. യു എ ഇയിലെ നൂറുകണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ ഇതില്‍ പണം നിക്ഷേപിച്ചിരുന്നു. 100 മില്യണ്‍ ഡോളര്‍ (367 മില്യണ്‍ ദിര്‍ഹം) നഷ്ടമെങ്കിലും ഈ തട്ടിപ്പിലൂടെ സംഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്.
നിക്ഷേപകര്‍ക്ക് നല്‍കിയ ചെക്കുകള്‍ ബൗണ്‍സാവുകയും സോണിയും പ്രധാന സ്റ്റാഫും മുങ്ങുകയും ഓഫിസ് അടക്കുകയുമായിരുന്നു.
ഖലീജ് ടൈംസിന്റെ അന്വേഷണത്തില്‍ സോണി ബര്‍ ദുബായ് ഓഫീസില്‍ നിന്ന് നേരത്തേയും വ്യാജ സ്ഥാപനങ്ങള്‍ നടത്തിയതായി കണ്ടെത്തി. 2018 മുതല്‍ 2020 വരെ അക്‌മെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി, അക്‌മെ ഗ്ലോബല്‍ ജനറല്‍ ട്രേഡിംഗ് തുടങ്ങിയവ നടത്തുകയും കോടികള്‍ തട്ടിയെടുത്ത ശേഷം അടച്ചു പൂട്ടുകയും ചെയ്തിരുന്നു.
2023-ല്‍ തട്ടിപ്പിന് ഇരയായ ഒരാള്‍ക്ക് 2.05 ദശലക്ഷം ദിര്‍ഹം മടക്കി നല്‍കണമെന്ന് ദുബൈ കോടതി സോണിക്കെതിരെ ഉത്തരവിട്ടിരുന്നു. ഇന്ത്യയിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. 2022-ല്‍ അലീഗഡില്‍ ‘ഡബിള്‍-യോര്‍-മണി’ തട്ടിപ്പ് നടത്തി അറസ്റ്റിലായിരുന്നു. ഹരിയാനയിലെ പാനിപത്തില്‍ തട്ടിപ്പും ഭീഷണിപ്പെടുത്തലും ഉള്‍പ്പെടെ വ്യത്യസ്ത കേസുകളും നിലവിലുണ്ട്.
ബ്ലൂചിപ്പ് അടച്ചുപൂട്ടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കമ്പനി 41.35 മില്യണ്‍ ഡോളര്‍ ഒരു അജ്ഞാത ക്രിപ്‌റ്റോ വാലറ്റിലേക്ക് മാറ്റിയിട്ടുണ്ട്. 2023-ല്‍ സൈപ്രസ് ആസ്ഥാനമായ മെറ്റക്വോട്ട്‌സ് എന്ന ട്രേഡിംഗ് പ്ലാറ്റ്‌ഫോം പ്രൊവൈഡര്‍ ‘തട്ടിപ്പു പ്രവര്‍ത്തനം’ ചൂണ്ടിക്കാട്ടി ബ്ലൂചിപ്പുമായുള്ള കരാര്‍ റദ്ദാക്കിയിരുന്നു.
സോണിയുടെ അറസ്റ്റ് വലിയ ആശ്വാസമാണെങ്കിലും തങ്ങളുടെ പണം തിരിച്ചുകിട്ടുന്നതുവരെ പോരാട്ടം അവസാനിപ്പിക്കില്ലെന്നാണ് 1.2 മില്യണ്‍ ദിര്‍ഹം നഷ്ടപ്പെട്ട ഒരു ദുബൈ നിക്ഷേപകന്‍ പ്രതികരിച്ചത്.

