ഫോണ്‍ ചോര്‍ത്തല്‍: എന്‍ റാമും ശശികുമാറും സുപ്രിം കോടതിയില്‍

Web Desk
1 Min Read

ന്യൂഡല്‍ഹി: ഇസ്രയേലില്‍ നിര്‍മ്മിച്ച ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് നടത്തിയ ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എന്‍ റാമും ശശികുമാറും സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
രണ്ട് കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, 40 മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തല്‍ സുപ്രിം കോടതി സിറ്റിങ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ അന്വേഷിക്കണമെന്നാണ് അവരുടെ ആവശ്യം. പെഗാസസ് ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. കോടതി ജുഡീഷ്യല്‍ അന്വേഷണത്തിന് അനുമതി നല്‍കിയാല്‍ അത് നിര്‍ണായക വഴിത്തിരിവാകും. ഈ വിഷയത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ ആഗോള തലത്തില്‍ നടന്ന അന്വേഷണത്തില്‍ ഇന്ത്യയില്‍ 142 വ്യക്തികളുടെയെങ്കിലും ഫോണ്‍ ചോര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി പെഗാസസ് വിഷയം പാര്‍ലമെന്റിലും ഉന്നയിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ പേരും ഫോണ്‍ ചോര്‍ത്താന്‍ ശ്രമിച്ചിരുന്നുവരുടെ പട്ടികയിലുണ്ട്. ഇതേ തുടര്‍ന്നാണ് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പട്ടികയില്‍ ഉണ്ട്.
പലരുടെയും മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ സുരക്ഷാ വീഴ്ച്ചകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നുവെന്ന് ഹര്‍ജിക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഇതേ സംഭവത്തില്‍ നേരത്തെ സി പി എം എംപി ജോണ്‍ ബ്രിട്ടാസും അഡ്വ. എം എല്‍ ശര്‍മയും ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!