

ലാഹോര്‍: ഇമ്രാന്‍ ഖാനെതിരായ പാക് സുപ്രിം കോടതി വിധി പ്രതിപക്ഷത്തിന് ആഘോഷം. ദേശീയ അസംബ്ലി ചേരാനും ഇമ്രാനെതിരായ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്താനും ഉത്തരവിട്ട കോടതിയുടെ നടപടിയെ പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും സ്വാഗതം ചെയ്തു.

ഭരണഘടനയുടെ പ്രധാന്യം തെളിയിച്ച ദിവസമാണെന്നും ഏറ്റവും മോശവും പരാജയപ്പെട്ടതുമായ സര്‍ക്കാരിനെതിരായ വിധി എന്നുമാണ് പ്രതിപക്ഷം സുപ്രിം കോടതി വിധിയെ കുറിച്ച് പ്രതികരിച്ചത്. കോടതി വിധി എന്താണെങ്കിലും സ്വീകരിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.

ഇമ്രാന്‍ ഖാനെതിരായി പ്രതിപക്ഷം സമര്‍പ്പിച്ച അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിക്കുകയും നാഷണല്‍ അസംബ്ലിയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്ത ഡപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സുപ്രിം കോടതി വിധിച്ചത്.
പ്രമേയം തള്ളിയ ഡപ്യൂട്ടി സ്പീക്കറുടെ നടപടിയും അതിന് തൊട്ടുപിന്നാലെ ഇമ്രാന്റെ നിര്‍ദേശമനുസരിച്ച് അസംബ്ലി അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ട പ്രസിഡന്റ് ഡോ. ആരിഫ് അല്‍വിയുടെ നടപടിയും കോടതി ഇതിനൊപ്പം റദ്ദാക്കി.
ദേശീയ അസംബ്ലി പുന:സ്ഥാപിച്ച കോടതി ഇമ്രാനെതിരായ അവിശ്വാസ പ്രമേയത്തിന്മേല്‍ ശനിയാഴ്ച വോട്ടെടുപ്പ് നടത്താനും ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസ് ഉമര്‍ അക്താല്‍ ബാന്‍ഡിയലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
കോടതി വിധിയെ തുടര്‍ന്ന് പാകിസ്ഥാനില്‍ കടുത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവിശ്വാസ പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ച ഡപ്യൂട്ടി സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തു പ്രതിപക്ഷം നല്‍കിയ കേസ് കഴിഞ്ഞ നാല് ദിവസമായി കോടതി പരിഗണിച്ച് വരികയായിരുന്നു.
സുപ്രിം കോടതി വിധി വന്നതോടെ ദേശീയ അസംബ്ലി പുന:സ്ഥാപിക്കുകയും ശനിയാഴ്ച അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടത്തുകയും ചെയ്യും.

