
ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം പി കെ ദാസ് ഹോസ്പിറ്റല്‍ സംഘടിപ്പിച്ച പി കെ ദാസ് മെഡിക്കോ ക്രിക്കറ്റ് ലീഗില്‍ കൊച്ചി വി പി എസ് ലേക്ഷോര് ചാമ്പ്യന്മാരായി. ഫൈനലില്‍ മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ഹോസ്പിറ്റല്‍ ടീമിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് വി പി എസ് ലേക്ഷോര് മിന്നും ജയം നേടിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ മദര്‍ കെയര്‍ ടീം അഞ്ച് ഓവറില്‍ 52 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ലേക്ഷോര് ടീം 3.4 ഓവറില്‍ 58 റണ്‍സ് നേടി കിരീടത്തില്‍ മുത്തമിടുകയായിരുന്നു.

ഫൈനല്‍ മത്സരത്തില്‍ വി പി എസ് ലേക്ഷോറിലെ അമീറും പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫയുമായി നടന്ന ആദ്യ മത്സരത്തില്‍ ടി അനില്‍കുമാറും മാന്‍ ഓഫ് ദ മാച്ചായി. വി പി എസ് ലേക്ഷോറിലെ തന്നെ മാനവാണ് മികച്ച ബൗളര്‍. ആസ്റ്റര്‍ മിംസ് കോട്ടക്കല്‍, ആസ്റ്റര്‍ മിംസ് കോഴിക്കോട്, പി കെ ദാസ് ഹോസ്പിറ്റല്‍, കാരുണ്യ മെഡിക്കല്‍ കോളജ്, അല്‍ഷിഫ ഹോസ്പിറ്റല്‍, പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് തുടങ്ങി സംസ്ഥാനത്തെ വിവിധ കോണുകളില്‍ നിന്നുള്ള പ്രമുഖ ആശുപത്രികളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. പി മമ്മിക്കുട്ടി എം എല്‍ എ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
