Special
പാപ മോചനത്തിന് പ്രാര്‍ഥനാ നിരതരായി ഇനിയുള്ള പത്തു നാള്‍

മാനവരാശിക്ക് ജീവിത പാഠങ്ങള്‍ നല്‍കിയ ഖുര്‍ആന്‍ പ്രഭയേകിയ റമദാന്‍ മാസം അവസാന പത്തില്‍ എത്തിയതോടെ വിശ്വാസികള്‍ പ്രാര്‍ഥനാ നിരതരായി. അതോടെ പള്ളികള്‍ നിറഞ്ഞു കവിയും.


മഗ്‌രിബ് നമസ്‌കാരം മുതല്‍ തറാവീഹ് നമസ്‌കാരം വരെ നീളുന്ന റമദാനിലെ പ്രത്യേക പ്രാര്‍ഥനകളില്‍ നരക മോചനത്തിന്നു വേണ്ടിയുള്ള അവസാന പത്തില്‍ പകല്‍ സമയം ഇഅത്തികാഫ് (ഭജനയിരുത്തം) ഇരുന്നും ഖുര്‍ആന്‍ പാരായണം ചെയ്തും നീണ്ടുനില്‍ക്കുന്ന തറാവീഹ് നമസ്‌കരിച്ചും സമയം ചെലവഴിക്കും ആഗോള മുസ്‌ലിം ജനത.

ലോക സൃഷ്ടാവായ ദൈവത്തിന്റെ പ്രീതിയും സാമീപ്യവും കൊതിച്ച് ഭക്തിപൂര്‍വം പള്ളിയില്‍ ഭജനമിരിക്കലാണ് ഇഅ്തികാഫ്. ഒരു കാര്യത്തില്‍ നിരതമാകുക, ഭജനമിരിക്കുക എന്നെല്ലാമാണ് ഇഅ്തികാഫ് എന്ന വാക്കിന്റെ അര്‍ഥം. സാങ്കേതികാര്‍ഥത്തില്‍ റമദാനിന്റെ അവസാന പത്ത് ദിവസങ്ങളില്‍ ആരാധനകളും ഖുര്‍ആന്‍ പരായണവും പ്രാര്‍ഥനകളും നിര്‍വ്വഹിച്ച് പള്ളിയില്‍ കഴിഞ്ഞു കൂടുകയാണ് ഉദ്ദേശ്യം. നബിചര്യയില്‍ പെട്ടതാണിത്.


പ്രവാചകന്‍ ഇഅ്തികാഫിന് തെരഞ്ഞെടുത്തിരുന്നത് റമദാന്‍ വേളയായിരുന്നു. അതിനാല്‍ ഇസ്‌ലാമിക സമൂഹം ഇഅ്തികാഫിനെ റമദാനോട് ബന്ധപ്പെടുത്തിയാണ് നിര്‍വഹിക്കുന്നത്.
അവസാത്തെ പത്ത് ദിവസങ്ങളിലൊന്നിലായിരിക്കും ലൈലത്തുല്‍ ഖദ്ര്‍ (വിധി നിര്‍ണ്ണായക രാത്രി) കടന്നു വരുന്നത്. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട രാത്രിയായാണ് ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്. ആയിരം മാസങ്ങളെക്കാള്‍ ഏറ്റവും ശ്രേഷഠമായ രാവു കൂടിയാണിത്.
ചില പള്ളികളില്‍ ഖിയാമുലൈല്‍ നമസ്‌കാരം നടത്തുന്നു പാതിരാത്രി മുതല്‍ സുബ്ഹി (പ്രഭാത ) നമസ്‌ക്കാം വരെ നീണ്ടുനില്‍ക്കുന്നതാണിത്.
ജീവിതത്തില്‍ അറിഞ്ഞും അറിയാതെയും വന്നു പോയ പാപങ്ങള്‍ പൊറുത്തു കൊടുക്കുന്ന രാവുകളിലൊന്നിന്റെ പ്രതീക്ഷയിലാണ് വിശ്വാസികള്‍.



