ഒ ബി സി പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്: കേന്ദ്ര സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണമെന്ന് കെ എ ടി എഫ്

Web Desk
1 Min Read

കോഴിക്കോട്: രാജ്യത്തെ ഒന്നാം ക്ലാസുമുതല്‍ എട്ടു വരെയുള്ള പിന്നാക്ക വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന ഒ ബി സി പ്രീ- മെട്രിക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിച്ച നിലപാട് ക്രൂരവും നീതി നിഷേധവുമാണെന്ന് യോഗം വിലയിരുത്തി.

city exchange

ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന്റെ കേന്ദ്ര വിഹിതം 50 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി വെട്ടിക്കുറച്ചതും പ്രതിഷേധാര്‍ഹമാണ്. ന്യൂനപക്ഷ വിദ്യാര്‍ഥികളോട് കാണിക്കുന്ന നീതികേടിനെതിരില്‍ സമൂഹ മനസാക്ഷി ഉണരണമെന്നും ശക്തമായ ഇടപെടലുകള്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളത്തില്‍ മാത്രം 1.25 ലക്ഷം കുട്ടികളുടെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കും.

സ്‌കൂള്‍തലത്തില്‍ ഒമ്പത്, പത്ത് ക്ലാസില്‍ മാത്രം സ്‌കോളര്‍ഷിപ് മതിയെന്ന കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ തീരുമാനം ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നും സമര്‍ഥരായ വിദ്യാര്‍ഥികളെ ഇന്ത്യയ്ക്ക് സംഭാവന ചെയ്യാന്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിക്ക് കെ എ ടി എഫ് നിവേദനവും അയച്ചു.

- Advertisement -
Ad image

പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം എ ലത്തീഫ് പ്രമേയം അവതരിപ്പിച്ചു. മാഹിന്‍ ബാഖവി, എം പി അയ്യൂബ്, എം ടി സൈനുല്‍ ആബിദീന്‍, എം എ റഷീദ് മദനി, എസ് എ റസാഖ്, സി എച്ച് ഫാറൂഖ്, എം പി അബ്ദുസലാം, എം എ സാദിഖ്, മുഹമ്മദലി മിഷ്‌കാത്തി, മന്‍സൂര്‍ മാടമ്പാട്ട്, നൂറുല്‍ അമീന്‍, നൗഷാദ് കോപ്പിലാന്‍, പി കെ ഷാക്കിര്‍, പി പി നസീമ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!