
ദോഹ: ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ചട്ടക്കൂട് കണ്‍വെന്‍ഷന്റെ 31-ാമത് കക്ഷികളുടെ സമ്മേളനമായ കോപ് 31ന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തതിനെ ശൂറാ കൗണ്‍സില്‍ പ്രശംസിച്ചു. തുര്‍ക്കിയയിലെ അന്റാലിയയില്‍ നടന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്, ഭരണത്തലവന്മാര്, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, പ്രാദേശിക- അന്തര്‍ദേശീയ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസന് ബിന്‍ അബ്ദുല്ല അല്‍ ഗാനിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പതിവ് സമ്മേളനത്തിലാണ് അമീറിന്റെ പങ്കാളിത്തത്തെ കൗണ്‍സില്‍ അഭിനന്ദിച്ചത്.

കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് ഫലപ്രദമായ പിന്തുണ നല്‍കാനും ആഗോളതലത്തിലുള്ള സഹകരണം ശക്തിപ്പെടുത്താനുമുള്ള ഖത്തറിന്റെ പ്രതിബദ്ധതയാണ് അമീറിന്റെ സമ്മേളനപങ്കാളിത്തം വ്യക്തമാക്കുന്നതെന്ന് കൗണ്‍സില്‍ വിലയിരുത്തി.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാനും സംയുക്തമായി അധ്യക്ഷത വഹിച്ച 12-ാമത് ഖത്തര്‍- തുര്‍ക്കിയ ഉന്നതതല തന്ത്രപ്രധാന സമിതി യോഗത്തിന്റെ തീരുമാനങ്ങളെയും ശൂറാ കൗണ്‍സില്‍ പ്രശംസിച്ചു. പരസ്പര പ്രതിരോധ കരാറില്‍ ഒപ്പുവെക്കുകയും വിവിധ മേഖലകളിലെ നിരവധി കരാറുകളും ധാരണാപത്രങ്ങളും കൈമാറുകയും ചെയ്തതോടെയാണ് യോഗം സമാപിച്ചത്.
ഖത്തറും തുര്‍ക്കിയും തമ്മിലുള്ള ശക്തമായ സാഹോദര്യബന്ധത്തിന്റെയും ഉറച്ച തന്ത്രപ്രധാന പങ്കാളിത്തത്തിന്റെയും തെളിവാണ് യോഗത്തിലെ തീരുമാനങ്ങളെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പൊതുതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനും തീരുമാനങ്ങള്‍ സഹായകമാകുമെന്നും മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തേകുമെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ നായിഫ് ബിന്‍ മുഹമ്മദ് അല്‍ മഹ്മൂദ് സമ്മേളനത്തിലെ അജണ്ട അവതരിപ്പിച്ചു. മുന്‍ സമ്മേളനത്തിന്റെ നടപടിക്രമങ്ങളും കൗണ്‍സില്‍ അംഗീകരിച്ചു.
വിലപിടിപ്പുള്ള ലോഹങ്ങളുടെയും രത്നക്കല്ലുകളുടെയും വ്യാപാരവും അനുബന്ധ കാര്യങ്ങളും സംബന്ധിച്ച കരട് നിയമവും യോഗം പരിഗണിച്ചു. സര്‍ക്കാര്‍ സമര്‍പ്പിച്ച കരട് നിയമം കൂടുതല്‍ പരിശോധനയ്ക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി സാമ്പത്തിക- ധനകാര്യ സമിതിക്ക് കൈമാറാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
കായിക ക്ലബ്ബുകളുടെയും അവയുടെ പ്രവര്‍ത്തനങ്ങളുടെയും സാമൂഹിക- സാംസ്കാരികവും മൂല്യാധിഷ്ഠിതവുമായ പങ്ക് ശക്തിപ്പെടുത്തണമെന്ന കൗണ്‍സിലിന്റെ നിര്‍ദേശത്തോടുള്ള സര്‍ക്കാര്‍ പ്രതികരണവും യോഗം ചര്‍ച്ച ചെയ്തു. വിഷയം കൂടുതല്‍ പഠിക്കുന്നതിനും കണ്ടെത്തലുകള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി വിദ്യാഭ്യാസം, സംസ്കാരം, കായികം, മാധ്യമം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സമിതിക്ക് കൈമാറി.
ഏഷ്യന്‍ പാര്‍ലമെന്ററി അസംബ്ലിയുടെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഏകോപന യോഗത്തില്‍ ശൂറാ കൗണ്‍സില്‍ അംഗം അഹമ്മദ് ബിന്‍ ഹിത്മി അല്‍ ഹിത്മി പങ്കെടുത്തതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്തു.
‘ഇരകളില്‍നിന്ന് ശബ്ദങ്ങളിലേക്ക്: നീതി, പ്രതിരോധശേഷി, പാര്‍ലമെന്ററി ഇടപെടല്‍ എന്നിവയിലൂടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകല്‍’ എന്ന വിഷയത്തില്‍ ഇന്റര്‍- പാര്‍ലമെന്ററി യൂണിയന് സംഘടിപ്പിച്ച പാര്‍ലമെന്ററി സെമിനാറില്‍ ശൂറാ കൗണ്‍സില്‍ അംഗം ഡോ. മോന ബിന്ത് അബ്ദുറഹ്മാന് അല്‍ മുസല്ലമാനി പങ്കെടുത്തതിന്റെ റിപ്പോര്‍ട്ടും കൗണ്‍സില്‍ വിലയിരുത്തി.

