

ദോഹ: പേള്‍ ഐലന്റില്‍ റമദാന്‍ ഷോപ്പിംഗ്, സാംസ്‌കാരിക ശില്‍പശാലകള്‍, വൈവിധ്യമാര്‍ന്ന പാചകരീതികള്‍, വിനോദങ്ങള്‍ എന്നിവ ചേര്‍ത്ത് ദി പേള്‍ റമദാന്‍ ബസാര്‍ വിപണന കേന്ദ്രമൊരുക്കി.

ഏപ്രില്‍ 13 വരെ പ്രവര്‍ത്തിക്കുന്ന ഈ ബസാര്‍ സന്ദര്‍ശകര്‍ക്ക് ഫുഡ് സ്റ്റാളുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, വിനോദങ്ങള്‍ എന്നിവയുടെ ഒരു സവിശേഷ ഷോപ്പിംഗ് യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്.

പോര്‍ട്ടോ അറേബ്യയിലെ 2-5 ലാ ക്രോയിസെറ്റില്‍ സ്ഥിതി ചെയ്യുന്ന ബസാര്‍ ശനിയാഴ്ച മുതല്‍ ബുധന്‍ വരെ ദിവസവും രാത്രി എട്ടര മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ രണ്ടു മണി വരെയുണ്ടാകും.
റമദാനിലും ഈദുല്‍ ഫിത്തറിലും ഉപഭോക്താക്കള്‍ക്ക് വിവിധ രീതികളിലുള്ള അബായകളുടെ ശേഖരം കണ്ടെത്താനാകും. വ്യത്യസ്ത അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന ഇവിടെ 200 മുതല്‍ 450 റിയാല്‍ വരെയുള്ളവ ലഭിക്കും.
അബായകള്‍ക്കൊപ്പം എല്ലാ പ്രായക്കാര്‍ക്കുമുള്ള പരമ്പരാഗത വസ്ത്രങ്ങള്‍, കൈകൊണ്ട് നിര്‍മ്മിച്ച വിശിഷ്ട വസ്ത്രങ്ങള്‍, ബാഗുകള്‍, ഹെന്ന കലാരൂപങ്ങള്‍ എന്നിവ ബസാറില്‍ ലഭ്യമാണ്.
ബുഖൂറിന്റെ പ്രത്യേക ശേഖരങ്ങളും വിവിധ തരം ഊദ് എണ്ണയും പെര്‍ഫ്യൂമുകളും ഉള്‍പ്പെടെ വിവിധ പ്രാദേശികവും അന്തര്‍ദേശീയവുമായ സുഗന്ധങ്ങള്‍ ലഭിക്കുമെന്നത് പെര്‍ഫ്യൂം ആരാധകരെ സന്തോഷിപ്പിക്കും.
കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഡ്രോയിംഗ്, പെയിന്റിംഗ്, വര്‍ക്ക്ഷോപ്പുകള്‍, പ്ലേ ആന്‍ഡ് വിന്‍ കിയോസ്‌ക്കുകള്‍, ദൈനംദിന കാര്‍ട്ടൂണ്‍ ക്യാരക്ടര്‍ പരേഡുകള്‍, ലൈവ് മ്യൂസിക് പെര്‍ഫോമന്‍സ് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ആകര്‍ഷകമായ അനുഭവം ബസാര്‍ വാഗ്ദാനം ചെയ്യുന്നു.
റമദാന്‍ മധുരപലഹാരങ്ങളുടെ രുചികരമായ തെരഞ്ഞെടുപ്പിനൊപ്പം അറബി, ഇറ്റാലിയന്‍, ഏഷ്യന്‍, ടര്‍ക്കിഷ് വിഭവങ്ങള്‍ വിളമ്പുന്ന ഫുഡ് കിയോസ്‌കുകളും ബസാറിലെ പാചക അഭിരുചികള്‍ നിറവേറ്റാന്‍ പര്യാപ്തമാണ്. കൂടുതല്‍ ശാന്തമായ അന്തരീക്ഷം ആഗ്രഹിക്കുന്നവര്‍ക്ക്, പോര്‍ട്ടോ അറേബ്യയിലെ അന്താരാഷ്ട്ര കഫേകളും റെസ്റ്റോറന്റുകളും റമദാന്‍ അന്തരീക്ഷത്തില്‍ വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമുള്ള അവസരവും ഒരുക്കുന്നു.

