ലോകകപ്പ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും അമീര്‍ കപ്പ് ഫൈനലും; തുമാമ സ്റ്റേഡിയത്തിലെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

Web Desk
2 Min Read

ദോഹ: അല്‍ റയ്യാനും അല്‍ സദ്ദും തമ്മില്‍ അല്‍ തുമാമ ലോകകപ്പ് സ്റ്റേഡിയത്തില്‍ നടക്കുന്ന അമീര്‍ കപ്പ് ഫൈനലിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഒക്ടോബര്‍ 22ന് വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ഈ മത്സരത്തോടെയാണ് അല്‍ തുമാമ ലോകകപ്പ് സ്റ്റേഡിയം സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പുറംലോകത്തെ കാണിക്കുന്നത്.

city exchange

tickets.qfa.qa എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയാണ് 20, 50, 100 റിയാല്‍ ചാര്‍ജുള്ള ടിക്കറ്റുകളുടെ വില്‍പ്പന. ടിക്കറ്റ് ലഭിക്കുന്നവര്‍ അമീര്‍ കപ്പ് ഫാന്‍ ഐ ഡിക്ക് അപേക്ഷിക്കണം. ഫാന്‍ ഐ ഡിക്ക് അപേക്ഷിക്കുമ്പോള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം. ഒക്ടോബര്‍ 12 മുതല്‍ ഫാന്‍ ഐ ഡികള്‍ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിതരണം ആരംഭിക്കും. രാവിലെ ഏഴു മുതല്‍ രാത്രി 11 വരെയുള്ള സമയത്തിനകം ഫാന്‍ ഐ ഡികള്‍ സ്വീകരിക്കാവുന്നതാണ്. ഫാന്‍ ഐ ഡി സ്വീകരിക്കാന്‍ വരുന്നവര്‍ തങ്ങളുടെ ഖത്തര്‍ ഐ ഡി, പാസ്‌പോര്‍ട്ട് എന്നിവയിലേതെങ്കിലുമൊന്നും ഫാന്‍ ഐ ഡി അനുവദിച്ചതായി അറിയിച്ചുള്ള ഇ-മെയില്‍, എസ് എം എസ് എന്നിവയും കോവിഡ് വാക്‌സിനേഷന്‍ പൂര്‍ണമായി സ്വീകരിച്ചുവെന്ന് തെളിയിക്കുന്ന ഇഹ്തിറാസ് ആപ്പ് എന്നിവ ഹാജരാക്കേണ്ടതാണ്.


അമീര്‍ കപ്പ് ഫൈനല്‍ കാണാനെത്തുന്നവര്‍ തങ്ങളുടെ ഫാന്‍ ഐ ഡി നിര്‍ബന്ധമായും കാണിക്കേണ്ടതുണ്ട്. ഫാന്‍ ഐ ഡിയുള്ളവര്‍ക്ക് മത്സര ദിവസം ദോഹ മെട്രോയില്‍ സൗജന്യ യാത്ര അനുവദിക്കും.

- Advertisement -
Ad image


അമീര്‍ കപ്പ് ഫാന്‍ ഐ ഡി ഉപഭോക്തൃ സേവനങ്ങള്‍ക്ക് 00974 8008052 എന്ന നമ്പറിലോ [email protected], https://ac21.qa എന്നീ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്.
മത്സരം കാണാനെത്തുന്നവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ പൂര്‍ണ ഡോസ് എടുത്തവരോ കോവിഡ് രോഗബാധയ്ക്കു ശേഷം സുഖം പ്രാപിച്ചവരോ ആയിരിക്കണം. വാക്‌സിനേഷന്‍ പൂര്‍ണമായും എടുത്തവരാണെങ്കില്‍ അവരുടെ രണ്ടാം ഡോസ് ഒക്ടോബര്‍ ഏഴിന് മുമ്പ് പൂര്‍ത്തിയാക്കിയിരിക്കണം. കോവിഡ് ബാധിച്ചവരാണെങ്കില്‍ അവരുടെ അസുഖം 2020 ഒക്ടോബര്‍ 21ന് ശേഷം രോഗമുക്തി നേടിയവരുമായിരിക്കണം. 12 വയസ്സിനും താഴെയും പ്രായമുള്ള കുട്ടികളെ കളി കാണാന്‍ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുമെങ്കിലും കളി ആരംഭിക്കുന്നതിന് 48 മണിക്കൂറിനകം പരിശോധന നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വേഗത്തിലുള്ള കോവിഡ് പരിശോധനാ ഫലങ്ങളും പരിഗണിക്കും. നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധമായും സ്റ്റേഡിയം ഗേറ്റില്‍ കാണിച്ചിരിക്കണം. കളി കാണാനെത്തുന്നവര്‍ സ്റ്റേഡിയത്തില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.


കോവിഡിന്റെ പശ്ചാതലത്തില്‍ പ്രായമുള്ളവരും ഗുരുതരമായ അസുഖം ബാധിച്ചവരും മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളും കളി കാണാനെത്തരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.


അമീര്‍ കപ്പ് ഫൈനല്‍ മത്സരത്തിന് മുമ്പായി സ്റ്റേഡിയം ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. ഖത്തരി ആര്‍ക്കിടെക്റ്റ് ഇബ്രാഹിം എം ജൈദയാണ് സ്റ്റേഡിയം രൂപകല്‍പ്പന നിര്‍വഹിച്ചത്. ഖത്തറിലും ഗള്‍ഫ് മേഖലയിലും അറബ് വംശജരായ പുരുഷന്മാര്‍ അണിയുന്ന തൊപ്പി ഗാഹ്ഫിയയുടെ രൂപത്തിലാണ് അല്‍ തുമാമ സ്റ്റേഡിയം പണിതിട്ടുള്ളത്. നാല്‍പ്പതിനായിരം പേരെ ഉള്‍ക്കൊള്‍നാവുന്ന അല്‍ തുമാമ സ്റ്റേഡിയത്തില്‍ ലോകകപ്പ് 2022ന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള എട്ട് മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!