Connect with us

Featured

ഖത്തറിന് ജി സി സിയുടെ ഐക്യദാര്‍ഢ്യം

Published

on


ദോഹ: ദോഹയില്‍ നടന്ന ജി സി സി മന്ത്രിതല കൗണ്‍സില്‍ 49-ാമത് അസാധാരണ യോഗത്തില്‍ കുവൈത്ത് വിദേശകാര്യ മന്ത്രിയും ജി സി സി മന്ത്രിതല കൗണ്‍സില്‍ പ്രസിഡന്റുമായ അബ്ദുല്ല അലി അബ്ദുല്ല അല്‍ യഹ്യ അധ്യക്ഷത വഹിച്ചു. ജി സി സി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവിയും പങ്കെടുത്തു.

ഖത്തര്‍ ലക്ഷ്യമിട്ട് നടന്ന ഇറാനിയന്‍ മിസൈല്‍ ആക്രമണങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.

അസാധാരണ സമ്മേളനത്തിന് ശേഷം ഖത്തറിലെ സൈനിക താവളത്തിനെതിരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ മന്ത്രിതല കൗണ്‍സില്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു പസ്താവന പുറത്തിറക്കി.

ആക്രമണത്തില്‍ കൗണ്‍സില്‍ അഗാധമായ ഖേദം പ്രകടിപ്പിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്തു. ഖത്തറിന്റെ പരമാധികാരത്തിന്റെയും വ്യോമാതിര്‍ത്തിയുടെയും നല്ല അയല്‍പക്ക തത്വങ്ങളുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും നഗ്നവും അസ്വീകാര്യവും അപകടകരവുമായ ലംഘനമാണിതെന്ന് അവര്‍ നിരീക്ഷിച്ചു.

ഖത്തറിനോട് കൗണ്‍സില്‍ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ രാജ്യം സ്വീകരിക്കുന്ന ഏതൊരു നടപടിക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ഇറാനിയന്‍ ആക്രമണത്തെ ചെറുക്കുന്നതില്‍ ഖത്തര്‍ സായുധ സേനയുടെ കഴിവുകളെ മന്ത്രിതല കൗണ്‍സില്‍ പ്രശംസിക്കുകയും ഖത്തറിന്റെ സുരക്ഷയും സ്ഥിരതയും എല്ലാ ജി സി സി അംഗരാജ്യങ്ങളുടെയും സുരക്ഷയുടെയും സ്ഥിരതയുടെയും അവിഭാജ്യ ഘടകമാണെന്ന് ഊന്നിപ്പറയുകയും ചെയ്തു.

ഒരു അംഗരാജ്യത്തിനെതിരായ ഏതൊരു ഭീഷണിയും മുഴുവന്‍ കൗണ്‍സിലിനും നേരിട്ടുള്ള ഭീഷണിയാണെന്ന് ആവര്‍ത്തിച്ചു, ഖത്തറിന്റെ പരമാധികാരത്തിനുമേലുള്ള ഏതെങ്കിലും ലംഘനത്തെയോ അതിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള ഏതെങ്കിലും ഭീഷണിയെയോ പൂര്‍ണ്ണമായും നിരസിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിലും അന്താരാഷ്ട്ര നിയമത്തിലും വേരൂന്നിയ തത്വങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം കൗണ്‍സില്‍ ഊന്നിപ്പറഞ്ഞു, നല്ല അയല്‍പക്കം, ദേശീയ പരമാധികാരത്തോടുള്ള ബഹുമാനം, ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക, തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുക, ബലപ്രയോഗം നടത്തുന്നതില്‍ നിന്നോ ഭീഷണി ഉയര്‍ത്തുന്നതില്‍ നിന്നോ വിട്ടുനില്‍ക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

വെടിനിര്‍ത്തല്‍ സംബന്ധിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തെയും കൗണ്‍സില്‍ സ്വാഗതം ചെയ്തു, എല്ലാ സൈനിക നടപടികളും ഉടനടി നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് മധ്യസ്ഥത വഹിക്കുന്നതിലും വെടിനിര്‍ത്തല്‍ കൈവരിക്കുന്നതിലും ഖത്തറിന്റെ ശ്രമങ്ങളെ കൗണ്‍സില്‍ പ്രശംസിച്ചു.


error: Content is protected !!