
ന്യൂയോര്‍ക്ക്: ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഐവറി കോസ്റ്റിനെ പരാജയപ്പെടുത്തി നോര്‍വേ ഫിഫ ലോകകപ്പ് 2026ന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. എര്‍ലിങ് ഹാളണ്ടിന്റെ നിര്‍ണായക ഗോളിന്റെ മികവിലാണ് നോര്‍വേ നേട്ടം കൊയ്തത്.

86-ാം മിനിറ്റില്‍ ഹാളണ്ട് നേടിയ വിജയഗോളാണ് നോര്‍വേയ്ക്ക് അവസാന എട്ടിന് തൊട്ടുമുമ്പുള്ള റൗണ്ടിലേക്കുള്ള വഴി തുറന്നത്. പ്രീക്വാര്‍ട്ടറില്‍ ബ്രസീലാണ് നോര്‍വേയുടെ എതിരാളി.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇരുടീമുകളും ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. ആദ്യ മിനിറ്റുകളില്‍ ഐവറി കോസ്റ്റിനായിരുന്നു മുന്‍തൂക്കം. നോര്‍വേയുടെ ഗോള്‍മുഖത്ത് തുടര്‍ച്ചയായി സമ്മര്‍ദം സൃഷ്ടിച്ചെങ്കിലും ഗോള്‍ നേടാനായില്ല. മറുവശത്ത് എര്‍ലിങ് ഹാളണ്ടും അലക്സാണ്ടര്‍ സോര്‍ലോത്തും നയിച്ച നോര്‍വേയും അവസരങ്ങള്‍ സൃഷ്ടിച്ചു.
35-ാം മിനിറ്റില്‍ ഇമ്മാനുവല്‍ അഗ്ബദൗവിന്റെ ശ്രമം നോര്‍വേ ഗോള്‍കീപ്പര്‍ ഓര്‍ജന്‍ നൈലാന്‍ഡ് മികച്ച സേവിലൂടെ തടഞ്ഞു. തുടര്‍ന്ന് ഹാളണ്ടിന്റെ ആക്രമണവും ഐവറി കോസ്റ്റ് ഗോള്‍കീപ്പര്‍ യഹിയ ഫൊഫാനയുടെ രക്ഷാപ്രവര്‍ത്തനവും മത്സരത്തിന്റെ ആവേശം വര്‍ധിപ്പിച്ചു.
ഒടുവില്‍ 39-ാം മിനിറ്റില്‍ നോര്‍വേ ലീഡ് നേടി. ഇടതുവിങ്ങിലൂടെ മുന്നേറിയ അന്റോണയോ നൂസ ബോക്സിന് പുറത്തുനിന്ന് ഉഗ്രന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ ആദ്യപകുതി 1-0ന് നോര്‍വേയുടെ ലീഡില്‍ അവസാനിച്ചു.
രണ്ടാം പകുതിയില്‍ സമനില ലക്ഷ്യമിട്ട് ഐവറി കോസ്റ്റ് ആക്രമണം ശക്തമാക്കി. 55-ാം മിനിറ്റില്‍ നിക്കോളാസ് പെപ്പെയുടെ ശക്തമായ ഷോട്ട് നൈലാന്‍ഡ് തട്ടിയകറ്റി. തുടര്‍ന്ന് നടത്തിയ മാറ്റങ്ങള്‍ ഫലം കണ്ടു. പകരക്കാരനായി ഇറങ്ങിയ അമദ് ഡിയാലോ വലതുവിങ്ങിലൂടെ നടത്തിയ മനോഹരമായ വ്യക്തിഗത മുന്നേറ്റത്തിനൊടുവില്‍ പന്ത് വലയിലെത്തിച്ച് സ്കോര്‍ 1-1 ആക്കി.
സമനിലയലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തില്‍ അവസാന നിമിഷങ്ങളിലാണ് നോര്‍വേ വിജയഗോള്‍ നേടിയത്. 86-ാം മിനിറ്റില്‍ പാട്രിക് ബെര്‍ഗ് നല്കിയ പാസ് ഹാളണ്ട് കൃത്യമായി ഗോളാക്കി. പിന്നീട് തിരിച്ചടിക്കാന്‍ ഐവറി കോസ്റ്റിന് അവസരം ലഭിക്കാതിരുന്നതോടെ നോര്‍വേ വിജയമുറപ്പിച്ച് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കി.

