
ദോഹ: ഖത്തറിലെ പ്രമുഖ സമുദ്ര മത്സ്യബന്ധന മേളയായ ഓള്‍ഡ് ദോഹ പോര്‍ട്ട് ഫിഷിംഗ് മത്സരം മൂന്നാം പതിപ്പ് മെയ് 13 മുതല്‍ 16 വരെ ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ നടക്കും. മത്സരത്തില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും.

ടീമുകള്‍ ഖത്തര്‍ ജലപരിധിയില്‍ നിന്ന് പുറപ്പെട്ട് ഏറ്റവും വലിയ കിംഗ്ഫിഷ് (‘കനാദ്’) പിടിക്കാനാണ് മത്സരം. മീനിന്റെ ഭാരം അടിസ്ഥാനമാക്കിയാണ് വിജയികളെ തീരുമാനിക്കുന്നത്.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന മത്സരം മെയ് 13ന് ബുധനാഴ്ച സൂര്യാസ്തമയത്തിന് മുമ്പ് ടീമുകള്‍ പുറപ്പെടുന്നതോടെ ആരംഭിച്ച് മെയ് 16 ശനിയാഴ്ച വൈകുന്നേരം വിധി നിര്‍ണയവും സമ്മാനദാനവും നടത്തി സമാപിക്കും.
കായികമേള മാത്രമല്ല, ഖത്തറിന്റെ സമ്പന്നമായ സമുദ്ര പാരമ്പര്യത്തിന്റെ ആഘോഷവുമാണ് ഈ മത്സരം. പരമ്പരാഗത ബോട്ട് ക്യാപ്റ്റന്‍മാരായ ‘നുഖാത്ത’മാരുടെ നേതൃത്വത്തില്‍ നിലനിന്നു വരുന്ന കടല്‍പാരമ്പര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷ്യം.
മത്സര രജിസ്‌ട്രേഷന്‍ മെയ് 10 വരെ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ ദോഹ മറൈന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ 0097455734539 എന്ന നമ്പറില്‍ ബന്ധപ്പെടണം.
ടീമുകള്‍ക്ക് ഖത്തറി പൗരനായ ഒരു ക്യാപ്റ്റന്‍ (‘നുഖാത്ത’) നേതൃത്വം നല്‍കണം. വിദേശികള്‍ക്ക് ടീമംഗങ്ങളായി പങ്കെടുക്കാം. രജിസ്‌ട്രേഷനായി പൂരിപ്പിച്ച അപേക്ഷാഫോം, എല്ലാ അംഗങ്ങളുടെയും തിരിച്ചറിയല്‍ രേഖകള്‍, ബോട്ടിന്റെ സാധുവായ രജിസ്‌ട്രേഷന്‍ എന്നിവ നിര്‍ബന്ധമാണ്.

