പൊതുപാര്‍ക്കുകളും ഹരിത ഇടങ്ങളും വര്‍ധിച്ച് ഖത്തര്‍

Web Desk
3 Min Read

ദോഹ: ഖത്തറിലെ പൊതുപാര്‍ക്കുകളുടെ എണ്ണത്തില്‍ 12 വര്‍ഷത്തിനകം 164 ശതമാനം വര്‍ധന. 2010ല്‍ 56 പൊതുപാര്‍ക്കുകള്‍ ഉണ്ടായിരുന്നത് 2022ല്‍ 148 ആയാണ് വര്‍ധിച്ചത്.

city exchange

ഹരിത ഇടങ്ങളുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഹരിത ഇടങ്ങള്‍ 2010ല്‍ ഏകദേശം 2.5 ദശലക്ഷം ചതുരശ്ര മീറ്ററാണുണ്ടായിരുന്നത്. 2022ല്‍ ഹരിത ഇടങ്ങള്‍ 43 ദശലക്ഷം ചതുരശ്ര മീറ്ററായാണ് വര്‍ധിച്ചത്. ഹരിത പ്രദേശത്തിന്റെ പ്രതിശീര്‍ഷ വിഹിതം 2010ല്‍ ഒരു ചതുരശ്ര മീറ്ററില്‍ താഴെയായിരുന്നത് 16 മടങ്ങ് വര്‍ധിച്ച് 16 ചതുരശ്ര മീറ്ററായി ഉയര്‍ന്നു. 2019-ല്‍ ആരംഭിച്ച പ്ലാന്റ് മില്യണ്‍ ട്രീ പദ്ധതിയുടെ ഭാഗമായി ദശലക്ഷക്കണക്കിന് മരങ്ങളാണ് അടുത്തിടെ നട്ടുപിടിപ്പിച്ചത്.

ഉം അല്‍ സെനീം, റൗദത്ത് അല്‍ ഖൈല്‍, പാണ്ട ഹൗസ് പാര്‍ക്ക് തുടങ്ങി നിരവധി പൊതുപാര്‍ക്കുകളാണ് 2022ല്‍ തുറന്നതെന്ന് പബ്ലിക് പാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ ഖൂരി അടുത്തിടെ പറഞ്ഞിരുന്നു. ഫിഫ ലോകകപ്പ് ഖത്തര്‍ 2022നെത്തുന്നവരെ സ്വീകരിക്കാന്‍ ഈ വര്‍ഷം നിരവധി പാര്‍ക്കുകള്‍ നവീകരിക്കുകയും സേവനങ്ങള്‍ വിപുലീകരിക്കുകയും ചെയ്തിരുന്നു. 2022 നവംബര്‍ ഒന്നിന് ലോകത്തിലെ ഏറ്റവും വലിയ എയര്‍കണ്ടീഷന്‍ ചെയ്ത ജോഗിംഗ് ട്രാക്കുകളുള്ള ഉമ്മുല്‍ സെനീം പാര്‍ക്ക് അല്‍ റയാന്‍ മുനിസിപ്പാലിറ്റിയിലെ ഉമ്മുല്‍ സെനീമില്‍ ഗിന്നസ് ലോകറെക്കോര്‍്ഡ് സ്ഥാപിക്കുകയും ചെയ്തു. 1,143 മീറ്റര്‍ നീളമുള്ള എയര്‍കണ്ടീഷന്‍ ചെയ്ത ജോഗിംഗ് ട്രാക്കുകള്‍ക്ക് 2022 ഒക്ടോബര്‍ 17നാണ് ‘ഏറ്റവും ദൈര്‍ഘ്യമേറിയ എയര്‍ കണ്ടീഷന്‍ഡ് ഔട്ട്ഡോര്‍ പാത’ എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് പദവി ലഭിച്ചത്. ഏകദേശം 26 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഉറപ്പാക്കുന്ന ജോഗിംഗ് ട്രാക്കുകളില്‍ ഉറപ്പാക്കുന്നത്.

- Advertisement -
Ad image

ഖത്തറിലെ ഹരിത ഇടങ്ങള്‍ വര്‍ധിപ്പിച്ച് ജീവിതനിലവാരം ഉയര്‍ത്താനുള്ള മന്ത്രാലയത്തിന്റെ സംരംഭത്തിന്റെ ഭാഗമാണ് 1,30,000 ചതുരശ്ര മീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഉമ്മുല്‍ സെനീം പാര്‍ക്കെന്ന് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ പറഞ്ഞു. പാര്‍ക്കുകള്‍, ലാന്‍ഡ്സ്‌കേപ്പിംഗ്, ഗ്രീന്‍ ഏരിയകള്‍ എന്നിവ നിര്‍മ്മിച്ച് 2010നെ അപേക്ഷിച്ച് രാജ്യത്തെ ഹരിത ഇടങ്ങള്‍ 10 മടങ്ങ് വര്‍ധിപ്പിച്ചതായും മന്ത്രി പറഞ്ഞു. 130,105 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പാര്‍ക്കില്‍ പ്രതിദിനം ആറായിരം സന്ദര്‍ശകരെ ഉള്‍ക്കൊള്ളാന്‍ കഴിയും.

2022 ഏപ്രില്‍ 10നാണ് മുന്‍തസയില്‍ റൗദത്ത് അല്‍ ഖൈല്‍ പാര്‍ക്ക് തുറന്നത്. 140,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പാര്‍ക്ക്, നടപ്പാതകള്‍, ജോഗിംഗ് ട്രാക്ക്, സൈക്കിള്‍ ട്രാക്ക്, കുട്ടികളുടെ കളിസ്ഥലങ്ങള്‍, ഫിറ്റ്‌നസ്, ബാര്‍ബിക്യൂ, ഗ്രീന്‍ ഏരിയകള്‍, മരങ്ങള്‍, സന്ദര്‍ശകര്‍ക്കുള്ള മറ്റ് സേവനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന രാജ്യത്തെ ഏറ്റവും വലിയ പാര്‍ക്കുകളില്‍ ഒന്നാണ്. മുനിസിപ്പാലിറ്റികളിലുടനീളമുള്ള പബ്ലിക് പാര്‍ക്കുകളും പിക്‌നിക്കിംഗ് സ്ഥലങ്ങളും ആരോഗ്യകരവും വിനോദവും വിനോദസഞ്ചാരവും പ്രദാനം ചെയ്യുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് റൗദത്ത് അല്‍ ഖൈല്‍ പാര്‍ക്കെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ മുനിസിപ്പല്‍കാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മന്‍സൂര്‍ അബ്ദുല്ല അല്‍ മഹ്മൂദ് പറഞ്ഞു.

ഖത്തറിലെ ഏറ്റവും പഴക്കം ചെന്ന പാര്‍ക്കുകളില്‍ ഒന്നാണിതെന്നും പതിറ്റാണ്ടുകളായി ഇതുമായി പ്രത്യേക ബന്ധമുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഇത് വളരെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 1,183 മീറ്റര്‍ നീളമുള്ള നടപ്പാതകള്‍, 1119 മീറ്റര്‍ ജോഗിംഗ് ട്രാക്ക്, 1118 മീറ്റര്‍ സൈക്ലിംഗ് പാത, 98,000 ചതുരശ്ര മീറ്റര്‍ ഗ്രീന്‍ ഏരിയകള്‍, 1,600 മരങ്ങള്‍, 40 ബൈക്ക് റാക്കുകള്‍, ഫിറ്റ്‌നസ് ഉപകരണങ്ങളുള്ള ഫിറ്റ്‌നസ് ഏരിയകള്‍ എന്നിവ റാവ്ദത്ത് അല്‍ ഖൈല്‍ പാര്‍ക്കിലുണ്ട്.

ലോകകപ്പിന് മുന്നോടിയായി ചൈനയില്‍ നിന്ന് എത്തിയ ‘തുറയ’, ‘സുഹൈല്‍’ എന്നീ രണ്ട് ഭീമന്‍ പാണ്ടകളെ ഉള്‍ക്കൊള്ളുന്ന പാണ്ട ഹൗസ് പാര്‍ക്ക് 2022 നവംബര്‍ 17നാണ് അല്‍ ഖോറില്‍ തുറന്നത്. ദോഹയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള അല്‍ ഖോറിലെ അല്‍ ഖോര്‍ ഫാമിലി പാര്‍ക്കിന് സമീപമുള്ള 120,000 ചതുരശ്ര മീറ്റര്‍ അത്യാധുനിക സൗകര്യമാണ് പാണ്ട ഹൗസ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!