

ഗാസ: ഇസ്രായേലിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റതിന് പിന്നാലെ മരണമടഞ്ഞ ഗര്‍ഭിണിയുടെ ഉദരത്തില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്ത് രക്ഷപ്പെടുത്തിയതായി ഗാസ ആശുപത്രി അറിയിച്ചു.

ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്ന ഒല അദ്നാന്‍ ഹര്‍ബ് അല്‍-കുര്‍ദ് മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. ഒരേ കുടുംബത്തിലെ ആറ് പേര്‍ ഉള്‍പ്പെടെ 24ലധികം പേര്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പരുക്കേറ്റ് ആശുപത്രിയിലെത്തിച്ച കുര്‍ദ് അല്‍-അവ്ദ ഹോസ്പിറ്റലില്‍ എത്തിയപ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് സര്‍ജന്‍ അക്രം ഹുസൈന്‍ പറഞ്ഞു. മാതാവിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ലെങ്കിലും അള്‍ട്രാസൗണ്ട് നടത്തി കുഞ്ഞിന്റെ ഹൃദയമിടിപ്പ് കണ്ടെത്തിയതോടെ അടിയന്തര സിസേറിയന്‍ നടത്തി പുറത്തെടുക്കുകയായിരുന്നുവെന്നും സര്‍ജനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
നവജാതശിശു ആദ്യം ഗുരുതരാവസ്ഥയിലായിരുന്നു, എന്നാല്‍ ഓക്സിജനും വൈദ്യസഹായവും ലഭിച്ച ശേഷം സ്ഥിരത പ്രാപിച്ചതായി ആശുപത്രിയിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം മേധാവി റെയ്ദ് അല്‍ സൗദി പറഞ്ഞു. ഇന്‍കുബേറ്ററില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ ദാറുല്‍ ബാലയിലെ അല്‍-അഖ്സ ആശുപത്രിയിലേക്ക് മാറ്റി.

